നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹമെത്രാനായി ബിഷപ്പ് ഡോ.ഡി. സെല്‍വരാജന്‍ അഭിഷിക്തനായി. നാല്‍പ്പതോളം ബിഷപ്പുമാരും മുന്നൂറിലധികം വൈദികരും സന്ന്യസ്തരും പതിനായിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ വേദിയിലാണ് മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.
പ്രധാന കാര്‍മികനായ നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവല്‍ തൈലാഭിഷേകം നടത്തിയും അധികാര ചിഹ്നങ്ങള്‍ അണിയിച്ചും മോണ്‍.ഡോ. ഡി. സെല്‍വരാജനെ ബിഷപ്പ് സ്ഥാനത്തേക്ക് ഉയര്‍ത്തി. ആര്‍ച്ച് ബിഷപ്പ് ലെയോപോള്‍ഡോ ജിറെല്ലി വത്തിക്കാന്‍ പ്രതിനിധിയായി മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ രൂപതകളില്‍നിന്നുള്ള മുപ്പതിലധികം ബിഷപ്പുമാര്‍ സഹകാര്‍മികരായി.
1996 ല്‍ സ്ഥാപിതമായ രൂപതയുടെ ചരിത്രത്തിലെ രണ്ടാമത്തെ മെത്രാഭിഷേക ചടങ്ങുകളാണ് നടന്നത്. വലിയവിള ഇടവകാംഗമായ ഡോ. സെല്‍വരാജന്‍ 1987 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 2000 ല്‍ ബെല്‍ജിയത്തിലെ ലുവൈന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹത്തിന് 5 വിദേശ ഭാഷകളില്‍ പ്രാവീണ്യമുണ്ട് . 2007 മുതല്‍ മെത്രാന്റെ ഉപദേശക സമിതി അംഗമായും 2008 മുതല്‍ രൂപത ചാന്‍സിലറായും 2011 മുതല്‍ രൂപതയുടെ ജുഡീഷ്യല്‍ വികാറായും സേവനം അനുഷ്ഠിച്ചു വരുന്നതിനിടെയാണ് ഡോ സെല്‍വരാജന്‍ സഹമെത്രാനായി ഉയര്‍ത്തപ്പെട്ടത്