Monday, November 4, 2024
spot_img
More

    വഴിയറിയാതെ നില്ക്കുകയാണോ, സമുദ്രതാരമായ മറിയത്തോടു പ്രാര്‍ത്ഥിക്കൂ, സുരക്ഷിതതീരങ്ങളില്‍ അമ്മ നമ്മെ എത്തിക്കും

    കടലിലൂടെ യാത്ര ചെയ്തിട്ടുള്ളവര്‍ക്കറിയാം ചില പ്രകാശതുരുത്തുകള്‍ അവരെ വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കും. ആ വിളക്കുകള്‍ക്ക് നേരെ വഴി തിരിച്ചുവിട്ടാല്‍ യാത്രകള്‍ വളരെ എളുപ്പവുമാകും. ആത്മീയയാത്രയിലെ പല പല ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും മുമ്പിലും ഈ പൊതുതത്വം ബാധകമാണ്. പരിശുദ്ധ മറിയം എന്ന പ്രകാശഗോപുരമാണ് ആത്മീയയാത്രയിലെ നമ്മുടെ ഇരുള്‍ അകറ്റുന്നതും ലക്ഷ്യസ്ഥാനത്ത്എത്തിക്കാന്‍ ഏറെ സഹായംചെയ്യുന്നതും.

    ലൗകികജീവിതത്തിലെ പ്രയാസങ്ങളിലും അമ്മ തന്നെയാണ് നമുക്കാശ്രയിക്കാവുന്ന ഏറ്റവും ശക്തമായ മാധ്യസ്ഥ. മേരി എന്ന വാക്കിന് സമുദ്രതാരം എന്നാണ് അര്‍ത്ഥം. ജീവിതത്തിലെ കാറും കോളും നിറഞ്ഞ അവസ്ഥകളിലൂടെ കടന്നുപോകുമ്പോള്‍, പ്രയാസങ്ങളും പ്രതിബന്ധങ്ങളും നിറഞ്ഞ ജീവിതവഴിയിലൂടെ യാത്ര ചെയ്യുമ്പോള്‍ നമ്മെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ സമുദ്രതാരമായ മറിയത്തിന് നിഷ്പ്രയാസം കഴിയുമെന്നത് മരിയഭക്തരായ നമ്മുടെ ഓരോരുത്തരുടെയും അനുഭവമാണ്. അത്തരമൊരു അനുഭവത്തിലേക്ക് നാം വളരണമെങ്കില്‍ നാം ചിലതൊക്കെ ചെയ്യേണ്ടതുമുണ്ട്.

    നാം അമ്മയില്‍ ആശ്രയിക്കണം, അമ്മയുടെ മാധ്യസ്ഥതയില്‍ വിശ്വസിക്കണം. അമ്മയോട് പ്രാര്‍ത്ഥിക്കണം. വഴിയറിയാതെ നില്ക്കുമ്പോള്‍, സുരക്ഷിതതീരത്ത് എത്തിച്ചേരാന്‍, പ്രയാസങ്ങളെ മറികടക്കാന്‍, പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ നമുക്ക് അമ്മയോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം:

    മറിയമേ, സ്വര്‍ഗ്ഗീയ രാജ്ഞീ, സമുദ്രതാരമേ അനുദിനജീവിതത്തിലെ പല പല ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും മുമ്പില്‍ വഴിയറിയാതെ നില്ക്കുന്ന ഞങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതരുകയും ഞങ്ങളുടെ വഴികളില്‍ കൂടെ വരികയും ചെയ്യണമേ.

    കടല്‍ യാത്രക്കാര്‍ക്ക് പ്രകാശഗോപുരങ്ങള്‍ വഴി കാട്ടിയാകുന്നതുപോലെ ഇരുണ്ടുപോകുന്ന ഞങ്ങളുടെ ആത്മീയ ജീവിതങ്ങളില്‍ അമ്മയെന്ന വിളക്കുമരം എപ്പോഴും പ്രകാശിച്ചുനില്ക്കണമേ.ഞങ്ങളുടെ ഭയങ്ങളെ ഇല്ലായ്മ ചെയ്യുകയും ദു:ഖങ്ങളില്‍ ആശ്വാസം നല്കുകയും ചെയ്യണമേ. ഞങ്ങളുടെ കണ്ണീരുകള്‍ തുടച്ചുനീക്കണമേ, ഞങ്ങളുടെ സങ്കടങ്ങള്‍ക്ക് വേണ്ടി നീ അഭിഭാഷകയാകണമേ.

    കൃപയുടെയും സ്‌നേഹത്തിന്റെയും ഉറവിടമായ അമ്മേ ഞങ്ങള്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കണമേ ആമ്മേന്‍

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!