വത്തിക്കാന്‍ സിറ്റി: എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രകാശിപ്പിക്കേണ്ടത് സത്യമെന്ന പുണ്യമായിരിക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. യഥാര്‍ത്ഥ നീതിയിലേക്ക് നയിക്കുന്ന വലിയ ചാലകശക്തിയായ കരുണയില്‍ ഊന്നിയതാകണം ഇതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ സഭാകോടതിയായ സേക്രട്ട് റോമന്‍ റോട്ടയുടെ നീതിന്യായ വര്‍ഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ബഹുമാനവും കരുണയും നീതിന്യായ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും ഉണ്ടായിരിക്കണം. നീതി വ്രണപ്പെടുമ്പോള്‍ സമാധാനം അപകടത്തിലാകും. ഇക്കാരണത്താല്‍ ന്യായാധിപന്മാര് സമാധാനനിര്മ്മാതാക്കളായി മാറുന്നു. സത്യത്തെ കര്‍ശനമായി കാത്തുസൂക്ഷിക്കാനും എന്നാല്‍ കര്ക്കശതയില്ലാതെയും വിട്ടുവീഴ്ചയില്ലാതെയും കാരുണ്യം നടപ്പിലാക്കാനുള്ള വിളിയാണ് നീതിന്യായസംവിധാനമെന്നും പാപ്പ പറഞ്ഞു.