ദൈവത്തിന് ആരെയാണ് കൂടുതലിഷ്ടം? വിശുദ്ധരെയും നല്ലവരെയുമാണ് ദൈവം കൂടുതല്‍ സ്‌നേഹിക്കുന്നത് എന്ന് ഒരിക്കലും വിചാരിക്കരുത്. ദൈവം ആരെയാണ് സ്‌നേഹി്ക്കുന്നത് എന്ന് വ്യക്തമാക്കുന്ന തിരുവചനഭാഗമാണ് റോമ അഞ്ചാം അധ്യായം എട്ടാം വാക്യം. അവിടെ നാം വായിക്കുന്നത് ഇപ്രകാരമാണ്.
എന്നാല്‍ നാം പാപികളായിരിക്കെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.
വിശുദ്ധരെ സ്‌നേഹിക്കാന്‍ എളുപ്പമാണ്. പക്ഷേ പാപികളെ സ്നഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ തിരുവചനത്തിലെ ആയിരിക്കെ എന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. നാം പാപികളായിരിക്കെ ദൈവം നമ്മെ സ്‌നേഹിച്ചു.
ഓര്‍ക്കുമ്പോള്‍ നിന്‍റെ കണ്ണുനിറയണം. നിന്റെ പുണ്യം നോക്കിയല്ല ദൈവം നിന്നെ സ്‌നേഹിച്ചത്.നിന്‍റെ യോഗ്യത നോക്കിയല്ല ദൈവം നിന്നെ സ്നേഹിച്ചത്. നീ നല്ലവനായതുകൊണ്ടല്ല ദൈവം നിന്നെ സ്നേഹിച്ചത്. നീ പാപിയായിരിക്കെയാണ് ദൈവം നിന്നെ സ്‌നേഹിച്ചത്.
നീതിമാന്മാരെ അന്വേഷിച്ചല്ല ക്രിസ്തു വന്നത്. മറിച്ച് പാപികളെ തേടിയാണ് ക്രി്‌സ്തു വന്നത്. ലോകത്തില്‍ വിലമതിക്കപ്പെടുന്നവര്‍ക്ക് വേണ്ടി ചെയ്യാന്‍ ഒരുപാടുപേരുണ്ടാവും. പ്രശസ്തരായ ആളുകള്‍ക്ക് കിഡ്‌നി കൊടുക്കാനും അവയവം ദാനം ചെയ്യാനും ആളുകള്‍ ക്യൂ നില്ക്കുന്നുണ്ടാവും.സിനിമാക്കാര്‍, രാഷ്ട്രീയക്കാര്‍, മന്ത്രിമാര്‍ ഇവരുടെ ആവശ്യങ്ങളില്‍ സഹായിക്കാനും അപകടത്തില്‍ പെടുമ്പോള്‍സഹായിക്കാനുമായി ഒരുപാടു പേരുണ്ടാകും. പക്ഷേ ആരുമല്ലാത്തവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ എത്ര പേര്‍ തയ്യാറാവും?
നിനക്കു വേണ്ടി ക്രിസ്തു മരിക്കണമെങ്കില്‍ നീ ആരാണ്? അപ്പനു വേണ്ടി കരള്‍ കൊടുത്ത ഒരു മകനെ എനിക്കറിയാം. പക്ഷേ അതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല കാരണം അവര്‍ അപ്പനും മകനുമാണ്. കുളത്തില്‍ വീണുപോയ കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ ചാടിയ വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. അമ്മയും കുഞ്ഞും മരിച്ചുപോയിട്ടുമുണ്ട് അത്തരം സന്ദര്‍ഭങ്ങളില്‍ പലരും ഗദ്ഗദപ്പെടുന്നതും കണ്ടിട്ടുണ്ട്. കണ്ടില്ലേ ആ അമ്മയുടെ സ്‌നേഹം. അമ്മയുടെ ത്യാഗം എന്ന മട്ടില്‍. അതിലും വലിയ കാര്യമില്ല. കാരണം അമ്മയുടെ കുഞ്ഞായതുകൊണ്ടാണ് അമ്മ അതിനെ രക്ഷിക്കാന്‍ കുളത്തില്‍ ചാടിയത്. പശുവോ ആടോ ആയിരുന്നെങ്കില്‍ അമ്മ കുളത്തില്‍ ചാടി തന്റെ കൂടി ജീവന്‍ അപകടത്തിലാക്കുകയില്ലായിരുന്നു.
മാര്‍പാപ്പ കേരളത്തില്‍ വരുമ്പോള്‍ നിങ്ങളുടെ വീട്ടിലാണ് ഭക്ഷണം കഴിക്കാന്‍ വരുന്നത് എന്നിരിക്കട്ടെ. അപ്പോള്‍ നാ്ട്ടിലുള്ള എല്ലാവരും ചോദിക്കും, എടാ മാര്‍പാപ്പ നി്‌ന്റെ വീട്ടില്‍ വരാന്‍ മാത്രം നീ ആരാടാ? മാര്‍പാപ്പയുടെ കാര്യം പറയുമ്പോള്‍ നീ ഞെട്ടും. എന്നാല്‍ നിനക്കു വേണ്ടി യേശുക്രിസ്തു മരിക്കുമ്പോഴോ?
യേശുക്രിസ്തു ആരാണ് എന്നല്ല ഞാന്‍ ചോദിക്കുന്നത് നീ ആരാണ് എന്നാണ്. യേശുക്രിസ്തു നമുക്കുവേണ്ടി മരിച്ചത് , ജീവന്‍ നല്കിയത് നാം പാപികളായതുകൊണ്ടാണ്. അല്ലാതെ നാം വിശുദധരായതുകൊണ്ടല്ല .നമ്മുടെ സൗന്ദര്യം നോക്കിയോ കുടുംബപാരമ്പര്യം നോക്കിയോ അല്ല ക്രിസ്തു മരിച്ചത്.
ബറാബാസിനെ വെറുതെ വിടുക, യേശുക്രിസ്തുവിനെ കുരിശിലേറ്റുക എന്ന് അലറിപ്പറഞ്ഞവര്‍ക്കിടയില്‍ നില്ക്കുമ്പോള്‍ ബറാബാസ് ചിന്തിച്ചത് ഇതായിരിക്കും. എനിക്ക് വേണ്ടി യേശുക്രിസ്തു മരിക്കണമെങ്കില്‍ ഞാന്‍ ആരാണ്. ദൈവപുത്രന്‍ എനിക്ക് വേണ്ടി മരിക്കണമെങ്കില്‍ ഞാന്‍ ആരാണ്?
അപ്പോള്‍ നാം ചിന്തിക്കേണ്ടത് ഇതാണ്. നിനക്കും എനിക്കും വേണ്ടി ദൈവപുത്രന്‍ മരിക്കണമെങ്കില്‍ നീ ആരാണ്.ഞാന്‍ ആരാണ് ഓരോ ദിവസവും നാം ഇതേക്കുറിച്ച് ധ്യാനിക്കണം. അന്ന് നീ മനസ്സിലാക്കും ക്രിസ്തു നിന്റെ രക്ഷകനും നാഥനും കര്‍ത്താവുമാണെന്ന് .