ചെറു പ്രായത്തില്‍ തന്നെ അമ്മമാര്‍ നഷ്ടപ്പെട്ട നിരവധി വിശുദ്ധാത്മാക്കള്‍ കത്തോലിക്കാ സഭയിലുണ്ട്. ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യായും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും പിന്നെ നമ്മുടെ അല്‍ഫോന്‍സാമ്മയും അക്കൂട്ടത്തില്‍ പെടുന്നു. ഭൂമിയിലെ മാതൃവിരഹത്തിന്റെ വേദനയെ മറികടക്കാന്‍ ഇവരെല്ലാം ആശ്രയിച്ചിരുന്നത് അല്ലെങ്കില്‍ പെറ്റമ്മയ്ക്ക് പകരമായി ഇവര്‍ സ്വീകരിച്ചിരുന്നത് പരിശുദ്ധ മറിയത്തെയായിരുന്നു.
വിശുദ്ധ സെലിന്‍ മരിച്ചുകഴിഞ്ഞപ്പോള്‍ വിശുദ്ധ കൊച്ചുത്രേസ്യാ തന്റെ അമ്മയായി പരിശുദ്ധ മറിയത്തെ സ്വന്തമാക്കി. എന്റെ അമ്മേ ഞാന്‍ പൂര്‍ണ്ണമായും അമ്മയുടേതാണ് എന്നതായിരുന്നു ജോണ്‍ പോള്‍ പാപ്പയുടെ എപ്പോഴത്തെയും സുകൃതജപങ്ങളിലൊന്ന്. അലി അഗ്കയുടെ വെടിയേറ്റ് വീണപ്പോള്‍ തന്നെ അതില്‍ നിന്ന് രക്ഷിച്ചത് മാതാവാണെന്ന് അദ്ദേഹം വിശ്വസിക്കുകയും ജീവന്‍ രക്ഷിച്ചതിന്റെ പ്രതിസ്‌നേഹമായി വെടിയുണ്ട ഫാത്തിമായില്‍ മാതാവിന് സമര്‍പ്പിക്കുകയും ചെയ്തത് മറ്റൊരു ചരിത്രം.
കുഞ്ഞിലെ അമ്മ മരിച്ച അന്നക്കുട്ടിയെന്ന അല്‍ഫോന്‍സയ്ക്കും പരിശുദ്ധ മറിയം സ്വന്തം അമ്മ തന്നെയായി. ഇതുപോലെ വിശുദ്ധ മറിയം ത്രേസ്യായും പരിശുദ്ധമറിയത്തെ സ്‌നേഹിച്ചു. ചെറുപ്രായം മുതല്‍ക്കേ പരിശുദ്ധ മറിയവുമായിട്ടുള്ള അഭേദ്യമായ ആത്മീയബന്ധത്തിന്റെ സ്‌നേഹപാശങ്ങളാല്‍ ത്രേസ്യാ സ്വയം ബന്ധിക്കപ്പെട്ടിരുന്നു. പരിശുദ്ധ അമ്മയോടുള്ള അവളുടെ സ്‌നേഹബഹുമാനങ്ങളുടെ വിവരണം ശരിക്കും മനസ്സിലാക്കണമെങ്കില്‍ കുട്ടിക്കാലത്തിലേക്ക് തന്നെ നമുക്ക് വീണ്ടും മടങ്ങിപ്പോകേണ്ടതുണ്ട്.
ത്രേസ്യായുടെ കുട്ടിക്കാലത്തിന്റെ കാഴ്ചകളില്‍ വച്ചേറ്റവും മനോഹരമായി അവളുടെ കണ്ണുകളില്‍ തടഞ്ഞത് വിരല്‍ത്തുമ്പുകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജപമണികളായിരുന്നു. അടുത്തുവരുവാനും സ്വന്തമാക്കാനും പ്രേരിപ്പിക്കുന്ന വിധത്തിലുള്ള ആകര്‍ഷണത്വം കൊന്തയിലുണ്ടെന്ന് അവള്‍ അന്നേ മനസ്സിലാക്കിയരുന്നു. അമ്മയുടെ കൈവിരലുകളിലൂടെ ഒരു പ്രാര്‍ത്ഥന കണക്കെ ജപമണികള്‍ ഉരുണ്ടുപോകുന്നത് കണ്ടപ്പോള്‍ മുതല്‍ അവയുടെ സഞ്ചാരപഥങ്ങള്‍ ത്രേസ്യായുടെ ഹൃദയത്തിന്റെയും താളമായി.
