ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്കുന്നു. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും( യോഹ 13:34-35)
തന്റെ അന്ത്യഅത്താഴ വേളയില്‍ ഈശോ ശിഷ്യന്മാര്‍ക്ക് നല്കിയ ഉപദേശമാണ് ഇത്. ജീവിതത്തില്‍ നടപ്പിലാക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് നമ്മളില്‍ പലരും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നത്. ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാത്ത കാര്യങ്ങള്‍. എന്നാല്‍ ക്രിസ്തു അങ്ങനെയായിരുന്നില്ല, പരസ്പരം സ്‌നേഹിക്കണമെന്ന് അവസാനമായി ശിഷ്യരോട് പറഞ്ഞ യേശു ജീവിതത്തിന്റെ അവസാനനിമിഷങ്ങളില്‍ അതു കാണിച്ചുകൊടുക്കുകയുംചെയ്തു. തന്നെ അന്യായമായും അകാരണമായും പീഡിപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്ത പടയാളികളോടും ആദ്യമായി തന്നെ കണ്ടുമുട്ടിയവേളയിലും തന്നെ പരിഹസിക്കാന്‍ തയ്യാറായ ഇടതുവശത്തെ കള്ളനോടുമൊക്കെ ഈശോ എത്രയോ ഉദാരതാപൂര്‍വ്വമാണ് ക്ഷമിച്ചത്.
അങ്ങനെ കാല്‍വരി നമുക്ക് ഒരു പാഠം പറഞ്ഞുതരുന്നു. ശത്രുക്കളോട് എങ്ങനെ ക്ഷമിക്കണം അവരെ സ്‌നേഹിക്കണം എന്ന വലിയപാഠം. പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേയെന്നാണല്ലോ ഈശോ പ്രാര്‍ത്ഥിച്ചത്. ആ പ്രാര്‍ത്ഥന ഒരേ സമയം ക്ഷമയും സ്‌നേഹവുമായിരുന്നു. നോമ്പുകാലത്തിലൂടെ കടന്നുപോകുന്ന ഈ വേളയില്‍ നമുക്കും ശത്രുക്കളോട് ക്ഷമിക്കാനും അവരെ സ്‌നേഹിക്കാനും ശ്രമിക്കാം.