1218 ഓഗസ്റ്റ് 1 .
സെന്റ് റെയ്മണ്ടിനും അരഗോണിലെ ജെയിംസ് ഒന്നാമന്‍ രാജാവിനും വിശുദ്ധ പീറ്റര്‍ നോളാസ്‌കോയ്ക്കും മൂന്ന് വ്യത്യസ്ത ഇടങ്ങളിലായി മൂന്നു വ്യത്യസ്ത ദര്‍ശനങ്ങളില്‍ മാതാവ് പ്രത്യക്ഷപ്പെടുകയും തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ഒരു ക്രമം സ്ഥാപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിന്‍പ്രകാരമാണ് ഔവര്‍ ലേഡി ഓഫ് റാന്‍സം അഥവാ മോചനമാതാവിനോടുളള ഭക്തി ആരംഭിച്ചത്.
സ്‌പെയിനിലെ ശക്തമായ ഇസ്ലാമിക തായ്ഫ രാജ്യങ്ങളും, മെഡിറ്ററേനിയന്‍ കടലിന്റെ എതിര്‍ വശത്തുള്ള ഓട്ടോമന്‍ സാമ്രാജ്യവും ചരിത്രത്തില്‍ മറ്റൊരിടത്തും കണ്ടിട്ടില്ലാത്തവിധത്തില്‍ അടിമ വ്യാപാരം നടത്തിയിരുന്ന കാലമായിരുന്നു അത്. ഈ പ്്ശ്ചാത്തലത്തിലാണ് മോചനമാതാവിന്റെ പ്രത്യക്ഷപ്പെടല്‍. സ്പാനിഷുകാരെയാണ് പിടികൂടി തടവിലാക്കുകയും അടിമകളാക്കി വില്ക്കുകയും ചെയ്തിരുന്നത്.കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുകയോ അല്ലെങ്കില്‍ കടുത്ത വിവേചനം, പീഡനം, മരണം എന്നിവ നേരിടുകയോ ചെയ്യേണ്ടിവന്നു.. അടിമക്കച്ചവടം നടന്ന മുഴുവന്‍ സമയത്തും അമേരിക്കയിലേക്ക് അയച്ച എല്ലാ അടിമകളുടെയും എണ്ണത്തേക്കാള്‍ കൂടുതല്‍ വെള്ളക്കാരായ യൂറോപ്യന്മാരെ ഒരു വര്‍ഷം കൊണ്ട് തടവുകാരായി പിടികൂടിയതായി കണക്കാക്കപ്പെടുന്നു.
1203ല്‍, പീറ്റര്‍ നോളാസ്‌കോ എന്നയാള്‍ ‘ക്രിസ്തുവിന്റെ ദരിദ്രര്‍’ എന്ന് വിളിച്ച സമ്പന്നരോ പ്രമുഖരോ അല്ലാത്തവരെ മോചിപ്പിക്കുന്നതിനായി ഒരു സംഘടന രൂപീകരിച്ചു. പീറ്റര്‍ നോളാസ്‌കോ ഒരു പുരോഹിതനല്ലായിരുന്നു, പക്ഷേ ക്രിസ്ത്യന്‍ തടവുകാരെ രക്ഷിക്കാന്‍ അദ്ദേഹം ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചു, മറ്റ് പുരുഷന്മാര്‍ താമസിയാതെ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിന് സഹായിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ തടവുകാര്‍ ഉണ്ടായിരുന്നു, അതിനാല്‍ പത്രോസ് സഹായത്തിനായി ദൈവത്തിലേക്കും വാഴ്ത്തപ്പെട്ട അമ്മയിലേക്കും തിരിഞ്ഞു. അപ്പോഴാണ് 1218 ഓഗസ്റ്റ് 1ന് പരിശുദ്ധ അമ്മ, ഔവര്‍ ലേഡി ഓഫ് റാന്‍സം, അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടതും വിശുദ്ധ റൈയ്മണ്ടിന്റെയും അരഗോണിലെ രാജാവായ ജെയിംസ് ഒന്നാമന്റെയും പിന്തുണയോടെ അടിമകളെ മോചിപ്പിക്കാനായി ഒരു മതസംഘടനയ്ക്ക് രൂപം നല്കാന്‍ ആവശ്യപ്പെട്ടതും.
പിറ്റേന്ന് വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ രാജാവായ ജെയിംസ് ഒന്നാമന്റെ കൊട്ടാരത്തില്‍ പോയി, രാജാവിന് പരിശുദ്ധ കന്യകയുടെ ഒരു ദര്‍ശനം ലഭിച്ചിരുന്നതിനാല്‍, പീറ്റര്‍ നൊളാസ്‌കോ ചെയ്യാന്‍ ഉദ്ദേശിച്ചതിനെ അദ്ദേഹം അങ്ങേയറ്റം പിന്തുണച്ചു.
ഓഗസ്റ്റ് 10 ന്, ബാഴ്‌സലോണയിലെ ഹോളി ക്രോസ് കത്തീഡ്രലില്‍, ഔവര്‍ ലേഡി ഓഫ് മേഴ്‌സി ആന്‍ഡ് ദി റിഡംപ്ഷന്‍ ഓഫ് ദി ക്യാപ്റ്റീവ്‌സിന്റെ സെലസ്റ്റിയല്‍ ആന്‍ഡ് മിലിട്ടറി ഓര്‍ഡര്‍ ഔദ്യോഗികമായി രൂപീകരിച്ചു. അതിലെ അംഗങ്ങളുടെ പ്രതിജ്ഞകളില്‍ ഒന്ന് തടവുകാരുടെ സ്ഥാനം ഏറ്റെടുക്കുകയും കത്തോലിക്കാ വിശ്വാസം നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഏതൊരു ക്രിസ്ത്യാനിക്കും വേണ്ടി മരിക്കുകയും ചെയ്യുമെന്നതായിരുന്നു.
1235 ല്‍ പോപ്പ് ഗ്രിഗറി ഒമ്പതാമന്‍ ഈ ഓര്‍ഡറിനെ നിയമപരമായി അംഗീകരിച്ചു. വിശുദ്ധ പീറ്റര്‍ നൊളാസ്‌ക്കോയുടെ ജീവിതകാലത്ത് 2700 തടവുകാരെ മോചിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.