Friday, February 21, 2025
spot_img
More

    മുനമ്പത്തിന് ശാശ്വത പരിഹാരം ഉറപ്പായി!

    (പൊടിയിടൽ മഹാമഹക്കാർ പല്ലും നഖവും ഊരി വച്ച് പിരിഞ്ഞു പോകണം!)

    സ്റ്റാലിൻ ദേവൻ & ഫാ. ജോഷി മയ്യാറ്റിൽ

    കണ്ണിൽ പൊടിയിടുന്ന പരിപാടി എന്തിന് എന്നു സർക്കാരിനോട് ചോദിച്ചത് ഹൈക്കോടതിയാണ്. മുനമ്പംകാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മീഷനെക്കുറിച്ചായിരുന്നു പരാമർശം. മുനമ്പം ഭൂമി വഖഫല്ല എന്ന് മുനമ്പത്തു വന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് ഒടുവിൽ നിയമസഭയിൽ പറഞ്ഞത് “വിഷയം പരിഹരിക്കാൻ ഞങ്ങളും സർക്കാരിനോടു കൂടെയുണ്ട്” എന്നാണ്. അങ്ങനെ കൂട്ട പൊടിയിടൽ മഹാമഹം തകൃതിയായി നടക്കുന്നു.

    ഇരുകൂട്ടരും ചേർന്ന് നടത്തുന്ന പൊടിയിടൽ പരിപാടിയിലെ മുഖ്യ ഐറ്റം ‘മുനമ്പം വിഷയത്തിനും വഖഫ് ആക്ടിനും തമ്മിൽ ബന്ധമില്ല; അതിനാൽ വഖഫ് നിയമഭേദഗതിയുടെ ആവശ്യമില്ല’ എന്ന പ്രചാരണമാണ്. ഇതിൻ്റെ മുഖ്യ പ്രചാരകർ ഈ കിരാത നിയമം പടച്ചുണ്ടാക്കിയ കോൺഗ്രസ്സും മുസ്ലീം ലീഗുമാണ് എന്നതിലെ ലോജിക്ക് നമുക്ക് മനസ്സിലാകും – കോൺഗ്രസ്സിൻ്റേത് ദുരഭിമാനത്തിലും വോട്ടുബാങ്ക് പ്രീണനത്തിലും അധിഷ്ഠിതമായ നിലപാടാണെങ്കിൽ, മുസ്ലീം ലീഗിൻ്റേത് മൃദുവർഗീയതയിലും കൊടിയ ചതിയിലും അധിഷ്ഠിതമായ നിലപാടാണ്. വൈരുദ്ധ്യാത്മക ഭൗതികവാദത്തിൻ്റെ ഉപാസകരായ സിപിഎമ്മിൻ്റെ നിലപാടിൽ നിഴലിക്കുന്നതാകട്ടെ, തികഞ്ഞ വൈരുദ്ധ്യം മാത്രവും! “നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചേ സർക്കാരിനു പ്രവർത്തിക്കാനാകൂ” എന്ന് നിയമ മന്ത്രി പി. രാജീവ് മുനമ്പത്ത് സമ്മേളനം നടത്തി പറഞ്ഞതിൻ്റെ ഏക അർത്ഥം, നിലവിലുള്ള വഖഫ് ആക്ടിൻ്റെ പഴുതുപയോഗിച്ചാണ് വഖഫ് ബോർഡ് വഖഫ് പ്രഖ്യാപനം നടത്തിയിട്ടുള്ളതെന്നതിനാൽ അതിനെ തള്ളിപ്പറയാൻ സർക്കാരിനാവില്ല എന്നാണ്. എങ്കിലും, വഖഫ് നിയമഭേദഗതി അംഗീകരിക്കാൻ പറ്റാത്ത കാര്യമാണെന്നാണ് കോഴിക്കോടു പോയി ഈയിടെയും മുഖ്യമന്ത്രി പറഞ്ഞത്!

    നേരത്തേ തന്നെ ദുരഭിമാനത്തിൻ്റെയും ചതിയുടെയും അയുക്തിയുടെയും അടിസ്ഥാനത്തിൽ ഭരണപക്ഷ-പ്രതിപക്ഷ എംഎൽഎമാർ എല്ലാവരും ചേർന്ന് നിയമസഭയിൽ ഭേദഗതി വിരുദ്ധ പ്രമേയം പാസാക്കിയിരുന്നല്ലോ. കൗശലക്കാരനായ ന്യൂനപക്ഷ വകുപ്പു മന്ത്രി അബ്ദു റഹ്മാൻ വിതറിയ പൊടി വീണത് വഖഫ് നിയമത്തിൽ തികഞ്ഞ അജ്ഞതയുള്ള നിയമസഭാ സാമാജികരുടെ കണ്ണിലായിരുന്നു, കഷ്ടം!

