Sunday, November 3, 2024
spot_img
More

    കൂടത്തായിയിലെ ജോളിയും ബൈബിളിലെ അത്തിവൃക്ഷവും

    ആര്‍ക്കും കൊട്ടാവുന്ന ചെണ്ടകളാണോ ക്രൈസ്തവര്‍? സമൂഹത്തെ ബാധിക്കുന്ന ഏതു പ്രശ്‌നം വരുമ്പോഴും അതില്‍ പ്രതിസ്ഥാനത്ത് പേരുചേര്‍ക്കപ്പെടുന്നത് ഒരു ക്രൈസ്തവനാമധാരിയാണെങ്കില്‍ ക്രൈസ്തവര്‍ മുഴുവന്‍ അത്തരക്കാരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ചില മാധ്യമശ്രമങ്ങള്‍ സമീപകാലത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് കാണാതെ പോകരുത്.

    സഭയെ പിടിച്ചുകുലുക്കിയ ചില ലൈംഗിക പീഡനങ്ങളുടെ ആരോപണങ്ങള്‍ക്കിടയില്‍ യാഥാര്‍ത്ഥ്യം അറിയാനോ പ്രചരിപ്പിക്കാനോ മനസ്സാകാതെ ഊഹാപോഹങ്ങളില്‍ ചെന്നുചാടിയും സഭയെ മറ്റ് മത സ്ഥര്‍ക്കിടയില്‍ പോലും മോശമായി അവതരിപ്പിക്കാനുമാണ് ചില മാധ്യമങ്ങള്‍ സംഘടിതമായി ശ്രമിച്ചത്. കടുത്ത ക്രൈസ്തവവിരോധത്തിന്റെ ഏറ്റവും പുതിയ തെളിവായി കൂടത്തായിയിലെ കൊലപാതകം.

    കൂടത്തായിയിലെ പ്രതിസ്ഥാനത്തുള്ള വ്യക്തികള്‍ ക്രിസ്ത്യാനിയോ ഹിന്ദുവോമുസ്ലീമോ എന്നതല്ല പ്രധാനം. മനുഷ്യന് നിരക്കാത്ത ക്രൂരതയാണ് അവിടെ അരങ്ങേറിയത് എന്നതാണ് യാഥാര്‍ത്ഥ്യം.ആ ക്രൂരതയെ ആത്മീയതയുടെ ആവരണം അണിയിച്ചു എന്നതാണ് ഖേദകരം.

    ആത്മീയരെന്നും നല്ലവരെന്നും മറ്റുള്ളവരെ കാണിക്കാനും അവരെക്കൊണ്ട് പറയിപ്പിക്കാനും ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം ഭക്തിയും ഭക്ത്യാഭ്യാസങ്ങളുമാണ്. നിത്യവും പള്ളിയില്‍ പോകുന്നവരും കൊന്ത ചൊല്ലുന്നവരും ആത്മീയപ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നവരും ആത്മീയചാനലുകള്‍ കാണുന്നവരും ആത്മീയരാണെന്ന് പരക്കെയൊരു ധാരണയുണ്ട്. പക്ഷേ യഥാര്‍ത്ഥ ആത്മീയമനുഷ്യരുടെ ഈ അടയാളമുദ്രകള്‍ കൃത്രിമമമായി അണിഞ്ഞുനടക്കുന്ന ഒരുപാടുപേര്‍ നമുക്ക് ചുറ്റിനുമുണ്ട്.

    അവരാണ് യഥാര്‍ത്ഥ ആത്മീയര്‍ക്കു കൂടി അപമാനം വരുത്തിവയ്ക്കുകയും ആത്മീയതയെ തെറ്റിദ്ധരിപ്പിക്കാന്‍ ഇട നല്കുന്നതും. ജോളി അത്തരക്കാരില്‍ ഒരാളെന്ന് ഇതുവരെയുള്ള തെളിവുകള്‍ കൊണ്ട് നമുക്ക് ന്യായമായും കരുതാവുന്നതാണ്.

    ഞായറാഴ്ചകളില്‍ ദിവ്യബലിയില്‍ സംബന്ധിക്കുകയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പിടിഎ യോഗങ്ങളില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും ചെയ്തിരുന്നവളായിരുന്നു ജോളിയെന്നാണ് വികാരിയച്ചന്റെ സാക്ഷ്യപ്പെടുത്തല്‍. അമ്മയെ സംശയിക്കത്തക്കതായി യാതൊന്നും ഉണ്ടായിരുന്നില്ലെന്ന് മകനും പറയുന്നുണ്ട്. ഇത് രണ്ടും കൂട്ടിവായിക്കുമ്പോള്‍ കാപട്യത്തിന്റെയും വഞ്ചനയുടെയും ചതിയുടെയും മുഖം കൂടിയുണ്ട് ജോളിക്ക്. ആ മുഖം അണിയാന്‍ ആത്മീയതയുടെ ആവരണം അണിഞ്ഞു.

