Thursday, November 20, 2025
spot_img
More

    ചതിക്കപ്പെടാൻ ഒരു മുനമ്പം..!

    ഫാ. ജോഷി മയ്യാറ്റിൽ

    ഡിവിഷൻ ബഞ്ചിൻ്റെ വിധി വന്നിട്ട് നാല്പതു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. സമഗ്രമായ അന്വേഷണമോ സർവ്വെയോ പഴുതടച്ച നടപടിക്രമങ്ങളോ സമഗ്രമായ റിപ്പോർട്ടോ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഔദ്യോഗികമായ വിജ്ഞാപനരേഖയോ മുനമ്പത്തിൻ്റെ കാര്യത്തിൽ വഖഫ് ബോർഡിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നും വഖഫ് ബോർഡിൻ്റെ 20.5.2019ലെ ചട്ടവിരുദ്ധമായ കല്പന അനുസരിക്കാൻ റവന്യൂ വകുപ്പിന് ഒരു ബാധ്യതയും ഇല്ല എന്നുമുള്ള ഹൈക്കോടതിയുടെ വ്യക്തമായ നിരീക്ഷണത്തിന് ഇടയാക്കിയത് സർക്കാർ തന്നെ നൽകിയ സത്യവാങ്മൂലം ആണ് എന്നതാണ് വാസ്തവം. എന്നാൽ, റവന്യൂ വകുപ്പിനു സംഭവിച്ച തെറ്റു തിരുത്താനും കഴിഞ്ഞ നാലു വർഷങ്ങളായി മുനമ്പംകാർ അനുഭവിക്കുന്ന അനീതിപരമായ റവന്യൂ തടങ്കലിന് അന്ത്യം വരുത്താനും ലഭിച്ച ഈ സുവർണാവസരം വിനിയോഗിക്കാൻ പിണറായി സർക്കാർ തയ്യാറായില്ല.

    മറിച്ച്, സർക്കാർ തന്ത്രപൂർവം പാലിച്ച നിസ്സംഗതയിലൂടെ വഖഫ് ബോർഡിനെയും വഖഫ് സംരക്ഷണ വേദിക്കാരെയും അവരുടെ പിന്നിലെ തീവ്രവാദികളെയും സുഖിപ്പിച്ച് സുപ്രീം കോടതിയിൽ അപ്പീലിനു പോകാൻ വഴിയൊരുക്കുകയാണ് ചെയ്തത്. ഈ സാധ്യത മുന്നിൽ കണ്ട്, സുപ്രീം കോടതിയിൽ ‘കവെയാറ്റ്’ ഫയൽ ചെയ്യാൻ ആഗ്രഹിച്ച മുനമ്പം ഭൂസംരക്ഷണ സമിതിയിലെ നേതാക്കളെ, അത് എതിരാളികളെ പ്രകോപിപ്പിക്കും എന്ന കഥയില്ലാത്ത ഉപദേശം നല്കി പിന്തിരിപ്പിച്ചത് സാക്ഷാൽ നിയമമന്ത്രി ശ്രീ. പി. രാജീവ് തന്നെയായിരുന്നു എന്നു തിരിച്ചറിയുമ്പോഴാണ് സർക്കാരിൻ്റെ ചതി കൂടുതൽ വെളിവാകുന്നത്. ഇപ്പോൾ വഖഫ് സംരക്ഷണ വേദി സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തപ്പോൾ അതിനെതിരേ തടസ്സ ഹർജി നല്കാനും ഇതേ സർക്കാർ തന്നെ മുന്നിട്ടിറങ്ങി എന്നതാണ് മറ്റൊരു തമാശ. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം പിന്തുടരുകയും ചെയ്യുന്ന അളിഞ്ഞതന്ത്രം!

    കരണത്തു പതിഞ്ഞ കൈപ്പത്തി

    ഭൂസംരക്ഷണ സമിതിയുടെ പ്രകടമായ കോൺഗ്രസ്സടിമത്തത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു രണ്ടു ദിവസം മുമ്പ് ഉണ്ടായ സ്ഥാനാർത്ഥി നാടകങ്ങൾ. ഏതാണ്ട് ഒരാഴ്ചയായി വിവിധ തലങ്ങളിൽ അത്തരം ചർച്ച നടക്കുന്നുണ്ടായിരുന്നു. ഒടുവിൽ, വികാരിയച്ചൻ്റെ വൈകിവന്ന വിവേകം കൊണ്ടു മാത്രം വലിയ നാണക്കേടിൽ നിന്ന് സമിതി രക്ഷപ്പെട്ടു എന്നു പറഞ്ഞാൽ മതി! അല്ലെങ്കിൽ, വഖഫ് നിയമനിർമാണത്തിൻ്റെയും മുനമ്പം വഖഫായി പ്രഖ്യാപിച്ചതിൻ്റെയും വഖഫ് പ്രോപർട്ടിയിൽ മുനമ്പംകാർ കരമടക്കുന്നതിനെ നിയമസഭയിൽ ചോദ്യം ചെയ്തതിൻ്റെയും ക്രെഡിറ്റ് സ്വന്തമായുള്ള UDFൻ്റെ സ്ഥാനാർത്ഥിയായി മുനമ്പം സമര സമിതിയുടെ കൺവീനറെ കാണേണ്ട ഗതികേട് മുനമ്പംകാരെ നെഞ്ചിലേറ്റുന്ന കേരളജനതയ്ക്ക് ഉണ്ടായേനെ!

