വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയ്ക്ക് പുതിയ ഏഴു വിശുദ്ധര്‍ കൂടി. ഇന്നലെ ലെയോപതിനാലാമന്‍ പാപ്പ ബെര്‍ത്തലോ ലോംഗോ ഉള്‍പ്പടെ ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദവിയിലേക്കുയര്‍ത്തി. സാത്താനിക് വൈദികനായിരിക്കുകയും പിന്നീട് കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്ന് വിശുദ്ധജീവിതം നയിക്കുകയും ചെയ്ത വ്യക്തിയാണ് ബെര്‍ത്തലോ ലോംഗോ. ഓട്ടോമന്‍ സാമ്രാജ്യകാലത്ത് രക്തസാക്ഷിയായ ഇഗ്നേഷ്യസ് മാലോയന്‍, പാപ്പുവാ ന്യൂ ഗിനിയായില്‍ നിന്നുള്ള പീറ്റര്‍ തോ റോട്ട്, വെനിസ്വേലയില്‍ നിന്നുള്ള ജോസ് ഗ്രിഗോറിയോ ഹെര്‍നാന്‍ഡെസ്,ഇറ്റലിയിലും ഇക്വഡോറിലുമായി ജീവിച്ച മരിയ ട്രോണ്‍കാറ്റി, വെനിസ്വേലയില്‍ നിന്നുള്ള മരിയ ദെല്‍ കാര്‍മെന്‍, ഇറ്റലിയില്‍ നിന്നുള്ള വിന്‍സെന്‍ഷ്യ എന്നിവരാണ് മറ്റ് നവവിശുദ്ധര്‍. മൂന്നു വനിതകളും നാലു പുരുഷന്മാരുമാണ് വിശുദ്ധരുടെ പുതിയ ഗണത്തിലുള്ളത്. ഇതില്‍ നാലുപേര്‍ അല്മായരാണ്. രണ്ടുപേര്‍ സന്യാസസമൂഹങ്ങളുടെ സ്ഥാപകരും. പാപ്പുവാ ന്യൂഗിനിയായില്‍ നിന്നുള്ള ആദ്യ വിശുദ്ധനാണ് പീറ്റര്‍ തോ റോട്ട്.