പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജര്‍മ്മനിയിലാണ് മാതാവിന്റെ ഏഴു വ്യാകുലങ്ങളുടെ തിരുനാള്‍ ആരംഭിച്ചതെന്ന് വിശുദ്ധ അല്‍ഫോന്‍സസ് ലിഗോറി പറയുന്നു. വ്യാകുലമാതാവിന്റെ ചിത്രങ്ങള്‍നശിപ്പിക്കുന്നതില്‍ വളരെ സജീവമായിരുന്ന ഐക്കണോക്ലാസ്റ്റ് ‘ഹുസൈറ്റുകളുടെ’ പാഷണ്ഡതകള്‍ക്കെതിരെ പോരാടുന്നതിനായി 1413ല്‍ കൊളോണില്‍ വിളിച്ചുകൂട്ടിയ ഒരു അസംബ്ലിയില്‍ ആര്‍ച്ച് ബിഷപ്പ് തിയോഡ്രിക്കസ് ഈ ദിവസം ആചരിക്കാന്‍ ഉത്തരവിടുകയായിരുന്നു.
പതിനാറാം നൂറ്റാണ്ടിന് മുമ്പ് വടക്കന്‍ ജര്‍മ്മനി, സ്‌കാന്‍ഡിനേവിയ, സ്‌കോട്ട്‌ലന്‍ഡ് എന്നീ രൂപതകളില്‍ മാത്രമേ ഈ തിരുനാള്‍ ആചരിച്ചിരുന്നുള്ളൂ, എന്നാല്‍ പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, അത് യൂറോപ്പിന്റെ തെക്ക് ഭാഗത്തേക്ക് വ്യാപിച്ചു. 1506ല്‍ പീഡാനുഭവ ഞായറാഴ്ചയ്ക്ക് മുമ്പുള്ള വെള്ളിയാഴ്ച മാതാവിന്റെ വ്യാകുലങ്ങളുടെ തിരുനാളായി ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1727 ഏപ്രില്‍ 22ന് ബെനഡിക്ട് പതിമൂന്നാമന്‍ ‘സെപ്റ്റം ഡോളോറം’ എന്ന പേരില്‍ ഈ തിരുനാള്‍ സഭ മുഴുവനും പ്രചരിപ്പിച്ചു. ഉണ്ണീശോയെ ദേവാലയത്തില്‍ കാഴ്ചവച്ചത്, ഈജിപ്തിലേക്കുള്ള പലായനം, ഉണ്ണീശോയെ ദേവാലയത്തില്‍ വച്ച് കാണാതായത്. കുരിശിന്റെ വഴി, ഈശോ കുരിശില്‍ മരിച്ചത്, ഈശോയുടെ മൃതദേഹം മാതാവിന്റെ മടിയില്‍ കിടത്തിയത്, ഈശോയെ കല്ലറയില്‍ അടക്കം ചെയ്തത് എന്നിവയാണ് മാതാവിന്റെ ജീവിതത്തിലുണ്ടായ ഏഴു വ്യാകുലങ്ങള്‍.