Thursday, November 21, 2024
spot_img
More

    മുസ്ലീം, കമ്മ്യൂണിസ്റ്റ്..ഇപ്പോള്‍ കത്തോലിക്കാസഭാംഗം.. ഒരു രാഷ്ട്രീയനിരീക്ഷകന്റെ മാനസാന്തരത്തിന്റെ വഴികള്‍


    മേരി..എല്ലാറ്റിനുമുപരി അവള്‍ ഏറ്റവും സ്‌നേഹമയിയാണ്. ക്രിസ്തുവിന്റെ ജീവിതത്തെ പരിപോഷിപ്പിക്കുകയും അവസാനം അവിടുത്തെ കുരിശിന്‍ചുവട്ടില്‍ വരെ നില്ക്കുകയും ചെയ്തവള്‍. മേരിയോടുള്ള എന്റെ സ്‌നേഹം ഹൃദയത്തില്‍ നിറഞ്ഞുതുടങ്ങിയത് അങ്ങനെയാണ്.

    ഇത് രാഷ്ട്രീയനിരീക്ഷകനും ഇസ്ലാം മതത്തില്‍ ജനിച്ചുവളരുകയും ചെയ്ത സോഹ്‌റാബ് അഹ്മാറിയുടെ വാക്കുകള്‍. നിരവധിയായ സംഘര്‍ഷങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയതിന് ശേഷം കത്തോലിക്കാവിശ്വാസം സ്വീകരിച്ച വ്യക്തിയാണ് അദ്ദേഹം. തന്റെ ജീവിതകാലാനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഫ്രം ഫയര്‍ ബൈ വാട്ടര്‍ മൈ ജേര്‍ണി റ്റു ദ കാത്തലിക് ഫെയ്ത്ത് എന്ന കൃതി ഏറെ പ്രസിദ്ധമാണ്.

    തന്റെ ജീവിതത്തിന്റെ ഇതുവരെയുള്ള ഗതിവിഗതികളെക്കുറിച്ചാണ് അതില്‍ അദ്ദേഹം പ്രതിപാദിക്കുന്നത്. 1998 ല്‍ ആണ് അഹമാരിയും അമ്മയും കൂടി ഇറാനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. എന്നാല്‍ താന്‍ വിചാരിച്ചതുപോലെയുള്ള രാജ്യമായി അമേരിക്ക അദ്ദേഹത്തിന് അനുഭവപ്പെട്ടില്ല. സ്വഭാവികമായും മനസ്സില്‍ നിരാശ കടന്നുവന്നു. പിന്നീട് രണ്ടുദശാബ്ദത്തോളം മാര്‍ക്‌സിസത്തിന്റെയും പോസ്റ്റ്‌മോഡേണ്‍ ഐഡിയോളജിയുടെയും പുറകെ അലഞ്ഞു. ഒടുവില്‍ വിക്ഷുബ്ദമായ കടല്‍സഞ്ചാരങ്ങള്‍ക്ക് ശേഷം ഒരു കപ്പല്‍ തുറമുഖത്ത് അണഞ്ഞതുപോലെ ക്രിസ്തുവിനെ കണ്ടെത്തി. കത്തോലിക്കാസഭയില്‍ അംഗവുമായി. 2016 ല്‍ ആയിരുന്നു ആ മാറ്റം.

    കാത്തലിക് ഹെറാള്‍ഡിന്റെ കോണ്‍ട്രിബ്യൂട്ടര്‍ എഡിറ്റര്‍, കോളമിസ്റ്റ് ദ വാള്‍ സ്ട്രീറ്റ ജേര്‍ണലിന്റെ എഡിറ്റര്‍ എന്നീ നിലകളിലാണ് അദ്ദേഹം ഇപ്പോള്‍ സേവനം ചെയ്യുന്നത്. അശാന്തമായ കുടുംബാന്തരീക്ഷത്തിലാണ് അഹമാരി ജനിച്ചുവളര്‍ന്നത്. മാതാപിതാക്കള്‍ ഡിവോഴ്‌സിലൂടെ പിരിഞ്ഞുതാമസിക്കുന്നവരായിരുന്നു. കടുത്ത മതകര്‍ശനതകള്‍ ഉണ്ടായിരുന്നപ്പോഴും ആ മാതാപിതാക്കള്‍ മദ്യപിക്കുന്നവരും ആയിരുന്നു. പുറമേയ്ക്ക് മതവിശ്വാസികളായി പ്രത്യക്ഷപ്പെടുമ്പോഴും മതചൈതന്യത്തിന് വിരുദ്ധമായി ജീവിക്കുന്ന അവരുടെ ഇരട്ട ജീവിതം തന്നെ അലോസരപ്പെടുത്തിയിരുന്നതായി അഹ്മാരി പറയുന്നു.

    മാതാപിതാക്കള്‍ നല്കിയ വൈരുദ്ധ്യാത്മകതയാണ് പതിനെട്ടാം വയസില്‍ ആ ചെറുപ്പക്കാരനെ കമ്മ്യൂണിസ്റ്റാക്കിയത്. എന്നാല്‍ ഒടുവില്‍ സംഭവിക്കേണ്ടത് തന്നെ സംഭവിച്ചു. അങ്ങനെയാണ് അദ്ദേഹം കത്തോലിക്കാസഭാംഗമായത്.

    ക്രൈസ്തവവിശ്വാസത്തോടും ആശയങ്ങളോടുമാണ് ആദ്യം അദ്ദേഹം ആകൃഷ്ടനായത്. പിന്നീട് കത്തോലിക്കാവിശ്വാസത്തോട് ആദരവ് തോന്നിത്തുടങ്ങി. അതിന്റെ ഭാഗമായി ദേവാലയങ്ങള്‍ സന്ദര്‍ശിച്ചുതുടങ്ങി. പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ ജീസസ് ഓഫ് നസ്രത്ത്, വിശുദ്ധ അഗസ്റ്റ്യന്റെ കുമ്പസാരം എന്നിവയൊക്കെ കത്തോലിക്കാവിശ്വാസത്തോട് കൂടുതല്‍ ചേര്‍ന്നുനില്ക്കാന്‍ പ്രേരണ നല്കി.

    ക്രിസ്തുവിന്റെ ജനനത്തോടെ മറിയം അപ്രസക്തയാണ് എന്ന പ്രബോധനം നല്കുന്നവരോട് ഇദ്ദേഹം വിയോജിക്കുന്നു. മറിയമാണ് ക്രിസ്തുവിനെ ഗര്‍ഭത്തില്‍ വഹിച്ചത്. മനുഷ്യാവതാരരഹസ്യത്തിലേക്കുള്ള വലിയൊരു വാതിലായിരുന്നു മറിയം. മറിയത്തിന്റെ സമ്മതത്തിലൂടെ മനുഷ്യചരിത്രം വീണ്ടും എഴുതേണ്ടതായി വന്നു. അതുകൊണ്ട് മറിയത്തെ നമുക്കൊരിക്കലും എഴുതിത്തള്ളാനാവില്ല.

    അതുപോലെ കത്തോലിക്കാസഭ കടന്നുപോകുന്ന അപവാദങ്ങളുടെയും പ്രതിസന്ധികളുടെയും കാലമായിരുന്നിട്ടും അവയ്‌ക്കൊന്നും തന്നിലെ കത്തോലിക്കാവിശ്വാസത്തെ തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അഹ്മാരി സാക്ഷ്യപ്പെടുത്തുന്നു.

    ദൈവ സ്ഥാപിതമാണ് സഭ. അതൊരിക്കലും നശിക്കുകയില്ല. അദ്ദേഹം പറയുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!