    അനക്കമില്ലാത്ത കേന്ദ്രസർക്കാർ

    ഇന്ത്യൻ പൗരന്മാരുടെ ശിരസ്സിനു മേൽ ഒരു ഡെമോക്ലിയൻ വാളായി തൂങ്ങിക്കിടന്നിരുന്ന ശരിയത്ത് നിയമത്തെ അഥവാ വഖഫ്നിയമത്തെ ഭരണഘടനയ്ക്കു കീഴിലാക്കി വഖഫ് നിയമഭേദഗതി പാസാക്കിയതിലൂടെ, മുനമ്പം വിഷയത്തിൽ ആത്മാർത്ഥത കാണിച്ചത് കേന്ദ്രസർക്കാരാണെങ്കിലും, ചട്ടങ്ങൾ തയ്യാറാക്കുന്നതിൽ അവർ കാണിക്കുന്ന അലംഭാവം ഖേദകരമാണ്. സുപ്രീം കോടതിയിലെ കേസുകളിൽ അന്തിമ വിധി ഉണ്ടായാലേ ചട്ടങ്ങൾ നിർമിക്കാനാകൂ എന്ന വാദം വസ്തുതകൾക്കു നിരക്കുന്നതല്ല. CAAയിൽ കേന്ദ്രസർക്കാർ നിലപാട് എടുത്തത് സുപ്രീം കോടതിയുടെ അന്തിമവിധി കിട്ടിയിട്ടായിരുന്നോ?

    അതിനാൽ, ഡിസംബർ ഒന്നു മുതൽ പത്തൊമ്പതു വരെ നടക്കുന്ന പാർലിമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ വഖഫ് ഭേദഗതിനിയമത്തിലെ സെക്ഷൻ രണ്ടിൻ്റെ ചട്ടങ്ങൾ കൃത്യതയോടെ അവതരിപ്പിച്ച് ഇരുസഭകളിലും പാസാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. മുൻ നിയമകാര്യമന്ത്രി കിരൺ റിജുജു ഏപ്രിൽ 15-ാം തീയതി മുനമ്പത്തു വന്ന് നല്കിയ ‘മൂന്നാഴ്ച’ വാഗ്ദാനം ഇപ്പോൾ ഏഴു മാസം പിന്നിട്ടിരിക്കുന്നു എന്നോർക്കണം.

    ബഹു. സുപ്രീം കോടതി ഒക്ടോബർ 15-ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലും അതിൽ പുതിയ ആക്ടിലെ Sec.2നെ സംബന്ധിച്ച് വിരുദ്ധ അഭിപ്രായങ്ങൾ ഒന്നും പറയാത്ത സാഹചര്യത്തിലും കേന്ദ്ര സർക്കാരിന് എത്രയും വേഗം ചട്ടങ്ങൾ രൂപീകരിക്കാവുന്നതാണ്. പുതിയ ആക്ടിന്റെ Sec.108Bയിൽ പറയും പ്രകാരം, പാർലമെന്റിൽ അത് അവതരിപ്പിച്ചു പാസാക്കി കഴിഞ്ഞാൽ പിന്നെ ആറു മാസത്തിനുള്ളിൽത്തന്നെ മുനമ്പത്തിന് ഒരു ശാശ്വത പരിഹാരം ഉറപ്പാണ്. കാരണം, അതിനുശേഷം വഖഫ് ട്രൈബൂണലിന് മുന്നിലുള്ള മുനമ്പം സംബന്ധിയായ കേസ്സുകളിൽ തീരുമാനം എടുക്കാൻ വഖഫ് ട്രൈബ്യൂണലിനു കഴിയില്ല, കാരണം മുനമ്പം വഖഫ് നിയമത്തിന്റെ പരിധിക്ക് പുറത്തായി കഴിഞ്ഞിരിക്കും. കേന്ദ്രസർക്കാർ ഉണർന്നു പ്രവർത്തിച്ചാൽ ഒരു പക്ഷേ, ഈ പരിഹാരമാകാം ഏറ്റവും ആദ്യം നടപ്പിലാകുന്നത്. പക്ഷേ, കേന്ദ്ര സർക്കാരിനെ ഉണർത്താൻ ആര് (KRLCBC? KLCA? കോട്ടപ്പുറം രൂപത? ഭൂസംരക്ഷണ സമിതി?) എന്തു ചെയ്യുന്നു എന്ന ചോദ്യം അവശേഷിക്കുന്നു…

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!