ഇറ്റലിയിലെ ക്രെമാനഗരത്തില്‍ നിന്ന് ഒരു മൈല്‍ അകലെയാണ് ഔര്‍ ലേഡി ഡെല്ലാ ദേവാലയം സ്ഥിതിചെയ്യുന്നത്. ഹോളി മേരി ഓഫ് ദ ക്രോസ് എന്നും പേരുണ്ട്.പതിനഞ്ചാം നൂറ്റാണ്ടില്‍ ക്രെമാ നഗരത്തില്‍ കാതറിന്‍ എന്ന ഭക്തയായ ഒരു പെണ്‍കുട്ടി ജീവിച്ചിരുന്നു. അവളുടെ സഹോദരന്‍ അവള്‍ക്ക് വിവാഹപ്രായമായപ്പോള്‍ ബര്‍ത്തലോമിയോ എന്ന ചെറുപ്പക്കാരന് അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചു. കാതറിന് നേരെ വിരുദ്ധമായ സ്വഭാവമായിരുന്നു ബര്‍ത്തലോമിയോയ്ക്ക്. സ്വാഭാവികമായും കാതറിന് വിവാഹജീവിതത്തില്‍ ഏറെ സഹിക്കേണ്ടിവന്നു.
കാതറിനെ കൊന്നുകളയാന്‍ തീരുമാനിച്ച ബര്‍ത്തലോമിയോ ഒരുനാള്‍ അവളെ മാതാപിതാക്കളെ കാണിക്കാനാണെന്നു പറഞ്ഞ് കുതിരപ്പുറത്ത് കയറ്റികൊണ്ടുപോയി. യാത്രയ്ക്കിടയില്‍ പരിചയമില്ലാത്ത ഒരു വനപ്രദേശത്തേക്ക് അയാള്‍ കയറുന്നതുകണ്ടപ്പോള്‍ കാതറിന് ചില സംശയങ്ങള്‍ തോന്നിയെങ്കിലും ചോദ്യം ചെയ്തില്ല. അയാള്‍ പെട്ടെന്ന് അവളെ കുതിരപ്പുറത്ത് നിന്ന് തള്ളിതാഴെയിടുകയും തന്റെ വാള്‍ കൊണ്ട് അവളുടെ ശിരച്ഛേദം നടത്താന്‍ ശ്രമിക്കുകയും ചെയ്തു. കാതറിന്‍ വലതുകരമുയര്‍ത്തി അത് തടഞ്ഞതുകൊണ്ട് ശിരസ് രക്ഷപ്പെട്ടു. പക്ഷേ അവളുടെ കരം മുറിഞ്ഞുവേര്‍പെട്ടുപോയി. അയാള്‍ പിന്നെയും കലിതീരാതെ അവളെ വെട്ടിക്കൊണ്ടിരുന്നു.
ഒടുവില്‍ മരിച്ചുവെന്ന് കരുതി അയാള്‍ സ്ഥലംവിട്ടു. പക്ഷേ കാതറിന്‍ മരിച്ചിട്ടുണ്ടായിരുന്നില്ല, താന്‍ മരിച്ചുപോകുമെന്ന അവള്‍ക്കറിയാമായിരുന്നു. എങ്കിലും അന്ത്യകൂദാശ സ്വീകരിച്ചു മരിക്കണമെ്ന്നായിരുന്നു ആഗ്രഹം. അവള്‍ ദൈവമാതാവിനോട് ഇക്കാര്യം ആവശ്യപ്പെട്ടു കരഞ്ഞുപ്രാര്‍ത്ഥിച്ചു. അപ്പോള്‍ അസാധാരണമായ ഒരു പ്രകാശം പ്രസരിക്കുകയും സുന്ദരിയായ ഒരു സ്ത്രീ അവളെ സമീപിക്കുകയും ചെയ്തു. ഔര്‍ ലേഡി ഡെല്ല ക്രോസായിരുന്നു അത്. മാതാവ് അവളെ കൈയ്ക്ക് പിടിച്ചു എഴുന്നേല്ക്കാന്‍ സഹായിച്ചു. ഉടന്‍ രക്തപ്രവാഹം നിലച്ചു. അവളുടെ ശരീരത്തിലേക്ക് പുതുജീവന്‍ പ്രവേശിച്ചു. തന്നെ പിന്തുടരാന്‍ മാതാവ് അവളോട് ആവശ്യപ്പെട്ടു. . കാതറിനെ ഒരു കുടിലിലേക്ക് കൂട്ടിക്കൊണ്ടുുപോയതിനു ശേഷം മാതാവ് അപ്രത്യക്ഷയായി. കുടിലിലുണ്ടായിരുന്നവര്‍ അവളെ സഹായിച്ചു. വീല്‍ച്ചെയറിലിരുത്തി അവളെ അവര്‍ ക്രീമായിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് അറ്റുപോയ കൈ കണ്ടെത്തുകയും അവളെ ഏല്പിക്കുകയും ചെയ്തു. സെന്റ് ബെനഡെറ്റോ ദേവാലയത്തിലേക്കാണ് അവര്‍ അവളെ കൊണ്ടുപോയത്.വൈദികനോട് തനിക്ക് സംഭവിച്ചതെല്ലാം അവള്‍ അറിയിച്ചു. അദ്ദേഹം അവള്‍ക്ക് അന്ത്യകൂദാശ നല്കി. ഈ കഥകളെല്ലാം കാട്ടുതീ പോലെ പടര്‍ന്നു.
പരിശുദ്ധ അമ്മയാണ് ഇതെല്ലാം ചെയ്തതെന്ന് പലരും വിശ്വസിച്ചു. മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്തു വച്ച് പിന്നീട് പല അത്ഭുതങ്ങളും രോഗസൗഖ്യങ്ങളും നടന്നു.അവിടെ ആളുകള്‍ ഒരു ദേവാലയംപണിയുകയും മാതാവിന്റെ രൂപം പ്രതിഷ്ഠിക്കുകയും ചെയ്തു. 1500 ല്‍ ദേവാലയനിര്‍മ്മാണം പൂര്‍ത്തിയായി. 1873 ല്‍ പുതിയ ദേവാലയം പണിയുകയുംമാതാവിന്റെ രൂപത്തില്‍ കിരീടധാരണം നടത്തുകയും ചെയ്തു.