ഛത്തീസ്ഘട്ടിലെ കുങ്കുരിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു എന്ന് പ്രിന്‍സിപ്പലും മലയാളിയുമായ കത്തോലിക്കാ സന്യാസിനിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സിസ്റ്റര്‍ അംഗമായ ഹോളിക്രോസ് സന്ന്യാസിനി സമൂഹം വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചു. കുറിപ്പിന്റെ പൂര്‍ണ്ണരൂപംചുവടെ:
ഛത്തീസ്ഗഡ് സംസ്ഥാനത്തെ കുങ്കുരിയില്‍ സ്ഥിതിചെയ്യുന്ന ഹോളിക്രോസ് നഴ്‌സിംഗ് കോളേജിന്റെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെട്ടുയരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സംബന്ധിച്ച വിശദീകരണം നല്‍കാന്‍ കോളേജ് മാനേജ്‌മെന്റ് നിര്‍ബ്ബന്ധിതരായിരിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതവും സ്ഥാപനത്തിന്റെ പ്രശസ്തിയെ കളങ്കപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതുമാണ്.
ഒരു വിദ്യാര്‍ത്ഥിനിയെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ പ്രിന്‍സിപ്പാള്‍ നിര്‍ബന്ധിച്ചെന്നും ആ ആവശ്യം വിദ്യാര്‍ത്ഥിനി നിരസിച്ചതിന്റെ പേരില്‍ അവള്‍ പീഡനത്തിനിരയായെന്നും അവളെ അവസാന പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്നും കാമ്പസിലേക്ക് പ്രവേശനം നിഷേധിച്ചെന്നുമാണ് ചില തല്‍പരകക്ഷികള്‍ ആരോപിക്കുന്നത്. ഞങ്ങള്‍ ഈ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്നു.
മറ്റൊരു മാധ്യമ റിപ്പോര്‍ട്ടില്‍, ഒരു ജീവനക്കാരന്റെ മകനെതിരായ കോടതികേസുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ആരോപിക്കുന്നു. പ്രസ്തുത വിദ്യാര്‍ത്ഥിനി 2022ല്‍ പ്രവേശനം നേടിയയാളും രേഖകള്‍ പ്രകാരം കേസ് 2021ല്‍ തന്നെ അവസാനിച്ചുവെന്നതും വ്യക്തമാണെന്നിരിക്കെ ഈ ആരോപണവും അടിസ്ഥാനരഹിതമാണ്.
മതപരിവര്‍ത്തന ആരോപണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥിനിയെ സംബന്ധിച്ച്, രേഖകള്‍ പ്രകാരം ഹാജര്‍ വളരെ കുറവായിരിക്കുകയും പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കും അസൈന്‍മെന്റുകള്‍ക്കും ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്തിട്ടുണ്ട്. വിട്ടുപോയിട്ടുള്ള അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കാമെന്ന് 2025 ജനുവരി 15ന് അവള്‍ രേഖാമൂലം എഴുതി നല്‍കിയിരുന്നെങ്കിലും റിമൈന്‍ഡറുകള്‍ പലതും നല്‍കിയിട്ടും അത് അവള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.
തനിക്ക് പറ്റിയ വീഴ്ച മറച്ചുവയ്ക്കാനും സ്ഥാപനത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനും ആ വിദ്യാര്‍ത്ഥിനി കരുതിക്കൂട്ടി നടത്തിയ നീക്കമാണ് ഈ ആരോപണം എന്ന് ഞങ്ങള്‍ കരുതുന്നു. ഞങ്ങളുടെ സ്ഥാപന നേതൃത്വത്തിന്റെ സത്യസന്ധതയിലും മൂല്യാധിഷ്ഠിത സമീപനങ്ങളിലും ഉറച്ചു നില്‍ക്കുന്നതോടൊപ്പം, അധ്യാപനത്തിലെയും നടത്തിപ്പിലെയും ഉയര്‍ന്ന നിലവാരം തുടര്‍ന്നും കാത്തുസൂക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മുന്നില്‍ ഈ സ്ഥാപനമോ നേതൃത്വമോ തളരുകയില്ല എന്ന് പ്രഖ്യാപിക്കുന്നു.