കോട്ടയം: പ്ശീത്ത ബൈബിള്‍ ചെയറിന്റെ ഉദ്ഘാടനം സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഫെബ്രുവരി രണ്ടിന് രാവിലെ പത്തുമണിക്ക് ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു മൂലക്കാട്ട്, ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് തുടങ്ങിയവരും പങ്കെടുക്കും. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് ദൈവശാസ്ത്രവിഭാഗത്തിലാണ് പ്ശീത്ത ബൈബിള്‍ പഠനത്തിനായി പുതിയ ചെയര്‍ ആരംഭിക്കുന്നത്. വത്തിക്കാനിലെ സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനുംവേണ്ടിയുള്ള കാര്യാലയത്തിന്റെ അനുവാദത്തോടെ സുറിയാനി പാരമ്പര്യം വളര്‍ത്താനും പ്ശീത്ത ബൈബിള്‍ സംബന്ധമായ ഗവേഷണം നടത്താനും വേണ്ടിയുള്ള പഠനകേന്ദ്രമാണ് ഇത്.