ഇന്ന് ചില വൈദികരുടെ ഇടയിലെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പണത്തോടും ആഡംബര ജീവിതത്തോടുള്ള ഭ്രമവും, അനുസരണയില്ലായ്മയും പ്രാര്‍ത്ഥനയുടെയും, വിശ്വാസത്തിന്റെയും ആത്മീയതയുടെയും കുറവും ഒക്കെ തിരിച്ചറിയാന്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഉപകരിക്കട്ടെ. ഏറ്റൂമാനൂരില്‍ ഷൈനിയും രണ്ടുകുട്ടികളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇതിനകം നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ഒന്നായിരുന്നു ഫാ. ബിനു വളവുങ്കല്‍ എഴുതിയ കുറിപ്പ്. ഇതിനകം വൈറലായി മാറിയ ഈ കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ കൊടുക്കുന്നു.
ഇത്ര ഏറെ മാനസിക സംഘര്‍ഷത്തോടെ ആദ്യമായാണ് ഒരു മൃതസംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തത്. കാരണം സോഷ്യല്‍ മീഡിയ മുഴുവനും ആ മരണത്തിന്റെ ഉത്തരവാദികളായി വൈദികരെയും കാരിത്താശുപത്രിയെയും ഒക്കെ അവതരിപ്പിച്ചതിനാല്‍ അതില്‍ പങ്കെടുത്താല്‍ ആളുകള്‍ എങ്ങനെ ളോഹയിട്ടവരെ നോക്കിക്കാണും എന്നുള്ള ചിന്ത ഒരുവശത്ത്, ഷൈനി എന്ന സഹോദരിയുടെ സ്വഭാവത്തെക്കുറിച്ചും അവളെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചും കേട്ടപ്പോള്‍ അതില്‍ പങ്കെടുക്കണമെന്നുള്ള അതിയായ ആഗ്രഹം മറുവശത്തും അവസാനം തെറി കേട്ടാലും വേണ്ടില്ല ളോഹയിട്ട് തന്നെ ആ ശുശ്രൂഷയില്‍ പങ്കെടുക്കണമെന്ന് തീരുമാനിച്ചു.
ഷൈനിയുടെയും മക്കളുടെയും മരണത്തെ ഒരു ‘Forced suicide’ എന്ന് വിളിക്കുന്നതാണ് ഉചിതം. കാരണം ഒരു അമ്മ തനിക്ക് പ്രിയപ്പെട്ട തന്റെ മക്കളെയും കൂട്ടി ഈ കടുംകൈ ചെയ്യണമെങ്കില്‍ ആ അമ്മ അത്രയേറെ മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോയിട്ടുണ്ടാവും. ആ സഹോദരിയെ പറ്റി പറഞ്ഞു കേട്ടതനുസരിച്ച് അവള്‍ ഭര്‍തൃഗൃഹം വിട്ട് സ്വഭാവനത്തിലേക്ക് തിരികെ വരണമെങ്കില്‍ ആ വീട്ടില്‍ അവള്‍ അത്രമാത്രം ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിച്ചു കാണണം. വിവാഹിതയായ സ്ത്രീ ഭര്‍തൃഗൃഹം വിട്ട് സ്വഭവനത്തില്‍ തിരികെ ചെന്നാല്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന അസ്വസ്ഥതകളെ പറ്റി അവള്‍ക്കറിയാമായിരുന്നിരിക്കും. എന്നാല്‍ അവള്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ അന്യതാബോധം സ്വന്തം കുടുംബത്തില്‍ നിന്നും അവള്‍ക്ക് അനുഭവപ്പെട്ടിരിക്കും. ഒപ്പം പ്രായപൂര്‍ത്തിയാകാത്ത മകനെ തെറ്റിദ്ധരിപ്പിച്ച് തന്നില്‍ നിന്നും അകറ്റിയതും ആ അമ്മയുടെ മാനസിക വേദനയുടെ തീവ്രത കൂട്ടിയിരിക്കും.
തന്റെ ശരീരത്തോടൊപ്പം തന്റെ പ്രിയപ്പെട്ട മക്കളുടെ ശരീരങ്ങളെയും ചിന്നഭിന്നമാക്കാന്‍ ആ അമ്മ നിന്നു കൊടുത്തതും മക്കള്‍ കുതറി പോകാതെ അമ്മയോട് ചേര്‍ന്ന് നിന്നതും ഒരേ വികാരം കൊണ്ട് തന്നെയാകും, ഈ അമ്മ പോയാല്‍ ഈ മക്കള്‍ കടുത്ത അനാഥത്വത്തിലേക്ക് പോകുമെന്നുള്ള ചിന്ത. അതുകൊണ്ട് അമ്മയോടൊപ്പം അവര്‍ കെട്ടിപ്പുണര്‍ന്നു. ട്രെയിനിന്റെ ചെവിയടപ്പിക്കുന്ന ഹോണടികളുടെ ശബ്ദമൊന്നും അവരെ പിന്തിരിപ്പിച്ചില്ല. അവരുടെ ചിത്രം എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്നും മറയുന്നില്ല. അവരെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടവര്‍ മനുഷ്യരാണെങ്കില്‍മനസ്സില്‍നിന്നും കുറ്റബോധം ഇല്ലാതാകാന്‍ സമയം എടുക്കും.