വെറും രണ്ടരയോ മൂന്നോ വയസുപ്രായമുള്ളപ്പോഴത്തെ കാര്യമാണ് ഇതെന്നോര്‍ക്കണം. നമ്മുടെ കുട്ടികളില്‍ ഭൂരിപക്ഷത്തിനും കൊന്ത ഒരു കളിപ്പാട്ടം കണക്കെ മാറിയിരിക്കുന്ന കാലമാണ് ഇത്. പ്രാര്‍ത്ഥനയ്ക്കിടയില്‍ അവരുടെ കൈയിലേക്ക് വെറുതെയൊരു കൊന്തവച്ചുകൊടുത്താല്‍ അടുത്ത നിമിഷം അത് വലിച്ചെറിയുന്നതും പൊട്ടിച്ചെറിയാന്‍ ശ്രമിക്കുന്നതും കണ്ടുവരാറുണ്ട്. അപ്പോഴാണ് ജപമാലയോടുള്ള ത്രേസ്യായുടെ അമിതമായ ഭക്തിയും വണക്കവും നമ്മെ അമ്പരപ്പിക്കുന്നത്. ജപമാല പ്രാര്‍ത്ഥന.ഹൃദിസ്ഥമാക്കുവാനാണ് അവള്‍ ആദ്യമായി ആഗ്രഹിച്ചത്.
എന്നാല്‍ ഒരു മൂന്നുവയസുകാരിക്ക് അത് അത്ര എളുപ്പമായ കാര്യമല്ലല്ലോ. അതുകൊണ്ട് അമ്മയും കൂടപ്പിറപ്പുകളും സന്ധ്യാപ്രാര്‍ത്ഥനയ്ക്കിടയില്‍ ജപമാല ചൊല്ലുന്നത് ഭക്തിയോടെ കേട്ടിരിക്കുന്നതിലൂടെ ആദ്യത്തെ ചില വര്‍ഷങ്ങള്‍ കടന്നുപോയി. എന്നാല്‍ പെട്ടെന്നൊരു ദിവസം സന്ധ്യാപ്രാര്‍ത്ഥനയില്‍ ത്രേസ്യാ ജപമാല സ്ഫുടമായി ചൊല്ലിത്തുടങ്ങിയതോടെ അമ്മയുടെയും കൂടപ്പിറപ്പുകളുടെയും അത്ഭുതം അതിരുകവിഞ്ഞു.
മോളേ നിനക്കിതെങ്ങനെ സാധിച്ചു. പ്രാര്‍ത്ഥനയ്ക്കിടയിലും താണ്ടയ്ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
മാതാവെനിക്ക് പഠിപ്പിച്ചുതന്നു. ത്രേസ്യായുടെ മറുപടി താണ്ടയ്ക്കും മറ്റുള്ളവര്‍ക്കും എത്രത്തോളം സ്വീകാര്യമായി എന്ന് അറിയില്ല. അവരതിനെ എത്രത്തോളം ഉള്‍ക്കൊണ്ടു എന്നും.
പക്ഷേ പരിശുദ്ധ മറിയം ത്രേസ്യായുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും അവള്‍ ഇനി എന്നും പരിശുദ്ധ അമ്മയുടെ സ്വന്തം മകളായിരിക്കും എന്നതിനും ലഭിച്ച ആദ്യത്തെ തെളിവായി ഈ സംഭവത്തെ നമുക്ക് കണക്കാക്കാം. ലൂര്‍ദ്ദില്‍ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബര്‍ണദീത്തയ്‌ക്കൊപ്പം അമ്മ ജപമാല ചൊല്ലിയിരുന്നതായി വിശുദ്ധയുടെ ജീവചരിത്രം പറയുന്നുണ്ട് അതുപോലെ ത്രേസ്യായ്‌ക്കൊപ്പവും പരിശുദ്ധ അമ്മ ജപമാല ചൊല്ലിയിരുന്നുവെന്ന് ത്രേസ്യായുടെ ആത്മീയപിതാവ് ദൈവദാസന്‍ ജോസഫ് വിതയത്തില്‍ തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പരിശുദ്ധ കന്യകയില്‍ നിന്ന് തന്നെ ജപമാല പഠിച്ചതുകൊണ്ടാവാം ത്രേസ്യായുടെ ആത്മാവിന്റെ തുടിപ്പായി മാറിയിരുന്ന പ്രാര്‍ത്ഥനകളിലൊന്നും അതുതന്നെയായിരുന്നു, രാത്രിയുടെ യാമങ്ങളില്‍ പോലും ഉറങ്ങാതെ, മുട്ടുകുത്തി കൈകള്‍ വിരിച്ചുപിടിച്ച് ത്രേസ്യാ ജപമാല ചൊല്ലിയിരുന്നു. പരിശുദ്ധ അമ്മയിലൂടെ ഈശോയിലെത്താന്‍ കഴിയുമെന്ന് ത്രേസ്യാക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ മാതാവിനോട് തീക്ഷ്ണമായ ഭക്തിയാണ് അവള്‍ക്കുണ്ടായിരുന്നത്.