    ജെപിസി ഭേദഗതി നിർദ്ദേശം മുനമ്പത്തിനു പരിഹാരം

    ജോയിൻ്റ് പാർലിമെൻ്ററി കമ്മിറ്റി രാജ്യസഭയിലും ലോകസഭയിലും സമർപ്പിച്ച ഭേദഗതി നിർദ്ദേശങ്ങളുടെ അന്തിമ റിപ്പോർട്ട് മുനമ്പംകാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. അത് പാർലമെന്റ് പാസ്സാക്കിയാൽ മുനമ്പംകാരുടെ പ്രശ്നം സത്വരമായും ശാശ്വതമായും പരിഹരിക്കപ്പെടും. റിപ്പോർട്ടിലെ 144-ാം പേജിൽ വഖഫ് ആക്ടിൻ്റെ രണ്ടാം സെക്ഷനോടു കൂട്ടിച്ചേർക്കാനായി ഒരു പ്രൊവീസോ നിർദ്ദേശിക്കുന്നുണ്ട്. ആ സെക്ഷനിൽ നേരത്തേ തന്നെ ഒരു ഒഴിവാക്കൽ പ്രൊവീസോ ഉണ്ട്. വഖഫിനു കീഴിൽ അജ്മീറിലെ കവജാ സാഹിബ് ദർഗാ വരില്ല എന്നതാണ് അത്. അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ട്. 1954-ലെ 36 സെക്ഷൻ തന്നെയും അത് പരാമർശിച്ചിരുന്നതാണ്. പുതിയ പ്രൊവീസോ മുന്നോട്ടു വയ്ക്കുന്ന ഒഴിവാക്കൽ നിർദ്ദേശമാണ് മുനമ്പംകാരുടെ പരിഹാരം.

    എന്താണ് സെക്ഷൻ രണ്ടിനോടു ചേർക്കുന്ന പുതിയ പ്രൊവീസോ?

    പരിഷ്കരിച്ച നിയമം നിലവിൽ വരുമ്പോൾ ജെപിസിയുടെ നിർദ്ദേശപ്രകാരം അതിലെ രണ്ടാം സെക്ഷൻ്റെ കീഴിൽ താഴെ പറയുന്ന വ്യവസ്ഥ കൂടി ഉണ്ടായിരിക്കും: “ഏതെങ്കിലും കോടതിവിധി, ഡിക്രി, ഉത്തരവ് എന്നിവ നിലവിലുണ്ടായാൽപ്പോലും, ഈ നിയമം വരുന്നതിന് മുമ്പോ ശേഷമോ ഒരു മുസ്ലിം നിയമാനുസരണം രജിസ്റ്റർ ചെയ്യപ്പെട്ട ട്രസ്റ്റുകൾക്കോ (അത് എന്തു പേരിൽ അറിയപ്പെട്ടാലും) ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി ബോഡിക്കു കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട ധർമ്മ സ്ഥാപനങ്ങൾക്കോ നൽകിയ/നൽകുന്ന സമർപ്പണത്തിന് – അതിന്റെ ഉദ്ദേശ്യം വഖഫിലേതു പോലെ മതപരം, ജീവകാരുണ്യപരം, ഭക്തിപരം എന്നിവ ആയിരുന്നാൽ പോലും – വഖഫ് നിയമം ബാധകമായിരിക്കുന്നതല്ല”.

    ജെപിസി സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് അംഗീകരിക്കപ്പട്ടാൽ, വഖഫിനു സമാനമായ രീതിയിൽ മുസ്ലീം പൗരന്മാർ എന്തെങ്കിലും സമർപ്പണങ്ങൾ അത്തരം ട്രസ്റ്റ്‌ / സൊസൈറ്റി / മറ്റ് statute പ്രകാരം നിലവിലുള്ള സ്ഥാപനങ്ങൾ എന്നിവയിലാണ് നടത്തിയിട്ടുള്ളതെങ്കിൽ അവയെല്ലാം മുൻകാല പ്രാബല്യത്തോടെ തന്നെ വഖഫ് ആക്ടിന്റെ പരിധിക്ക് പുറത്തായിരിക്കും. അതായത്, വഖഫ് ബോർഡിന് അത്തരം വസ്തുക്കളിൽ അവകാശം ഉന്നയിക്കാൻ കഴിയില്ല. ഇതാണ് പുതിയ നിർദ്ദേശത്തിൻ്റെ ഉള്ളടക്കം.

    ബോറാ മുസ്ലീം സമൂഹത്തോട് മുനമ്പംകാർക്കു നന്ദി വേണം!

