1613 ല്‍ മനിലയിലെ സ്പാനീഷ് ഗവര്‍ണര്‍ കടല്‍ക്കൊള്ളക്കാരുമായുള്ള യുദ്ധത്തില്‍ പ്രതിരോധിക്കുന്നതിനായി തന്റെ അയല്‍രാജ്യത്തിലേക്ക് രണ്ടു ചെറിയ സൈന്യവ്യൂഹങ്ങളെ അയച്ചു.ഔര്‍ ലേഡി ഓഫ് ഗ്വാഡെലൂപ്പെയെന്നും ഔര് ലേഡി ഓഫ് ഗൈഡന്‍സ് എന്നുമായിരുന്നു അവയുടെ പേര്. ഫ്രാന്‍സിസ് ലോപ്പസ് എന്ന വ്യക്തിയായിരുന്നു ഗ്വാഡെലൂപ്പെയിലെ പ്രധാന വെടിക്കാരന്‍. സൂത്രശാലിയാണെങ്കിലും അയാളുടെ ഉള്ളില്‍ കരുണയുണ്ടായിരുന്നു ജപമാലരാജ്ഞിയോടുള്ള സ്‌നേഹമായിരുന്നു അതിനു കാരണം.
മാതാവിനോട് പ്രാര്‍ത്ഥിക്കുന്നതില്‍ അയാളൊരിക്കലും അമാന്തം കാണിച്ചിരുന്നില്ല. കടല്‍യാത്രയില്‍ ്ഗ്വാഡെലൂപ്പെ പാറക്കെട്ടില്‍ തട്ടി തകര്‍ന്നു. ഫ്രാന്‍സിസ് എങ്ങനെയോ സുരക്ഷിതനായി തീരത്തെത്തി. പക്ഷേ വലിയൊരു മുറിവ് – മരണകാരണമായ- മുറിവ് അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ടായിരുന്നു. രണ്ടാഴ്ചയോളം കടന്നുപോയി..താന്‍ മരിക്കുമെന്ന് തന്നെ അയാള്‍ക്ക് ഉറപ്പായി. ഈ അവസരത്തില്‍ ഔര്‍ ലേഡി ഓഫ് സക്കറിനോട് അയാള്‍ ഹൃദയമുരുകി പ്രാര്‍ത്ഥിച്ചു, ആരോഗ്യം വീണ്ടെടുത്തുതരണമേയെന്നല്ല നല്ല കുമ്പസാരം നടത്തി മരിക്കുന്നതിനായി ഒരു വൈദികനെ ഇവിടേയ്ക്ക് അയച്ചുതരണമേയെന്ന്.
രണ്ടാഴ്ചയ്ക്കു ശേഷം ഒരു ഫ്രാന്‍സിസ്‌ക്കന്‍ വൈദികന്‍ അവിടെയെത്തുകയും ലോപ്പസ് കുമ്പസാരിച്ച്തിന് ശേഷം മരണമടയുകയും ചെയ്തു. മനിലയില്‍ തിരികെയെത്തിയ സംഘം ജപമാലരാജ്ഞിയുടെ തിരുനാള്‍ ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. മാതാവിന്റെ രൂപം അലങ്കരിക്കാനായി നോക്കിയപ്പോഴാണ് കപ്യാര്‍ ആ വിചിത്രമായ കാര്യം കണ്ടത്. മാതാവിന്റെ കെയിലുള്ള ഉണ്ണീശോയുടെ ചെരിപ്പുകള്‍ നനഞ്ഞും പൊടിമണല്‍ പറ്റിപിടിച്ചും ഇരിക്കുന്നു. മാതാവിന്റെ ഉടുപ്പില്‍ മണല്‍ത്തരികളുമുണ്ടായിരുന്നു.
ബീച്ചിലൂടെ ഇരുവരും തങ്ങള്‍ക്കൊപ്പം നടക്കുകയായിരുന്നുവെന്ന് അവര്‍ക്ക് മനസ്സിലായി. ഈ അത്ഭുതത്തിന്റെ ഓര്‍മ്മയ്ക്കായി ഫാ. മൈക്കല്‍ റൂയിസ് ഉണ്ണീശോയുടെചെരിപ്പും മാതാവിന്റെ മേലങ്കിയും ഭദ്രമായി തന്റെ മുറിയില്‍ സൂക്ഷിച്ചു.ലോപ്പസ് മരിച്ച കടല്‍ത്തീരത്തെ മണലായിരുന്നു മാതാവിന്റെ മേലങ്കിയിലുണ്ടായിരുന്നത്. സഹായത്തിനായി നിലവിളിച്ചപേക്ഷിക്കുന്നവരെ സഹായിക്കാന്‍ പരിശുദ്ധ അമ്മ ഓടിയെത്തുമെന്ന വിശ്വാസം ദൃഢമാകാന്‍ ഈ സംഭവം സഹായിച്ചു.