സൗത്ത് ബെന്‍ഡ്: ഇന്ത്യാനയിലെ അബോര്‍ഷനിസ്റ്റ് ഡോക്ടര്‍ ക്ലോപ്‌ഫെറിന്റെ കാറിനുള്ളില്‍ നിന്ന് വീണ്ടും ഭ്രൂണാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇല്ലിനോയിഡിലെ ഇദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് രണ്ടായിരത്തിലധികം ഭ്രൂണാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് മനുഷ്യമനസ്സാക്ഷിയെ നടുക്കിക്കളഞ്ഞ വാര്‍ത്തയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കിയ 2,200 മനുഷ്യജീവനുകളുടെ അവശിഷ്ടങ്ങളാണ് ഇദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് ആദ്യമായി കണ്ടെത്തിയത്.ഇതുകൂടാതെ ഒക്ടോബര്‍ ഒമ്പതിനാണ് ഇദ്ദേഹത്തിന്റെ കാറിനുളളില്‍ നിന്ന് ഭ്രൂണാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്ത്യാന അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ നിന്നാണ് ഇക്കാര്യം അറിയിച്ചത്.
നിര്യാതനായ ഡോക്ടറിന്റെ എട്ടുകാറുകളില്‍ പരിശോധന നടത്തിയപ്പോഴാണ് അതില്‍ ഒരു കാറിനുള്ളില്‍ നിന്ന് അഞ്ചു പ്ലാസ്റ്റിക് ബാഗുകളിലും ഒരു ബോക്‌സിലുമായി അബോര്‍ഷന്‍ ചെയ്യപ്പെട്ടകുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
നാലു ദശാബ്ദങ്ങളിലായി മൂവായിരത്തോളം അബോര്‍ഷനുകള്‍ ഡോക്ടര്‍ നടത്തിയിട്ടുണ്ടാകുമെന്നാണ് അനുമാനിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത അനേകം അബോര്‍ഷനുകളെക്കുറിച്ചുള്ള വിവരം ഇതേതുടര്‍ന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നു. ബലാത്സംഗത്തിന് വിധേയരായ പ്രായപൂര്‍ത്തിയാകാത്ത പല പെണ്‍കുട്ടികള്‍ക്കും ഡോക്ടര്‍ അബോര്‍ഷന്‍ നടത്തിയതായി സംശയിക്കുന്നു.
2019 സെപ്തംബര്‍ മൂന്നിനാണ് ഡോക്ടര്‍ ക്ലോപ്‌ഫെര്‍ മരണമടഞ്ഞത്.സെപ്തംബര്‍ 12 ന് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നെയാണ് ഭ്രൂണാവശിഷ്ടങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തിയതും പോലീസിനെ വിവരം അറിയിച്ചതും.
പൂര്‍ണ്ണമായ അന്വേഷണം ഇതു സംബനധിച്ച് നടത്താന്‍ വൈറ്റ് ഹൗസ് ഉത്തരവിറക്കിയിട്ടുണ്ട്.