ഇനി ഈ മരണത്തില്‍ കാരിത്താസ് ആശുപത്രിയുടെയും വൈദികരുടെയും പങ്ക് എന്താണ്? പുതിയ സാഹചര്യത്തില്‍ കുട്ടികളെ വളര്‍ത്താന്‍ ഒരു വരുമാനമുള്ള ജോലി ഇവര്‍ വളരെയേറെ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കൂട്ടുകാരിയെ വിളിച്ചതിന്റെ ശബ്ദം നമ്മള്‍ കേട്ടു. കാരിത്താസ് ഉള്‍പ്പെടെ 12 ആശുപത്രികളെ സമീപിച്ചതായി കേള്‍ക്കുന്നു. ആരും അവള്‍ക്ക് ആഗ്രഹിച്ച ജോലി നല്‍കിയില്ല. സ്വാഭാവികമായും ഈ മരണത്തിന്റെ പശ്ചാത്തലത്തില്‍ അവളുടെ സമുദായത്തിന്റെ ആശുപത്രി എന്ന നിലയില്‍ കാരിത്താസിനെതിരെയും അച്ഛന്മാര്‍ക്കെതിരെയും ഒരുപാട് തെറിവിളികള്‍ ഉയര്‍ന്നു. പക്ഷേ മറ്റ് 11 ആശുപത്രികളും ജോലി നിഷേധിച്ചെങ്കില്‍ അതിനൊരു പൊതുവായ കാരണം ഉണ്ടാകുമല്ലോ. ആരുടെയെങ്കിലും വൈരാഗ്യത്തോടെയുള്ള ബാഹ്യ ഇടപെടല്‍ ആയിട്ട് അതിനെ കാണുവാന്‍ സാധിക്കുമോ . ജോലിയില്‍ ഇത്രയും വര്‍ഷത്തെ ഇടവേള ഉണ്ടാക്കിയ തടസ്സമായിരിക്കും അത്. കാരിത്താസ് ആശുപത്രിയില്‍ ഇതിനുമുമ്പും ആറോ ഏഴോ വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചില വൈദികരുടെ ശുപാര്‍ശയോടെ ചെന്നിട്ടും ഇതേ കാരണത്താല്‍ തന്നെ അവരെ പറഞ്ഞയച്ച കാര്യം കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും ഇതുപോലെ വൈദികര്‍ക്കെതിരായിട്ട് ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. അത് രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആശുപത്രികള്‍ സ്വീകരിക്കുന്ന പൊതുനയത്തിന്റെ ഭാഗമായി കാണണമല്ലോ. അതുകൊണ്ടുതന്നെ ആ ഇടവേള ഉണ്ടാക്കിയവരായിരിക്കണം പ്രധാന പ്രതികള്‍ എന്നല്ലേ സാമാന്യയുക്തിയില്‍ ചിന്തിക്കേണ്ടത്. അതുമല്ലെങ്കില്‍ ഈ സഹോദരി ഒരു ആത്മഹത്യയുടെ വക്കില്‍ ആണെന്നുള്ള കാര്യം ബന്ധപ്പെട്ടവര്‍ അറിഞ്ഞിരിക്കണം അതിന് സാധ്യതയില്ല. ഈ സഹോദരിയും മക്കളും ജീവിതം മുന്നോട്ടു നയിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ട് എന്ന് അറിഞ്ഞിരുന്നെങ്കില്‍ ക്‌നാനായ സമുദായത്തില്‍ തന്നെ 100 കണക്കിന് ആളുകള്‍ അവരെ സഹായിക്കുവാന്‍ മുന്നോട്ടു വരുമായിരുന്നു എന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഈ മരണത്തിലേക്ക് നയിച്ച പ്രധാനപ്പെട്ട ഘടകം ഒരു സാമ്പത്തിക പ്രതിസന്ധി ആണെന്ന് തോന്നുന്നില്ല, അതും ഒരു ഘടകമായിരിക്കാം. അതിനേക്കാള്‍ അവള്‍ അനുഭവിച്ച കടുത്ത മാനസിക പ്രതിസന്ധി തന്നെയാവനാണ് സാധ്യത.