    ഷിയാ മുസ്ലീങ്ങളിലെ ന്യൂനപക്ഷ വിഭാഗമായ ദാവൂദി ബോറാ സമുദായാംഗങ്ങളുടെ അഭ്യർത്ഥനയാണ് രണ്ടാം സെക്ഷനിൽ പുതിയ ഈ വ്യവസ്ഥ കൂട്ടിച്ചേർക്കാൻ ജെപിസിയെ പ്രേരിപ്പിച്ചത്. വഖഫ് ആക്ടിൻ്റെ 13-ാം സെക്ഷൻ ഭേദഗതി വരുത്തി, ഷിയാ വഖഫ് ബോർഡ്, സുന്നി വഖഫ് ബോർഡ് എന്നീ രണ്ടു സ്വതന്ത്ര ബോർഡുകൾക്കു പുറമേ ബോറാ വഖഫ് ബോർഡ്, അഗാഖാനീ വഖഫ് ബോർഡ് എന്നിവ കൂടി സൃഷ്ടിക്കാനുള്ള ഭേദഗതി ബില്ലിലെ നിർദേശത്തെ തുടർന്നാണ് ബോറാ സമൂഹം ജെപിസിക്കു മുമ്പിൽ തങ്ങളുടെ സ്വത്വ സവിശേഷതകൾ ചൂണ്ടിക്കാട്ടി, വഖഫ് സമ്പ്രദായം തങ്ങൾക്കില്ലെന്നും തങ്ങളുടെ പാരമ്പര്യപ്രകാരം മതപരമോ ജീവകാരുണ്യപരമോ ഭക്തിപരമോ ആയ സമർപ്പണങ്ങൾ ട്രസ്റ്റിൻ്റെ രൂപത്തിലാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നും വ്യക്തമാക്കിയതിൻ്റെ വെളിച്ചത്തിലാണ് പാർലിമെൻ്ററി കമ്മിറ്റി ഇത്തരം ഒരു വ്യവസ്ഥ രണ്ടാം സെക്ഷൻ്റെ ഭാഗമായി ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

    എങ്ങനെയാണ് പുതിയ വ്യവസ്ഥ മുനമ്പംകാർക്ക് പരിഹാരമാകുന്നത്?

    ഈ പ്രൊവീസോയിലൂടെ ഫാറൂഖ് കോളജിനും അതിലൂടെ മുനമ്പത്തുകാർക്കും തികച്ചും അനുകൂലമായ സാഹചര്യമാണ് വന്നുചേരുന്നത്. ഇന്ത്യയിൽ ഇന്നും നിലവിലുള്ള 1860ലെ സൊസൈറ്റി രജിസ്ട്രേഷൻ നിയമത്തിനു കീഴിലാണല്ലോ ഫാറൂഖ് കോളേജ് ഒരു സൊസൈറ്റിയായി ആരംഭകാലം മുതലേ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ആ കോളജിൻ്റെ പേരിൽ 1950-ൽ സിദ്ദിഖ് സേട്ടു എഴുതി നൽകിയ ഭൂമി വഖഫ് ആണെന്ന് വഖഫ് ബോർഡും കേരള സർക്കാരും വഖഫ് അല്ലാ എന്ന് ഫാറൂഖ് കോളജും മുനമ്പംകാരും നിലപാടെടുത്തിരിക്കുന്നു. ഈ പ്രോവീസോ അനുസരിച്ച് സിദ്ധിഖ് സേട്ടു നൽകിയ ഭൂമി സൊസൈറ്റിയുടെ സ്വകാര്യ ഭൂമിയായി മാത്രമേ ആരംഭം മുതൽ പരിഗണിക്കപ്പെടുകയുള്ളൂ. അത് വഖഫ് ആയിരിക്കുകയില്ല. ചുരുക്കിപ്പറഞ്ഞാൽ, 1950ലെ ഡീഡു വെളിവാക്കുന്നതുപോലെ തന്നെ, ഫാറൂഖ് കോളേജിന് ക്രയവിക്രയ സർവസ്വാതന്ത്ര്യമുള്ള ഒരു വസ്തുവാണ് നിലവിലുള്ള 114 ഏക്കർ കരയും 60 ഏക്കർ വെള്ളവും. അത് വഖഫാണ് എന്ന ബോർഡിൻ്റെ അവകാശത്തിന് അറുതിവരുത്തുന്ന കൂട്ടിച്ചേർക്കലാണ് ജെപിസി മുന്നോട്ടു വച്ചിരിക്കുന്നത്.

    ശേഷം കാഴ്ചയിൽ …

    മുനമ്പം പ്രശ്നം സത്വരമായും ശാശ്വതമായും പരിഹരിക്കപ്പെടണം എന്നുള്ളവർ ഭേദഗതിക്കു വേണ്ടി നിലകൊള്ളും. അല്ലാത്തവർ ഭേദഗതിക്കെതിരേ നിലപാടെടുക്കും. മുനമ്പത്തു വച്ച് “മുനമ്പം വഖഫല്ല” എന്ന നിലപാട് സധൈര്യം പ്രഖ്യാപിച്ചിട്ടുള്ള കോൺഗ്രസ്സിൻ്റെയും “പ്രശ്നം രമ്യമായി പരിഹരിക്കണം” എന്ന് ആവർത്തിച്ചു പറയുന്ന മുസ്ലീം ലീഗിൻ്റെയും “മുനമ്പംകാരോടൊപ്പമാണ് ഞങ്ങൾ” എന്ന് സദാ ആണയിടുന്ന സിപിഎമ്മിൻ്റെയും “തെറ്റായ നിയമങ്ങളിൽ ഭേദഗതി വേണം” എന്ന നിലപാട് തുറന്നു പറഞ്ഞിട്ടുള്ള കേരള കോൺഗ്രസ്സുകളുടെയും എംപിമാർ ഭേദഗതി ബില്ലിൽ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കും എന്ന് നോക്കിയിരുന്നു കാണാം… ശേഷമുള്ളതും!

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!