ഈശോ ലാസറിനെ ഉയിര്‍പ്പിച്ച സംഭവം നമുക്കെല്ലാം അറിയാം. എന്നാല്‍ അതിനു ശേഷം ലാസര്‍ മരിച്ചതിനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ സൂചനകളൊന്നും കാണുന്നില്ല. ലാസര്‍ പിന്നീട് എങ്ങനെയാണ് മരിച്ചത്? എപ്പോഴാണ് മരിച്ചത്? ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ പാരമ്പര്യമനുസരിച്ചുള്ള കഥ ഇപ്രകാരമാണ്. ഈശോയുടെ മരണത്തിന് ശേഷം ശത്രുക്കളില്‍നിന്നുള്ള പീഡനങ്ങളെ തുടര്‍ന്ന ലാസറും സഹോദരിമാരും പലായനം ചെയ്യുകയും അവര്‍ സൈപ്രസില്‍ എത്തിച്ചേരുകയും ചെയ്തു. ലാസര്‍ പിന്നീട് കിറ്റിയോണിലെ മെത്രാനായി. അതിനുശേഷം 30 വര്‍ഷങ്ങള്‍ കഴിഞ്ഞ് സമാധാനപൂര്‍വ്വമായ മരണം പ്രാപിക്കുകയും ചെയ്തു. ഫ്രഞ്ച് പാരമ്പര്യം പറയുന്നത് മറ്റൊരു കഥയാണ്. മാഴ്‌സില്ലെയില്‍ ലാസര്‍ സുവിശേഷംപ്രസംഗിച്ചുനടക്കുകയും അവിടെത്തെ പ്രഥമ മെത്രാനായിത്തീരുകയും ചെയ്തു. ഒന്നാം നൂറ്റാണ്ടില്‍ രക്തസാക്ഷിയായി. പാരമ്പര്യവും കഥകളും എന്തുതന്നെയായിരുന്നാലും ശരി ഇരുസഭകളും ലാസറിനെ വിശുദ്ധനായി പരിഗണിക്കുകയും വിശുദ്ധ മര്‍ത്തായുടെ തിരുനാള്‍ ദിനമായ ജൂലൈ 29 ന് സംയുക്തായി ആചരിക്കുകയും ചെയ്യുന്നു.