ഔര്‍ ലേഡി ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ് ഇറ്റലിയിലെ ഫോസാനോ രൂപതയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. 1521 ല്‍ പരിശുദ്ധ അമ്മ ബധിരനും മൂകനുമായ ബര്‍ത്തലോമിയോ കോപ്പായ്ക്ക പ്രത്യക്ഷപ്പെട്ടതില്‍ നിന്നാണ് ഈ കഥയുടെ തുടക്കം. ജന്മനാ ബധിരനും മൂകനുമായിരുന്നു ബര്‍ത്തലോമിയ. ആടുമാടുകളെ മേയിക്കുന്ന ജോലിയായിരുന്നു അയാള്‍ക്ക്. ആരും അവനെ വേണ്ടവിധം പരിഗണിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തിരുന്നില്ല. 1521 മെയ് എട്ടുവരെ. കാരണം അന്ന് അവന്റെ ജീവിതത്തില്‍ ഒരു അത്ഭുതം സംഭവിച്ചു. വെള്ളവസ്ത്രം ധരിച്ച് മാതാവ് അന്നേ ദിവസമാണ് അവന് പ്രത്യക്ഷപ്പെട്ടത്.
അവന്റെ വൈകല്യം അമ്മ സുഖപ്പെടുത്തി. തുടര്‍ന്ന് ദൈവരാജ്യത്തെക്കുറിച്ച് പ്രഘോഷിക്കാന്‍ അമ്മ അവനെ ചുമതലപ്പെടുത്തി. പാപകരമായ ജീവിതം നയിക്കുന്നവര്‍ മാനസാന്തരപ്പെടുന്നില്ലെങ്കില്‍ അവര്‍ക്ക് നാശം സംഭവിക്കുമെന്ന മുന്നറിയിപ്പും നല്കി. അതിനുശേഷം മാതാവ് അപ്രത്യക്ഷയായി, തുടര്‍ന്ന് മാതാവ് പറഞ്ഞതനുസരിച്ച് ബര്‍ത്തലോമിയോ സുവിശേഷപ്രഘോഷണത്തില്‍ ഏര്‍പ്പെട്ടു. മൂന്നുദിവസം തുടര്‍ച്ചയായി ഉപവസിച്ചു പ്രസംഗിച്ചതുകൊണ്ട് മൂന്നാംദിവസം മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് അവന്‍ ബോധരഹിതനായി നിലംപതിച്ചു.
ഈ സമയം മാതാവ് രണ്ടാമതും പ്രത്യക്ഷപ്പെട്ടു. അവന്റെ വിശപ്പിന് അന്നം നല്കി. അതിനു ശേഷം വീണ്ടും സുവിശേഷപ്രഘോഷണം നടത്താന്‍ അമ്മ ആവശ്യപ്പെട്ടു, ബര്‍ത്തലോമിയോ അതനുസരിച്ചു. ആറു മാസങ്ങള്‍ക്കുശേഷം ആ പ്രദേശത്ത് പ്ലേഗ് പൊട്ടിപ്പുറപ്പെട്ടു. അനേകര്‍ മരിച്ചുവീണു. എല്ലാവരും ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്ന് ബര്‍ത്തലോമിയോ ആവശ്യപ്പെട്ടു. അവര്‍ പാപപരിഹാരാര്‍ത്ഥം ഉപവസിക്കുകയും ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തു. പ്ലേഗ് ബാധ നിലച്ചു. തുടര്‍ന്ന് മാതാവ് ബര്‍ത്തലോമിയോയ്ക്ക് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് അവര്‍ മാതാവിന്റെ നാമാര്‍ത്ഥം ഒരു ദേവാലയം പണിതു. ഔര്‍ ലേഡി ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ് എന്ന് പേരും നല്കി.
1600 ല്‍ ഇതിനോടു ചേര്‍ന്ന് അഗസ്റ്റീനിയന്‍ ബ്രദേഴ്‌സ് ഒരു ആശ്രമം പണിതു. 1872 ല്‍ വിശുദ്ധ ഡോണ്‍ ബോസ്‌ക്കോയുടെ സുഹൃത്തായ എമിലിയാനോഅവിടെയെത്തുകയും ആശ്രമത്തിന്റെ അധികാരം സ്ഥാപിച്ചെടുക്കുകയും ചെയ്തു. ദേവാലയം പുതുക്കിപ്പണിതു. മാതാവിന്റെ മനോഹരമായ രണ്ടുചിത്രങ്ങള്‍ പെയ്ന്റ് ചെയ്ത് സ്ഥാപിക്കുകയും ചെയ്തു.
ഇന്നും ആ ചിത്രങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നു.