വിശുദ്ധ ലൂയി ഒമ്പതാമന്‍ രാജാവ് വിശുദ്ധനാട് സന്ദര്‍ശനം കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ പാരീസില്‍ പണികഴിപ്പിച്ചതാണ് ഹോളി ചാപ്പല്‍. പരിശുദ്ധ അമ്മയുടെ ബഹുമാനാര്‍ത്ഥം സ്ഥാപിച്ച ദേവാലയമായിരുന്നു ഇത്. ഈശോയുടെ പീഡാനുഭവവേളയിലെ തിരുശേഷിപ്പുകള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഗോഥിക് ശൈലിയില്‍ പണികഴിപ്പിച്ച ഈ ദേവാലയം ഏഴുവര്‍ഷംകൊണ്ടാണ് പൂര്‍ത്തിയായത്. ദേവാലയകവാടത്തില്‍ കൃപാവരപ്രസാദപൂര്‍ണ്ണയായ മാതാവിന്റെ രൂപം സ്ഥാപിച്ചിട്ടുണ്ട്. മധ്യകാലഘട്ടത്തിലെ ഏറ്റവും പ്രമുഖ ദൈവശാസ്ത്രജ്ഞനായ ജോണ്‍ ഡോണ്‍സ് സ്‌കോട്ട്‌സ് മാതാവിന്റെ അമലോത്ഭവത്വത്തില്‍ വിശ്വസിച്ചിരുന്ന ആളായിരുന്നു.
അക്കാലത്ത് മാതാവിന്റെ അമലോത്ഭവത്വം വിശ്വാസസത്യമായി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. എങ്കിലും പുരോഹിതന്മാരൊക്കെ ഇക്കാര്യം പ്രസംഗപീഠങ്ങളില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ പലരും ഇതിനെതിരെ പ്രസംഗിച്ചിരുന്നു.മാതാവിന്റെ പാപരാഹിത്യത്തെക്കുറിച്ച് പ്രസംഗിച്ചിരുന്ന അദ്ദേഹം മാതാവിന് മുമ്പില്‍ ഒരു പന്തയം വച്ചു. താന്‍ മാതാവിന്റെ അമലോത്ഭവത്വത്തെക്കുറിച്ച് പ്രസംഗിക്കുന്നത് മാതാവിന് ഇഷ്ടമുള്ളതാണെങ്കില്‍ ശിരസുകുനിക്കണമെന്നായിരുന്നു മാതാവിന്റെ രൂപത്തിന് മുമ്പില്‍ മുട്ടുകുത്തിനിന്നുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടത്. അത്ഭുതമെന്ന് പറയട്ടെ മാതാവിന്റെ രൂപം തല കുനിച്ചു. ഈ അത്ഭുതത്തിന് നിരവധി വിശ്വാസികള്‍ സാക്ഷ്യംവഹിക്കുകയുണ്ടായി.
1993 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഡോണ്‍സ് സ്‌കോട്ടസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഫ്രഞ്ച് വിപ്ലവകാലത്ത് മാതാവിന്റെ രൂപം കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെട്ടു. 1248 ഏപ്രില്‍ 25 ന് ബോര്‍ഗസിലെ ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് പാരീസിലെ ലോവര്‍ ഹോളി ചാപ്പല്‍ മാതാവിനുവേണ്ടി സമര്‍പ്പിച്ചു.