തൊടുപുഴ: ജാര്‍ഖണ്ഡില്‍ മതപരിവര്‍ത്തന നിയമത്തിന്റെ പേരു പറഞ്ഞ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കപ്പെട്ട ഫാ.ബിനോയി വടക്കേടത്തുപറമ്പിലിന്റെ മോചനകാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. കണ്ണീരോടെ പ്രാര്‍ത്ഥനയില്‍ കാത്തിരിക്കുകയാണ് അച്ചന്റെ കുടുംബാംഗങ്ങളും മറ്റ് പ്രിയപ്പെട്ടവരും.
ബീഹാറിലെ ഭഗല്‍പ്പൂര്‍ രൂപതയുടെ കീഴില്‍ ജാര്‍ഖണ്ഡിലെ രാജ്ദാഹ മിഷനില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ഫാ. ബിനോയി. ഇദ്ദേഹത്തെ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരമാണ് കള്ളക്കേസില്‍ കുടുക്കിയത്. ജാമ്യാപേക്ഷ 16 ാം തീയതിലേക്ക് മാറ്റിയിരിക്കുകയാണ്. അതോടെ ഒരാഴ്ചയിലധികമായി ജയില്‍വാസം അനുഭവിക്കേണ്ട അവസ്ഥയിലേക്കാണ് അച്ചന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
അച്ചനൊപ്പം കസ്റ്റഡിയിലെടുത്ത ഫാ. അരുണ്‍ വിന്‍സെന്റിനെ വിട്ടയ്ക്കുകയും ചെയ്തിരുന്നു. ബിനോയി അച്ചന്റെ മാതൃഇടവകയായ ഫ്രാന്‍സിസ് ഡി സാലസ് പള്ളിയില്‍ വികാരി. ഫാ. ആന്റണിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. 15 നും പ്രത്യേകം പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
അച്ചനെതിരെയുള്ള കേസില്‍ രാജ്യാവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.