ആബട്ട് ഓര്‍സിനി പറയുന്നത് അനുസരിച്ച് വിശുദ്ധ ഗ്രിഗറിയോട് 593 ല്‍ മാത്വ് സംസാരിച്ച രൂപമാണ് ഇത്. റോമാക്കാരുടെ സഹായമെന്നും റോമാക്കാരുടെ ആരോഗ്യമെന്നും വിശേഷിപ്പിക്കപ്പെടുന്ന മാതാവാണ് ഇത്. കോണ്‍സ്റ്റന്റൈയന്‍ ചക്രവര്‍ത്തിയുടെ മിലാന്‍ വിളംബരത്തോടെ പരിശുദ്ധ അമ്മയ്ക്ക് നല്കിപ്പോന്നിരുന്ന പലതരം വിശേഷണങ്ങളിലൊന്നാണ് ഇത്. വിശുദ്ധ ലൂക്കായാണ് ഈ ചിത്രം വരച്ചതെന്നാണ് പരക്കെയുള്ള വിശ്വാസം. ഈശോ സ്വര്‍ഗാരോഹണം ചെയ്തുകഴിഞ്ഞപ്പോള്‍ യോഹന്നാന്‍ പരിശുദ്ധ അമ്മയെ തനിക്കൊപ്പം കൂട്ടിക്കൊണ്ടുപോയി.
മാതാവിന് വളരെ കുറച്ചുസ്വകാര്യ സമ്പാദ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. അതിലൊന്നായിരുന്നു ഈശോ യൗസേപ്പിതാവിനൊപ്പം പണിശാലയില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ സ്വന്തം കൈകൊണ്ടുനിര്‍മ്മിച്ച ഒരു മേശ. ലൂക്കായുടെ നിരന്തരമായ നിര്‍ബന്ധത്തെത്തുടര്‍ന്ന് മാതാവ് തന്റെ ചിത്രം വരയ്ക്കാന്‍ അദ്ദേഹത്തെ അനുവദിച്ചു. അതിനിടയില്‍ തന്റെ മകന്റെ ജീവിതകഥ വിശദീകരിക്കുകയും ചെയ്തു. അതെല്ലാം ശ്രദ്ധയോടെ കേട്ടതിന്റെ ഫലമായിട്ടാണ് ലൂക്കാ സുവിശേഷം എഴുതിയത്. അതിശയകരമായി വലുപ്പമുള്ള ചിത്രമായിരുന്നു അത്.
അഞ്ച് അടി ഉയരമുണ്ടായിരുന്നു അതിന്. 590 ലാണ് ഈ ചിത്രം റോമിലേക്ക് കൊണ്ടുവന്നത്. ബ്ലായ്ക്ക് പ്ലേഗിന്റെ കാലത്ത് ഈ മരിയരൂപവുമായി റോമിലൂടെ പോപ്പ് ഗ്രിഗറി ഒന്നാമന്‍ പ്രദക്ഷിണം നടത്തി. ഹാഡ്രിയന്റെ ശവകുടീരത്തിന് സമീപമെത്തിയപ്പോള്‍ വിശുദ്ധ ഗ്രിഗറി മുകളിലേക്ക് നോക്കുകയും അപ്പോള്‍ സ്വര്‍ഗം തുറന്നിരിക്കുന്നതായി കാണുകയും മാലാഖമാര്‍ ഗാനം ആലപിക്കുന്നതായികേള്‍ക്കുകയും ചെയ്തു. വിശുദ്ധ മിഖായേല്‍ അവിടെ പ്രത്യക്ഷപ്പെട്ടു. വാളുമായി നില്ക്കുന്ന മിഖായേല്‍ മാലാഖയുടെ രൂപത്തിനു മുകളില്‍ ഒരു സിംഹാസനത്തില്‍ മാതാവ് ഇരിക്കുന്നതായും മാര്‍പാപ്പ കണ്ടു. സ്വര്‍ഗീയരാജ്ഞീ ആനന്ദിച്ചാഹ്ലാദിക്കുക ഹല്ലേല്ലൂയ എന്നായിരുന്നു മാലാഖമാര്‍ ആലപിച്ചിരുന്നത്. ആ നിമിഷം തന്നെ പ്ലേഗ് റോമിനെ വിട്ടുപോയി, മാര്‍പാപ്പമാരുടെ പ്രത്യേകമായ രക്ഷകര്‍ത്തൃത്തിലുള്ള നാലു പ്രധാന മരിയന്‍ ദേവാലയങ്ങളിലൊന്നായ ബസിലിക്ക ഓഫ് സെന്റ് മേരി മേജറില്‍ ഇന്ന് ഈ രൂപം കാണാന്‍കഴിയും.