ലൂര്‍ദ്ദിലെ ഒരു ഗ്രാമത്തില്‍ ജീവിച്ചിരുന്ന സാധാരണക്കാരിയായ പെണ്‍കുട്ടിയായിരുന്നു ബെര്‍ണഡെറ്റ നിരക്ഷരയായ, ദരിദ്രയായ ഒരു പതിനാലുകാരി. 1858 ലെ ഫെബ്രുവരി 11 ാം തീയതി അവളും രണ്ടു പെണ്‍കുട്ടികളും കൂടി വിറകുശേഖരിക്കാനായി കാട്ടിലേക്ക് പോയി. നദി മുറിച്ചുകടന്ന് രണ്ടു കൂട്ടുകാരും അപ്പുറത്തേക്ക് കടന്നപ്പോള്‍ തന്റെ ചെരിപ്പ് അഴിച്ചുമാറ്റി നദി കടക്കാന്‍ ശ്രമിച്ച ബെര്‍ണഡെറ്റ പാറയിടുക്കിലായി അതിമനോഹരിയായ ഒരു സ്ത്രീ തന്നെ നോക്കി നില്ക്കുന്നതു കണ്ടു. ആ രൂപം ബെര്‍ണഡെറ്റയെ നോക്കി ചിരിക്കുകയും പെട്ടെന്ന് തന്നെ അപ്രത്യക്ഷയാവുകയും ചെയ്തു. പരിശുദ്ധ അമ്മ തുടര്‍ന്ന് പതിനെട്ടു തവണയോളം ബെര്‍ണഡെറ്റയ്ക്ക് പ്രത്യക്ഷപ്പെട്ടു.
അമ്മ കാണിച്ചുകൊടുത്ത സ്ഥലം ബെര്‍ണെഡെറ്റ കുഴിച്ചപ്പോള്‍ അവിടെ നിന്ന് അത്ഭുതനീരുറവ പൊട്ടിപ്പുറപ്പെട്ടു. ഒരു ദിവസം തന്നെ 27,000 ഗാലന്‍ ശുദ്ധമായ വെള്ളം ഇന്നും ഒഴുകുന്ന ഒരു നീരുറവയാണ് ഇത്. താന്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഒരു ദേവാലയം പണിയാന്‍ മാതാവ് അവളോട് ആവശ്യപ്പെട്ടു. വിവരമറിഞ്ഞെത്തിയ ആളുകള്‍ പ്രായശ്ചിത്തം അനുഷ്ഠിച്ച് തങ്ങളുടെയും ലോകം മുഴുവന്റെയും പാപങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. താന്‍ അമലോത്ഭവയാണെന്ന് മാതാവ് ബെര്‍ണഡെറ്റയ്ക്ക് വെളിപെടുത്തി. 1858 ലായിരുന്നു മാതാവിന്റെ അവസാനത്തെ പ്രത്യക്ഷീകരണം.
ബെര്‍ണെഡെറ്റ പിന്നീട് കന്യാസ്ത്രീയായി. 1873 ല്‍ ആദ്യ ദേവാലയവും 1883 ല്‍ മറ്റൊരു ദേവാലയവും മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് പണിതു. ഓരോ വര്‍ഷവും പത്തുലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ഇവിടെയെത്തുന്നു. അത്ഭുതനീരുറവയിലെ വെള്ളം കുടിച്ചതിന്റെ ഫലമായി അനേകര്‍ക്ക് രോഗസൗഖ്യം ലഭിക്കുന്നു. 1879 ല്‍ മുപ്പത്തിയഞ്ചാം വയസില്‍ ബെര്‍ണഡെറ്റ സ്വര്‍ഗപ്രാപ്തയായി. ഇന്നും അഴുകാതെ സൂക്ഷിക്കപ്പെടുന്ന പുണ്യശരീരം കൂടിയാണ് ബെര്‍ണഡെറ്റയുടേത്. സുന്ദരിയായ ഒരു യുവതി ഉറങ്ങികിടക്കുന്നതുപോലെയാണ് ആ രൂപം.
ലൂര്‍ദ്ദ് ഇന്ന് പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുന്നു.