വാല്‍വനേരിലെ റോയല്‍ ആബി ദേവാലയത്തില്‍, ബെനഡിക്‌റ്റൈന്‍ സന്യാസിമാര്‍ കാത്തുസൂക്ഷിച്ചിരുന്ന മരിയന്‍രൂപമാണ് ഇത്. പത്താം നൂറ്റാണ്ടിലേതാണ് ഇത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ രൂപവുമായി ബന്ധപ്പെട്ട കഥ ഇങ്ങനെയാണ് നുനോ ഒനെസ് എന്നു പേരുളള ഒരു കള്ളനുണ്ടായിരുന്നു. കാമവും മോഷണവുമായിരുന്നു അയാളുടെ പ്രധാന ഹോബി. എങ്കിലും ഒരു ദിവസം ഒരു മനുഷ്യന്റെ പ്രാര്‍ത്ഥനയാല്‍ അയാള്‍ മാനസാന്തരപ്പെട്ടു.
പശ്ചാത്താപവിവശനായ അയാള്‍ തന്റെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാകാന്‍ വേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിച്ചു. അയാള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മാലാഖ അയാള്‍ക്ക് പ്രത്യക്ഷപ്പെടുകയും വാല്‍വനേരേയിലേക്ക് പോയി ഒരു അരുവിയുടെ സമീപത്തുള്ള ഓക്കുമരത്തിന്റെ ചില്ലകളില്‍ ഒരു മരിയന്‍രൂപം കണ്ടെത്തുമെന്ന് അറിയിക്കുകയും ചെയ്തു. നൂനോ അവിടേയ്ക്ക് പോകുകയും മാലാഖ പറഞ്ഞതുപോലെ മാതാവിന്റെ രൂപം കണ്ടെത്തുകയും ചെയ്തു. എട്ടാം നൂറ്റാണ്ടില്‍ മുസ്ലീങ്ങള്‍ ഐബീരിയന്‍ ഉപദ്വീപ് ആക്രമിച്ചപ്പോള്‍ ആ പ്രതിമ അവിടെ ഒളിപ്പിച്ചുവച്ചതാകാം എന്നാണ് കരുതപ്പെടുന്നത്. സാന്റോ ക്രിസ്‌റ്റോ എന്ന പേരില്‍ അവിടെയൊരു ദേവാലയം പിന്നീട് പണിയപ്പെട്ടു. ബെനഡിക്ടൈന്‍ സന്യാസിമാരുടെ അധികാരപരിധിയിലായി ആ ദേവാലയം.