പോര്‍ച്ചുഗലിലെ ഡൗറോ നദിക്കരയിലുള്ള കാര്‍ക്വറിലെ മാതാവിന്റെ ചരിത്രം പോര്‍ച്ചുഗലിലെ ആദ്യത്തെ രാജാവായിത്തീര്‍ന്ന അഫോണ്‌സോ ഹെന്റിക്വസിന്റെ അത്ഭുതകരമായ രോഗസൗഖ്യവുമായി ബന്ധപ്പെട്ടാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. അഫോണ്‍സോ രാജകുമാരന്‍ വികലാംഗനായിട്ടാണ് ജനിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിഗത അധ്യാപകനും ഗവര്‍ണറുമായി നിയമിതനായത് എഗാസ് ദെ മോണിസ് എന്ന വ്യക്തിയായിരുന്നു. മോണിസിന് രാജകുമാരന്റെ കാര്യത്തില്‍ അത്യധികം സഹതാപം അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് രാജകുമാരന്റെ രോഗസൗഖ്യത്തിനുവേണ്ടി അദ്ദേഹം മാതാവിനോട് നിരന്തരം മാധ്യസ്ഥം യാചിച്ചുപ്രാര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടിയായി രാജകുമാരന്റെ കാല്‍ നേരെയായി. ആ സംഭവം ഇങ്ങനെയാണ്: വര്‍ഷം 1113. ഒരു രാത്രി. രാജകുമാരന് നാല് വയസ് പ്രായം., എഗാസ് ഡി മോണിസ് അവനെ കട്ടിലില്‍ കിടത്തി അറിയാതെ ഉറങ്ങിപ്പോയി. ആ സമയം ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് ഗവര്‍ണറെ ഉണര്‍ത്തി ചോദിച്ചു: ‘നീ ഉറങ്ങുകയാണോ?’
ഗവര്‍ണര്‍ക്ക് മാതാവിനെ മനസ്സിലായില്ല. അദ്ദേഹം ചോദിച്ചു. സ്്ത്രീയേ നീ ആരാണ്? ‘ഞാന്‍ കന്യകാമറിയമാണ്,’ അവള്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് ഡൗറോ നദിക്ക് മുകളിലുള്ള കുന്നുകളിലെ ഒരു പ്രത്യേക സ്ഥലത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട മാതാവ്തന്റെ നാമത്തില്‍ ആരംഭിച്ച ഒരു പള്ളിയും തന്റെ ഒരു രൂപവും കണ്ടെത്തുമെന്നും അറിയിച്ചു. കുട്ടിയെ രാത്രി മുഴുവന്‍ ബലിപീഠത്തില്‍ വയ്ക്കുക, അവന്‍ സുഖം പ്രാപിക്കും’പ്രത്യക്ഷീകരണത്തിനുശേഷം ആശ്വാസവും സന്തോഷവും അനുഭവിച്ച ഗവര്‍ണര്‍ തകര്‍ന്ന ചാപ്പല്‍ അന്വേഷിച്ചു, പരിശുദ്ധ കന്യക പറഞ്ഞതുപോലെ അതും ചെറിയ രൂപവും കണ്ടെത്തി. പിന്നീട്, രാജ്ഞിയും പരിവാരങ്ങളും ചേര്‍ന്ന്, രാജകുമാരനെ ചാപ്പലിലേക്ക് കൊണ്ടുപോയി, രാത്രി മുഴുവന്‍ അവനെ ബലിപീഠത്തില്‍ കിടത്തി.
ചാപ്പലില്‍ പ്രവേശിച്ചതിനുശേഷം, മുഴുവന്‍ പരിവാരങ്ങളുംഉറക്കത്തിലേക്ക് വീണു, രാജകുമാരന്‍ മാത്രം ഉണര്‍ന്നിരുന്നു. അവന്‍ അള്‍ത്താരയിലെ മെഴുകുതിരികള്‍ കത്തുന്നത് നോക്കിക്കിടന്നു. പെട്ടെന്ന് എങ്ങനെയോ അള്‍ത്താരയില്‍ തീപിടിച്ചു. തീ ദേവാലയത്തില്‍ ആളിപ്പടര്‍ന്നു. രാജകുമാരന് അമ്മയെയോ ഗവര്‍ണറെയോ ഉണര്‍ത്താന്‍ കഴിഞ്ഞില്ല, അതിനാല്‍ അവന്‍ അള്‍ത്താരയില്‍ കയറി തീ കെടുത്തി. അപ്പോഴാണ് താന്‍ സുഖം പ്രാപിച്ചുവെന്ന് ് മനസ്സിലായത്, മുഴുവന്‍ പരിവാരങ്ങളെയും ഉണര്‍ത്തുമ്പോള്‍ അവന്‍് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. മാതാവ് നല്‍കിയ അത്ഭുതത്തിന് അവര്‍ നന്ദി പറഞ്ഞു.
രാജകുമാരന് പിന്നീട് കുതിരസവാരി ചെയ്യാനും ആയുധങ്ങള്‍ ഉപയോഗിക്കാനും സാധിച്ചു. അദ്ദേഹം അവിടെ ഒരു പുതിയ പള്ളി പണിതു, അത് ‘കാര്‍ക്വറിന്റെ അത്ഭുതം’ എന്ന പേരില്‍ പ്രസിദ്ധമായി.കാര്‍ക്വറി മാതാവിന്റെ അത്ഭുത പ്രതിമ ആനക്കൊമ്പില്‍ കൊത്തിയെടുത്തതും 29 മില്ലിമീറ്റര്‍ മാത്രം ഉയരമുള്ളതുമാണ്. ഉണ്ണിയേശുവിനൊപ്പം പരിശുദ്ധ അമ്മയെ മുട്ടുകുത്തി ഇരിക്കുന്ന രീതിയിലാണ് ഈ ശില്‍പം ചിത്രീകരിച്ചിരിക്കുന്നത്. ഉണ്ണീശോ ഇടതുകൈയില്‍ ഒരു പുസ്തകം പിടിച്ച് വലതുകൈകൊണ്ട് അനുഗ്രഹം നല്‍കുന്നുമുണ്ട്.. സ്‌പെയ്‌നില്‍ ഇപ്പോഴും ഈ ദേവാലയം കാണാന്‍ കഴിയും.