ക്യൂബയിലെ സാന്റിയാഗോയ്ക്ക് പുറത്തുള്ള മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ദേവാലയമാണ് ഔര്‍ ലേഡി ഓഫ് ചാരിറ്റി. ഔര്‍ ലേഡി ഓഫ് കോംബ്രെ എന്നും ഇത് അറിയപ്പെടുന്നു. ക്യൂബയുടെ ദേശീയ ആരാധനാലയമാണ് ഇത്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മൂന്നു നാവികര്‍ ഉപ്പു ശേഖരിക്കാന്‍ പുറപ്പെട്ടു. ചെറിയൊരു കപ്പലിലായിരുന്നു അവരുടെയാത്ര.
ഒരു കൊടുങ്കാറ്റില്‍ അവരുടെ കപ്പല്‍ ആടിയുലഞ്ഞു. അവരില്‍ ഒരാള്‍ പരിശുദ്ധ അമ്മയുടെ മെഡല്‍ ധരിച്ചിരുന്നു. മൂവരും മാതാവിന്റെ സംരക്ഷണം തേടി പ്രാര്‍ത്ഥിച്ചു. അതോടെ കൊടുങ്കാറ്റ് മാറി. അപ്പോള്‍ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത ഒരു രൂപം വെള്ളത്തില്‍ കാണപ്പെട്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ ഉണ്ണീശോയെ കൈയിലെടുത്തുപിടിച്ചിരിക്കുന്ന പരിശുദ്ധ കന്യകയാണ് അതെന്ന് അവര്‍ക്ക് മനസ്സിലായി. ഞാന്‍ കാരുണ്യത്തിന്റെ കന്യകയാണ് എന്ന് ഒരു പലകയില്‍ എഴുതിയിരിക്കുന്നതും അവര്‍ കണ്ടു. അവളുടെ വസ്ത്രങ്ങള്‍ നനഞ്ഞിട്ടില്ലെന്നും അവര്‍ക്കു മനസ്സിലായി. ഈ സംഭവം അവര്‍ തിരികെചെന്നപ്പോള്‍ അധികാരികളെ അറിയിക്കുകയും പരിശുദ്ധ അമ്മയോടുള്ള ആദരസൂചകമായി ഒരു ചെറിയ ചാപ്പല്‍ അവിടെ സ്ഥാപിക്കുകയും ചെയ്തു.
1936 ല്‍ മനോഹരമായ ആ ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ക്യൂബന്‍ പെണ്‍കുട്ടികളെപോലെ അല്‍പം ഇരുണ്ട നിറത്തിലുള്ള, സില്‍ക്കിന്റെ വസ്ത്രങ്ങള്‍ ധരിച്ച ഉണ്ണീശോയെ കൈയിലെടുത്തുപിടിച്ചിരിക്കുന്ന മാതാവിന്റെ രൂപമാണ് ഇത്. ബ്രൗണ്‍ കളറാണ് ഉണ്ണീശോയ്ക്ക്.