1838 ല്‍ ഫ്രാന്‍സിലെ പൈമ്പോളില്‍ ന്യുഫൗണ്ട്‌ലാന്റില്‍ നിന്നുള്ള ഒരു പുതിയ കടല്‍മാര്‍ഗം കണ്ടെത്തുമെന്ന് പ്രതിജ്ഞ ചെയ്ത നാല്പത്തിയെട്ടുപേര്‍ അടങ്ങുന്ന ഒരു സംഘം യാത്ര പുറപ്പെട്ടു. എന്നാല്‍ അവര്‍ ഭയങ്കരമായ ഒരു കൊടുങ്കാറ്റില്‍ അകപ്പെട്ടു. കപ്പല്‍ തകര്‍ന്നു. കപ്പലില്‍ വെള്ളം കയറിത്തുടങ്ങി. എല്ലാ പ്രതീക്ഷയും അസ്തമിച്ച ആ നേരം അവര്‍ മാതാവിലേക്ക് പ്രതീക്ഷയോടെ നോക്കി. തങ്ങളെ രക്ഷിച്ചാല്‍ പൈമ്പോളിലെ പള്ളിയിലെത്തി പ്രാര്‍ത്ഥിക്കുമെന്ന് നേര്‍ച്ച നേര്‍ന്നു. വൈകാതെ കടല്‍ ശാന്തമായി. പക്ഷേ അപ്പോഴും അവര്‍ പ്രാര്‍ത്ഥനകള്‍ അവസാനിപ്പിച്ചില്ല. അവര്‍ കപ്പല്‍ നന്നാക്കി യാത്ര പുറപ്പെട്ടു. കാലാവസ്ത അനുകൂലമായി. അവര്‍ പറഞ്ഞതുപോലെ പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചു, മാതാവിന് നന്ദി പറഞ്ഞു.
ന്ഗ്നപാദരായി അവര്‍ നടത്തിയ തീര്‍ത്ഥാടനം മറ്റുള്ളവരെയും ആകര്‍ഷിച്ചു. മറ്റുള്ളവരും ആ സംഘത്തെ പിന്തുടര്‍ന്നു. കാറ്റിനെയും കടലിനെയും ശാസിക്കാന്‍ അധികാരമുള്ളവന്റെ അമ്മയുടെ രൂപത്തിനു മുമ്പില്‍ എല്ലാവരും മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. ഞാന്‍ നിങ്ങളുടെ അമ്മയാണ്, എല്ലാവരും എന്റെ അടുക്കലേക്ക് വരുവിന്‍ എന്ന് പറയുന്നതുപോലെ ചെരിഞ്ഞ ശിരസും നീട്ടിയ കൈകളും ഉളള മാതാവിന്റെ രൂപമാണ് ഇത്.