    ഫലം ഇല്ലാതെയും ഫലം ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത് മറ്റുള്ളവരെ ആകര്‍ഷിക്കുന്ന അത്തിമരത്തെ ക്രിസ്തു എങ്ങനെയാണ് സമീപിച്ചതെന്ന് ബൈബിള്‍ നമുക്ക് പറഞ്ഞുതരുന്നുണ്ട്. അതേ അത്തിമരത്തെയാണ് ജോളി ഓര്‍മ്മിപ്പിക്കുന്നത്.അതുപോലെ ക്രിസ്തു ഏറ്റവുംഅധികം വെറുക്കുന്ന ഒരു തിന്മകളിലൊന്നും കാപട്യമാണ്.താന്‍ ഒന്നുമല്ലാതിരിക്കെ എന്തോ ആണെന്ന ഭാവിക്കുന്നവന്‍ ആതമവഞ്ചനയാണല്ലോ ചെയ്യുന്നത്.് പിഞ്ചുകുഞ്ഞിനെ പോലും കൊന്നൊടുക്കാന്‍ മാത്രം ക്രൂരതയുണ്ടായിരുന്നിട്ടും അതെല്ലാം മറച്ചുവച്ച് ജീവിക്കുകയും പെരുമാറുകയും ചെയ്തിരുന്ന ജോളിയെന്ന വ്യക്തിയുടെ ആത്മീയതയെയാണ് നാം ചോദ്യം ചെയ്യേണ്ടത്. മനുഷ്യരെ മാത്രമല്ല ദൈവത്തെക്കൂടിയാണ് ജോളി ഇവിടെ ചതിച്ചത്,വഞ്ചിച്ചത്.

    അയോഗ്യതയോടെ ഈ പാത്രത്തില്‍ നിന്ന് ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ അവന്റെ തന്നെ ശിക്ഷാവിധിക്ക് പാത്രമായിത്തീരുകയാണ് ചെയ്യുന്നത് എന്ന ഭീതിദമായ മുന്നറിയിപ്പ് നാം ഓര്‍മ്മിക്കണം.ജോളി തെറ്റുകാരിയാണ് എന്ന് സംശയാതീതമായി തെളിയിക്കപ്പെടുകയാണെങ്കില്‍ ആ തെറ്റിനെ മറച്ചുവച്ചുകൊണ്ടാണ് കൂദാശകള്‍ സ്വീകരിച്ചതെങ്കില്‍…

    കൊലപാതകം പാപമാണെന്ന് തിരിച്ചറിയാന്‍ ഒരു വേദപാഠക്ലാസുകളുടെയും ആവശ്യമില്ല. അത് ഏതുമതത്തില്‍ പെട്ടവരുടെയും അറിവാണ്. ആ അറിവ് ജോളിക്ക് ഇല്ലാതെ പോയി. സ്വാര്‍ത്ഥതയും പണത്തോടുള്ള ആര്‍ത്തിയും വഴിവിട്ട ബന്ധങ്ങളും ചേര്‍ന്ന് ജോളിയുടെ ജീവിതം തിന്മയ്ക്ക് തീറെഴുതികൊടുക്കേണ്ടിവന്നു. അതാണ് ഇവിടെ സംഭവിച്ചത്. അല്ലാതെ ജോളി ക്രിസ്ത്യാനിയായതല്ല ഇവിടുത്തെ തെറ്റ്. അതിന്റെ പേരില്‍ പഴികേള്‍ക്കുകയും അപവദിക്കപ്പെടുകയും ചെയ്യേണ്ട സാഹചര്യം ക്രൈസ്തവസമൂഹത്തിനില്ല.

    കാരണം ഒരാള്‍ക്കും മറ്റൊരാളുടെ ആത്മീയത അളക്കാനുള്ള മാര്‍ഗ്ഗങ്ങളൊന്നുമില്ല. ഓരോരുത്തരും ബാഹ്യമായ ചില ഘടകങ്ങള്‍ കൊണ്ട് അതിനെ വിലയിരുത്താന്‍ ശ്രമിക്കുന്നുവെന്ന് മാത്രം. അതെത്രത്തോളം ശരിയാകാം എന്നത് വ്യക്തിനിഷ്ഠമാണ്. ഇവിടെ ജോളിയുടെ കാര്യത്തില്‍ അത് പൂര്‍ണ്ണമായും തെറ്റിപ്പോയെന്ന് ഇതുവരെയുള്ള വാര്‍ത്തകള്‍ അടിവരയിടുന്നു.

    ഇന്ന് ജോളിയാണെങ്കില്‍ നാളെ അത് മാധവിയോ സീനത്തോ ആകാം. പക്ഷേ അതിനൊന്നും അവര്‍ പ്രതിനിധാനം ചെയ്യുന്ന മതം കുറ്റക്കാരാകുന്നില്ല. മതത്തിന്‍രെ പേരില്‍ നടത്തുന്ന ആക്രമണങ്ങളില്‍ പോലും മതത്തെ കരുവാക്കുകയാണ് ചെയ്യുന്നത്. ഒരു മതവും ഇവിടെ ഹിംസയെ പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു മതവും അധാര്‍മ്മികതയെ കൂട്ടുപിടിക്കുന്നില്ല.

    അതുകൊണ്ട് ജോളിയെന്ന വ്യക്തിയെ മാത്രം വിധിക്കൂ. ക്രൈസ്തവ കൂടുംബങ്ങളിലെല്ലാം സയനൈഡ് നല്കിയുളള കൊലപാതകങ്ങള്‍ സാധാരണമാണെന്ന ജല്പനങ്ങള്‍ അവസാനിപ്പിക്കൂ. ദ്രോഹിച്ചവരോടു പോലും ക്ഷമിക്കുകയും അവര്‍ക്ക് സൗഖ്യം നല്കുകയും ചെയ്ത ക്രിസ്തുവിന്റെ പേരിലുള്ള മതമായ ക്രിസ്തുമതത്തെ എന്തിനും ഏതിനും താറടിക്കാതിരിക്കൂ.

    സത്യംപുലരട്ടെ. നന്മ വിജയിക്കട്ടെ. കുറ്റക്കാര്‍ നീതിപൂര്‍വ്വമായി ശിക്ഷിക്കപ്പെടട്ടെ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!