വത്തിക്കാന്‍ സിറ്റി: സകലമരിച്ചവരുടെയും തിരുനാള്‍ ആചരിക്കുന്ന നവംബര്‍ രണ്ടാം തീയതി ലെയോ പതിനാലാമന്‍ പാപ്പ റോമിലെ വെറാനോ സെമിത്തേരിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. നവംബര്‍ 1, 2 തീയതികളില്‍ റോമിലെ വിവിധ സെമിത്തേരികളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണങ്ങള്‍ ഉണ്ടായിരിക്കും. ഒന്നാം തീയതി രാവിലെ പതിനൊന്നിനും വൈകുന്നേരം മൂന്നരയ്ക്കും ലൗറെന്തീനോ സെമിത്തേരിയില്‍ വിശുദ്ധ കുര്‍ബാന നടക്കും. നവംബര്‍ രണ്ടാം തീയതി പതിനൊന്നിനും വൈകുന്നേരം നാലിനും കുര്‍ബാനയുണ്ടായിരിക്കും. ഓസ്തീയ അന്തീക്ക സെമിത്തേരിയില്‍ ശനിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. സകല വിശുദ്ധരുടെയും സകല മരിച്ചവരുടെയും തിരുനാളുകളുമായി ബന്ധപ്പെട്ടാണ് അന്നേ ദിവസങ്ങളില്‍ സെമിത്തേരികളില്‍ കൂടുതല്‍ വിശുദ്ധ കുര്‍ബാനകള്‍ നടക്കുന്നത്.