വത്തിക്കാന്‍സിറ്റി: യഥാര്‍ഥസംതൃപ്തി പണത്തിലോ മറ്റ് സാധനസാമഗ്രികളിലോ അല്ല അടങ്ങിയിരിക്കുന്നതെന്നും അതൊരിക്കലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിലല്ല ഉള്ളതെന്നും ലെയോ പതിനാലാമന്‍ പാപ്പ. പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഉറവിടമായി യേശുക്രിസ്തുവിലേക്ക് തിരിയുമ്പോഴാണ് യഥാര്‍ത്ഥസംതൃപ്തി ഉണ്ടാകുന്നത്. നമ്മെ സംതൃപ്തരാക്കാത്ത പല പ്രവര്‍ത്തനങ്ങളിലുമാണ് നാം മുഴുകിയിരിക്കുന്നത്. പല പ്രതിബദ്ധതകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ബുദ്ധിമുട്ടുകള്‍ നേരിടണം. വളരെയധികം ചെയ്യുന്നത് നമുക്ക് സംതൃപ്തി നല്‍കുന്നതിനുപകരം നമ്മെ കീഴടക്കുകയും നമ്മുടെ ശാന്തത ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്.
ചില വ്യക്തികള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നു. എന്നാല്‍ ദിവസത്തിന്റെ അവസാനമെത്തുമ്പോള്‍ അവര്‍ക്ക് ശൂന്യത അനുഭവപ്പെടുന്നു. നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയം എന്ന തിരുവചനവും കര്‍ത്താവേ ഞാന്‍ അങ്ങയില്‍ വിലയം പ്രാപിക്കുന്നതുവരെ എന്റെ ഹൃദയം അസ്വസ്ഥമായിരിക്കും എന്ന വിശുദ്ധ അഗസ്റ്റ്യന്റെ വാക്കുകളും പാപ്പ ഉദ്ധരിച്ചു.സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പൊതുകൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.