വിവാഹമോചനത്തിനുള്ള Feb 17ലെ ഹിയറിങ്ങില്‍ ഭര്‍ത്താവ് എത്താത്തതിന്റെ നിരാശയും ഏപ്രില്‍ 9 ലെ അടുത്ത ഹിയറിങ്ങിലേക്കുള്ള പ്രതീക്ഷയോടെയുള്ള കാത്തിരിപ്പും തന്റെ സുഹൃത്തുമായി സംസാരിക്കുന്ന വോയിസ് ക്ലിപ്പിലൂടെ പലരും കേട്ടതാണ്. അങ്ങനെയിരിക്കുമ്പോള്‍ പൊടുന്നനെ ഒരു ദിവസം രാവിലെ ഇതുപോലുള്ള ഒരു മരണം തെരഞ്ഞെടുക്കണമെങ്കില്‍ തലേന്ന് രാത്രി അവിടെ എന്തെങ്കിലും സംഭവിച്ചിരിക്കണമല്ലോ. തലേദിവസം ഭര്‍ത്താവുമായി സംസാരിച്ച കാര്യം പോലീസിന്റെ അന്വേഷണത്തിലും ഉണ്ടല്ലോ സത്യങ്ങള്‍ പുറത്തു വരട്ടെ.
ഇനി ഭര്‍ത്താവിന്റെ സഹോദര വൈദികന്റെ പങ്കിനെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളിലൂടെ കേള്‍ക്കുന്നത് മുഴുവന്‍ ശരിയാവണമെന്നില്ലല്ലോ. അതിനൊരു ഉദാഹരണമായി കെയര്‍ ഹോമിലെ ആ സഹോദരിയുടെ ജോലി നഷ്ടപ്പെട്ടത് ആ സ്ഥാപനത്തിന്റെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട തെറ്റായ പ്രവൃത്തിക്കെതിരെ ഈ സഹോദരിയുടെ പിതാവ് പ്രതികരിച്ചതിന്റെ ഫലമാണെന്ന് പറയപ്പെടുന്നു,എന്നാല്‍ അതിന്റെ കാരണക്കാരന്‍ ഈ വൈദികന്‍ ആണെന്ന് ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്നു.
എന്നാല്‍ ഈ കുടുംബപ്രശ്‌നത്തില്‍ കുടുംബത്തിലെ ഈ വൈദികന്റെ ഇടപെടലിനെ പറ്റിയുള്ള വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അദ്ദേഹം വൈദിക സമൂഹത്തിന് മുഴുവനും കളങ്കമാണ്, ഈ സഹോദരിയുടെയും മക്കളുടെയും ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനുമുണ്ട്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ.കൂടാതെ ഈ അച്ചന്‍ രൂപതയുടെ പ്രധാനപ്പെട്ട ഒരു തസ്തികയിലും പ്രധാനപ്പെട്ട പള്ളികളിലും ഇരുന്നിട്ടില്ല. ഈ വിഷയത്തില്‍ അച്ചന് എതിരെയുള്ള ആരോപണത്തില്‍ രൂപത എന്തെങ്കിലും ന്യായീകരണം നടത്തുകയോ സംരക്ഷിക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ഇതിന്റെ പേരില്‍ എല്ലാ വൈദികരെയും സഭയെയും ആക്ഷേപിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ.
ഷൈനിയും മക്കളും ഉയര്‍ത്തെഴുന്നേറ്റു വന്നാല്‍ അവര്‍ എന്ത് പറയുമോ ആവോ, അച്ഛന്മാരോട് അമര്‍ഷം ഉണ്ടായിരുന്നെങ്കില്‍ തലേദിവസം വരെ അവള്‍ കുട്ടികളെയും കൂട്ടി പള്ളിയില്‍ പോകുമായിരുന്നോ? ഏതായാലും ഇവരുടെ മരണത്തിന്റെ വേദനയുടെ മറവില്‍ ഇന്ന് സമൂഹത്തില്‍ രൂപപ്പെട്ടിട്ടുള്ള സഭ വൈദിക വിദ്വേഷം ആളിക്കത്തിച്ച് തങ്ങളുടെ ചാനലുകള്‍ക്ക് റേറ്റിംഗ് കൂട്ടുവാന്‍ ഒരു കൂട്ടര്‍ക്ക് സാധിക്കുകയും ചെയ്തു.
ഇന്ന് ചില വൈദികരുടെ ഇടയിലെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പണത്തോടും ആഡംബര ജീവിതത്തോടുള്ള ഭ്രമവും, അനുസരണയില്ലായ്മയും പ്രാര്‍ത്ഥനയുടെയും, വിശ്വാസത്തിന്റെയും ആത്മീയതയുടെയും കുറവും ഒക്കെ തിരിച്ചറിയാന്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഉപകരിക്കട്ടെ.
അവസാനമായി ഈ അമ്മയ്ക്കും മക്കള്‍ക്കും ഉണ്ടായ അനുഭവം ഇനി ഒരു അമ്മയ്ക്കും മക്കള്‍ക്കും ഉണ്ടാവാതിരിക്കട്ടെ