Friday, October 11, 2024
spot_img
More

    കുടുംബം അനുഗ്രഹം പ്രാപിക്കണോ, നിര്‍ബന്ധമായും ഈ മൂന്ന് കല്പനകള്‍ പാലിക്കണം: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

    ദൈവാനുഗ്രഹം തടസ്സപ്പെടുന്നതിന് ചില കാരണങ്ങളുണ്ട്. ഒരു ദേശത്ത് ദൈവാനുഗ്രഹം ലഭിക്കാത്തതിന് കാരണമായി എനിക്ക് തോന്നുന്നത് ഇതാണ്. ഒന്നാം പ്രമാണലംഘനം. പത്തുകല്പനകളില്‍ ഒമ്പതു കല്പനകളും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഒന്നാമത്തെ കല്പന വിശ്വാസവുമായി ബന്ധപ്പെട്ടാണ്. അത് ദൈവമായ കര്‍ത്താവ് ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത് എന്നാണ്.

    വിശ്വാസം ഉണ്ടെന്ന് പറയുന്ന പല കുടുംബങ്ങളുണ്ട്. പക്ഷേ യഥാര്‍ത്ഥത്തില്‍ അവിടെ വിശ്വാസമില്ല. യഥാര്‍ത്ഥ വിശ്വാസമുള്ള ഒരു വ്യക്തി ഒരിക്കലും കണി കാണലില്‍ വിശ്വസിക്കില്ല. ഒന്നാം തീയതിയില്‍ വിശ്വസിക്കില്ല. വാരഫലം വായിച്ചു ദിവസം ക്രമീകരിക്കില്ല. യേശുവില്‍ വിശ്വാസം ഉണ്ടെന്ന് പറയുമ്പോഴും നമ്മുടെ വിശ്വാസം കിടക്കുന്നത് മറ്റ് പലയിടങ്ങളിലാണ്. വിശ്വാസത്തിന്റെ പേരില്‍ കോമ്പ്രമൈസ് ചെയ്താല്‍ സാത്താന്‍ അവിടെ കയറിക്കൂടും. ഒരു കുടുംബത്തിലേക്ക് വലിയൊരു തിന്മ കടന്നുവരുന്നുണ്ടെങ്കില്‍ അതിനൊരു റൂട്ടുണ്ടാവും. മരിക്കേണ്ടിവന്നാലും യേശുക്രിസ്തുവിനെവിട്ടു മറ്റ് വഴിയെ പോകരുത്.

    ആഭിചാരക്രിയകള്‍ മലദൈവങ്ങള്‍, കടമറ്റത്ത് സേവ, സാത്താന്‍ സേവ ഇവയുടെയൊന്നും പുറകെ പോകരുത്. പരിശുദ്ധാത്മാവിനെപോലെയല്ല സാത്താന്‍. സാത്താന്‍ വന്നാല്‍ പിന്നെ മുച്ചൂടും മുടിപ്പിച്ചിട്ടേ പോകൂ.

    ഒന്നാം പ്രമാണ ലംഘനം നമ്മെ നശിപ്പിക്കും. ജാതകം എഴുതി വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഒരുപാട് ക്രൈസ്തവരുണ്ട്. മാമ്മോദീസാ വെള്ളം തലയില്‍ വീണിട്ടും വിശ്വാസം മറ്റൊരിടത്ത്. മന്ത്രവാദത്തിന്റെ കെട്ട് ഉണ്ടെങ്കില്‍ ആ കുടുംബത്തിലേക്ക് ദൈവാനുഗ്രഹം കടന്നുവരില്ല. നാശവും തകര്‍ച്ചയും വരുന്നത് ഒന്നാം പ്രമാണലംഘനത്തിലൂടെയാണ്. കൊലപാതകം, മോഷണം എന്നിവയെക്കാള്‍ വലിയ പാപമാണ് ഒന്നാം പ്രമാണ ലംഘനം.ജീവിതത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും യേശുവിനെ തള്ളിപ്പറയരുത്.

    അതുപോലെ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്.ദേവാലയം, ദൈവത്തിന് പ്രതിഷ്ഠിക്കപ്പെട്ട സ്ഥലം വിശുദ്ധമായി സൂക്ഷിക്കണം. കുര്‍ബാന ചൊല്ലുന്ന ഇടം വിശുദ്ധമായി സൂക്ഷിക്കണം. ദൈവാലയത്തെ ദൈവാലയമായി ബഹുമാനിക്കണം. അള്‍ത്താരയില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. തലേന്ന് പോണോഗ്രഫി കണ്ടിട്ട് യാതൊരു പശ്ചാത്താപവുമില്ലാതെ കുമ്പസാരിക്കാതെ വന്ന് ആരാധനകളില്‍ പങ്കെടുക്കാനായി വരുന്നവര്‍ സ്വന്തം ശിക്ഷാവിധി ഏറ്റുവാങ്ങുകയാണ് ചെയ്യുന്നത്. ദേവാലയത്തെ ദൈവാലയമായി കാണണം. അത് ചന്തസ്ഥലമായി കാണരുത്.

