പരിശുദ്ധ അമ്മയുടെ വിവാഹവാഗ്ദാനത്തിന്റെ തിരുനാള്‍ ആചരിച്ചുതുടങ്ങിയത് 1517 മുതല്ക്കാണ്. ലിയോ പത്താമനാണ് അങ്ങനെയൊരു തുടക്കം കുറിച്ചത്. അതനുസരിച്ച് ഒക്ടോബര്‍ 22 മുതല്‍ ഈ തിരുനാള്‍ ആചരിച്ചുതുടങ്ങി പക്ഷേ ആഗോളസഭയില്‍ മുഴുവനായും ഈ തിരുനാള്‍ ആചരിച്ചിട്ടില്ല. ലാറ്റിന്‍ സഭയില്‍ ജനുവരി 23 നാണ് ഈ ദിനം ആചരിക്കുന്നത്. സ്പാനീഷ് സംസാരിക്കുന്ന രാജ്യങ്ങളിലാകട്ടെ നവംബര്‍ 26 നും.
മാതാവിന്റെ വിവാഹവാഗ്ദാനവുമായി ബന്ധപ്പെട്ട് നിരവധി പാരമ്പര്യങ്ങള്‍ നിലവിലുണ്ട്.മാതാവിനെ സ്വന്തമാക്കാനായി അക്കാലത്തെ നിരവധി ചെറുപ്പക്കാര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനുള്ള സൗഭാഗ്യമുണ്ടായത് ദൈവഭയമുള്ള, ആശാരിപ്പണിക്കാരനായ ജോസഫിനായിരുന്നു. നിരവധി യഹൂദ ചെറുപ്പക്കാര്‍ നിരന്നുനില്ക്കുന്ന വേദിയില്‍ വച്ചായിരുന്നു ജോസഫ് മറിയത്തിന്റെ കരം പിടിച്ചത്. മേരിയെ സ്വന്തമാക്കാനുള്ള ആള്‍ക്ക് ദൈവത്തില്‍ നിന്ന് ഒരു അടയാളംകിട്ടും എന്നൊരു വിശ്വാസവും അവിടെയുണ്ടായിരുന്നു. അതുകൊണ്ട് അവിടെ കൂടിയിരുന്ന ചെറുപ്പക്കാരോടെല്ലാം യഹൂദപുരോഹിതന്‍ പറഞ്ഞത് എല്ലാവരും ദൈവത്തില്‍ നിന്നുളള അടയാളത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നായിരുന്നു.
അതിനുശേഷം അവരുടെ കൈയിലിരിക്കുന്ന വടി ഉയര്‍ത്തിക്കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജോസഫിന്റെ വടിയില്‍ മാത്രം ഒരു വെളുത്ത ലില്ലിപ്പൂ വിരിഞ്ഞുനിന്നിരുന്നു. അങ്ങനെയാണ് ജോസഫ് മറിയത്തിന്റെ ഭര്‍ത്താവായി തിരഞ്ഞെടുക്കപ്പെട്ടത്. അതോടൊപ്പം തന്നെ ജോസഫിനോട് ദൈവാത്മാവ് സംസാരിക്കുകയും മറിയത്തെ ഭാര്യയായി സ്വീകരിക്കാനും ബഹുമാനിക്കാനും ആവശ്യപ്പെടുകയും ചെയ്തു. മറിയത്തെ സംബന്ധിച്ചിടത്തോളവും ജോസഫിനെ ഭര്‍ത്താവായി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടായിരുന്നു. കാരണം സ്വര്‍ഗീയ രഹസ്യങ്ങള്‍ അവള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ടായിരുന്നു. വിവാഹശേഷവും ഒരു കന്യകയായി തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മറിയം ജോസഫിനെ അറിയിച്ചു.പക്ഷേ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജോസഫ് കേള്‍ക്കുന്നത് മറിയം ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ പോകുന്നുവെന്നാണ്. ഈ സമയം ജോസഫ് ഒരുപ്രതിസന്ധി നേരിടുന്നുണ്ട്.
അതുകൊണ്ട് രഹസ്യമായി അവളെ ഉപേക്ഷിക്കാന്‍ ജോസഫ് തീരുമാനിക്കുന്നു. പക്ഷേ ഒരു മാലാഖ കടന്നുവന്നു ജോസഫിന്റെ സംശയങ്ങള്‍ ദൂരീകരിക്കുന്നു. അതോടെ മേരിയെ സ്വീകരിക്കുന്ന കാര്യത്തിലുള്ള ജോസഫിന്റെ സംശയങ്ങള്‍ ഇല്ലാതാകുകയും മേരിയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്യുന്നു.