വന്യജീവി ആക്രമണം തുടർ സംഭവമാകാതിരിക്കുവാൻ സത്വര നടപടികളുണ്ടാകണം : മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: വന്യജീവികളുടെ ആക്രമണം അനിയന്ത്രിതമായി വര്‍ധിച്ചുവരുന്ന ദുരവസ്ഥയില്‍ മനുഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തരുതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.പെരുവന്താനം ചെന്നാപ്പാറ കൊമ്പന്‍പാറയില്‍ ഇസ്മായിലിന്റെ ഭാര്യ സോഫിയ എന്ന വീട്ടമ്മ അതിദാരുണമായി കൊല്ലപ്പെട്ട സംഭവം വേദനാജനകമാണ്. ഇനിയും ഈ വിധ സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാനുള്ള ജാഗ്രതയും നടപടികളും ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നും ഉണ്ടാകണമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
കണമലയില്‍ കാട്ടുപോത്ത് രണ്ടുപേരെയും തുലാപ്പള്ളിയില്‍ കാട്ടാന ഒരാളെയും അരുംകൊലചെയ്ത സംഭവങ്ങളുടെ നടുക്കം മാറുംമുന്‍പാണ് ചെന്നാപ്പാറയിലെ ദുരന്തം. വന്യമൃഗ ആക്രമണത്തില്‍ മരണം സംഭവിച്ചവരെല്ലാം നിര്‍ധനരും സാധാരണക്കാരായ കര്‍ഷകരുമാണെന്നിരിക്കെ കുടുംബത്തിന് സര്‍ക്കാര്‍ അനുവദിക്കുന്ന പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പര്യാപ്തമല്ല. നഷ്ടപരിഹാര തുക കൊണ്ട് മനുഷ്യ ജീവന്റെ നഷ്ടത്തെ പരിഹരിക്കാനുമാവില്ല. എന്നിരുന്നാലും വന്യജീവി ആക്രമണത്തില്‍ മരണം സംഭവിക്കുയോ പരിക്കേല്‍ക്കുകയോ ചെയ്തവര്‍ക്ക് കാലോചിതമായ നിരക്കില്‍ നഷ്ടപരിഹാരം വര്‍ധിപ്പിക്കുകയും അത് അടിയന്തിരമായി ലഭ്യമാക്കുകയും വേണം. മലയോരമേഖല ഒന്നാകെ വന്യമൃഗഭീഷണിയെ നേരിടുന്നതിനാല്‍ സമയബന്ധിതമായി വനാതിര്‍ത്തിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടിയുണ്ടാകണം.
വന്യമൃഗങ്ങളുടെ ശല്യം ജനജീവിതം ദുഷ്കരമാക്കുന്നു.കൃഷി ചെയ്യാനോ മക്കളെ വിദ്യാലയങ്ങളില്‍ അയയ്ക്കാനോ ആരാധനാലയങ്ങളില്‍ പോകാനോ പറ്റാത്ത സാഹചര്യമാണ് ഇവിടങ്ങളില്‍ നിലനില്‍ക്കുന്നത്. എണ്ണം പെരുകി കാട്ടില്‍ ആവാസം സാധിക്കാത്ത മൃഗങ്ങളെ വിദേശങ്ങളിലേതുപോലെ കള്ളിംഗ് പോലുള്ള സംവിധാനത്തിലൂടെ നിയന്ത്രിക്കണം. കേരളം ഇക്കാലത്ത് നേരിടുന്ന ഏറ്റവും ആശങ്കാജനമായ പ്രശ്‌നമായി വന്യമൃഗങ്ങളുടെ നാടിറക്കം മാറിയിരിക്കെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മനുഷ്യജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു നിമിഷം വൈകിക്കൂടെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ചെന്നാപ്പാറയില്‍ ദാരുണമായി മരിച്ച സോഫിയയുടെ കുടുംബാഗങ്ങളുടെയും ബന്ധുക്കളുടെയും ദുഖത്തില്‍ പങ്കുചേര്‍ന്ന് ആശ്വാസം അറിയിക്കുന്നതായി മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.