ക്രാക്കോവ്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാതാപിതാക്കളുടെ നാമകരണനടപടികള്‍ ആരംഭിക്കാന്‍ പോളണ്ടിലെ മെത്രാന്‍ സമിതി അംഗീകാരം നല്കി. ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ജോണ്‍ പോള്‍ രണ്ടാമന്റെ പിതാവ് കരോള്‍ വെയ്റ്റിവ, മാതാവ് എമീലിയ എന്നിവരുടെയാണ് നാമകരണനടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ അംഗീകാരം നല്കിയത്.
പട്ടാളക്കാരനായിരുന്നു കരോള്‍. സ്‌കൂള്‍ അധ്യാപികയായിരുന്നു എമിലിയ. 1906 ലായിരുന്നു ഇവരുടെ വിവാഹം. ഈ ദമ്പതികള്‍ക്ക് മൂന്നു മക്കളുമുണ്ടായി. അതില്‍ ഇളയവനായിരുന്നു കരോള്‍ വൊയ്റ്റീവ എന്ന ജോണ്‍ പോള്‍ രണ്ടാമന്‍. അക്കാലത്ത് വ്യാപകമായിക്കൊണ്ടിരുന്ന നിരീശ്വരവാദത്തിന്റെ പ്രവണതകളെ ചെറുത്തുനില്ക്കുകയും വിശ്വാസപ്രതിസന്ധികളുടെ കാലത്ത് വിശ്വാസത്തില്‍ സ്ഥിരതയോടെ നിലയുറപ്പിക്കുകയും ചെയ്ത ദമ്പതികളായിരുന്നു അവര്‍.
പില്ക്കാലത്തെ ജോണ്‍ പോള്‍ രണ്ടാമന്റെ ആത്മീയതയെ ഈ മാതാപിതാക്കള്‍ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. കരള്‍രോഗവും ഹൃദ്രോഗവും മൂലമാണ് എമിലിയ മരണമടഞ്ഞത്. അമ്മ മരിക്കുമ്പോള്‍ ജോണ്‍ പോളിന് ഒമ്പതു വയസായിരുന്നു പ്രായം. പിന്ീട് പന്ത്രണ്ട് വര്‍ഷക്കാലം അപ്പനാണ് മൂന്നുമക്കളെ ഒറ്റയ്ക്ക് വളര്‍ത്തിക്കൊണ്ടുവന്നത്.
രാത്രികാലങ്ങളില്‍ പോലും മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന പിതാവിനെക്കുറിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ പലയിടങ്ങളിലും സംസാരിച്ചിട്ടുണ്ട്.