    പുരോഹിതരെ അപമാനിക്കുകയോ അവരെക്കുറിച്ച് ഇല്ലാക്കഥകള്‍ പറഞ്ഞുപരത്തുകയോ ചെയ്യരുത്. ഈ അച്ചന്‍ ഇങ്ങനെയാണ് ഈ സിസ്റ്റര്‍ ഇങ്ങനെയാണ് ഇങ്ങനെയൊന്നും പറഞ്ഞുനടക്കരുത്.
    കല്യാണം നടക്കാതെ വിഷമിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കൗണ്‍സലിംങിന് കണ്ടത് ചോരപുരണ്ട ഒരു ളോഹ ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് വന്നുവീഴുന്നതാണ്. കാരണം തിരക്കിയപ്പോള്‍ പറഞ്ഞത് അവന്റെ വല്യപ്പന്‍ ഒരു പുരോഹിതനെ കെട്ടിയിട്ട് അടിച്ചിട്ടുണ്ട് എന്നാണ്. അതിനൊക്കെ തിരിച്ചടികള്‍ ഉണ്ടാകും.

    മൂന്നാമത്തെ കാര്യം കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്നതാണ്.നിങ്ങളുടെ വീട്ടില്‍ പ്രാര്‍ത്ഥിക്കാന്‍ ഒരു സ്ഥലം, ഒരുപ്രാര്‍ത്ഥനാപ്പായ് എന്നിവയുണ്ടായിരിക്കണം. വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കണം. കാരണം പ്രാര്‍ത്ഥിച്ചാല്‍ അന്തരീക്ഷത്തില്‍ മാറ്റമുണ്ടാകും.

    നമ്മള്‍ ജീവിക്കുന്ന മണ്ണ് നമ്മളുണ്ടാക്കിയതല്ല. എത്രയോ കണ്ണീരു വീണ, ആഭിചാരം നടന്ന മണ്ണ്. എത്രയോ പാപം നടന്ന മണ്ണ്.എത്രയോ ദുഷ്ടാരൂപികള്‍ നിറഞ്ഞ മണ്ണ്. പ്രഭാതത്തിലും പ്രദോഷത്തിലും വീട്ടില്‍ പ്രാര്‍ത്ഥനാപ്പായ് വിരിച്ച് അപ്പനും അമ്മയും മക്കളും ഒരുമിച്ചിരുന്നുപ്രാര്‍ത്ഥിക്കണം. ഞായറാഴ്ചകള്‍ വിശുദ്ധമായി ആചരിക്കണം.

    ഞായറാഴ്ച നീ ചെയ്യാന്‍ പോകുന്ന ജോലി നിനക്ക് ബാധ്യതയായി മാറും. ആറു ദിവസം നിങ്ങള്‍ ജോലി ചെയ്‌തോ. പക്ഷേ ഏഴാം ദിവസം ദൈവാരാധനയ്ക്കായി നീക്കിവയ്ക്കണം. ഞായറാഴ്ച ദൈവത്തിന് വേണ്ടി നീക്കിവയ്ക്കണം. ഞായറാഴ്ച ആചരണം കൃത്യമായി പാലിക്കണം. ദൈവത്തെ ആരാധിക്കാന്‍, ദൈവവചനം പഠിക്കാന്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അതിനാണ് ഞായറാഴ്ച.

    ശനിയാഴ്ച ആറു മണി മുതല്‍ ഞായറാഴ്ച ആറു മണിവരെ കൃത്യമായി ഞായറാഴ്ച ആചരണം നടത്തിനോക്കിക്കോ നിങ്ങളുടെ കുടുംബം അനുഗ്രഹിക്കപ്പെടും. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകാതെ മറ്റ് ചടങ്ങുകള്‍ക്ക് പോയാല്‍ അതിനെല്ലാം കണക്ക് കൊടുക്കേണ്ടിവരും. സാബത്തിനെ ചവിട്ടിമെതിക്കരുത്.

    ഒന്നും രണ്ടും മൂന്നും പ്രമാണങ്ങളുടെ ലംഘനമാണ് ഇന്ന് പല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടാതെ പോകുന്നതിന് കാരണം. ഇതെന്റെ തിരിച്ചറിവാണ്. ഈ മൂന്നു പ്രമാണങ്ങളും പാലിച്ചോ ദൈവം കൂടെ നടക്കുന്ന അനുഭവം നിങ്ങള്‍ക്കുണ്ടാകും. ദൈവത്തിന് നമ്മെ അനുഗ്രഹിക്കാന്‍ ഒരൊറ്റ നിമിഷം മതി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!