അമ്മയോടുള്ള വണക്കത്തിന്റെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും അവള്‍ ഉപവാസവും അനുഷ്ഠിച്ചിരുന്നു. ഉത്തരീയഭക്തി, ദിവ്യകാരുണ്യഭക്തി എന്നിവയും ത്രേസ്യക്ക് പഠിപ്പിച്ചുകൊടുത്തത് മാതാവായിരുന്നു. എന്റെ അമ്മേ എന്റെ ആശ്രയമേ എന്ന സുകൃതപം ഹൃദയത്തുടിപ്പുപോലെ ത്രേസ്യാ ആവര്‍ത്തിച്ചിരുന്നു. പാപപങ്കിലവും ജന്മപാപത്താല്‍ ബന്ധിതയുമായ തന്റെ ഹൃദയം പരിശുദ്ധ അമ്മയ്ക്ക് നല്കിയിട്ട്, അമ്മയുടെ വിമലഹൃദയം വാങ്ങിയാണ് ത്രേസ്യാ ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നത്.
ഇങ്ങനെ പരിശുദ്ധ അമ്മയോടുള്ള അഭേദ്യമായ ബന്ധത്തില്‍ വളര്‍ന്നുവന്നതുകൊണ്ടുതന്നെ താണ്ടയുടെ വേര്‍പാട് സൃഷ്ടിച്ച മാനുഷികമായ വേദനയില്‍ പരിശുദ്ധ മറിയത്തെ തന്റെ സ്വന്തം അമ്മയായി സ്വീകരിക്കുക എന്നത് ത്രേസ്യായെ സംബന്ധിച്ച് വളരെ എളുപ്പമായിരുന്നു. അന്ന് അവള്‍ പരിശുദ്ധ അമ്മയോട് പറഞ്ഞത് ഇതായിരുന്നു:
പരിശുദ്ധ അമ്മേ അമ്മ എനിക്ക് ഇനിമുതല്‍ സ്വന്തം അമ്മയായിരിക്കണമേ. ഞാന്‍ എന്നും നിന്റെ മകളായിരുന്നുകൊള്ളാം.
ജീവിതത്തില്‍ പിന്നീട് എന്തെല്ലാം സംഭവിച്ചിട്ടും ത്രേസ്യാ തന്റെവാക്കില്‍ നിന്ന് വ്യതിചലിച്ചില്ല. ഏറ്റവും വലിയ സ്‌നേഹത്തോടെ അവള്‍ പരിശുദ്ധ അമ്മയുടെ വിരല്‍ത്തുമ്പു പിടിച്ചുനടന്നു.
ഒമ്പതു വയസു പ്രായമുള്ളപ്പോള്‍ തന്നെ നിത്യകന്യകയായ പരിശുദ്ധ മറിയത്തിന് സ്വയം സമര്‍പ്പിച്ച് ജീവിതകാലം മുഴുവന്‍ താന്‍ നിത്യകന്യകയായിരുന്നുകൊള്ളാമെന്ന് ത്രേസ്യ നേരുകയും ചെയ്തു. അന്നത്തെ സാമൂഹികചുറ്റുപാടുകളില്‍ ബാലവിവാഹത്തിനുള്ള ആലോചനകള്‍ ആരംഭിക്കേണ്ട പ്രായമായിരുന്നു അത്. അപ്പോഴാണ് തന്റെ ജീവിതത്തെ സംബന്ധിക്കുന്ന വളരെ സുപ്രധാനമായ ഒരു തീരുമാനം ഉറ്റവരോടോ ഉടയവരോടോ അഭിപ്രായം ചോദിക്കാതെ അവള്‍ എടുത്തത്. ഒരാള്‍ സ്വമേധയാ മാതാവിന് തന്നെ സമര്‍പ്പിച്ചുകഴിയുമ്പോള്‍ പിന്നെ മാതാവ് ആ വ്യക്തിയുടെ ജീവിതത്തെ പരിപൂര്‍ണ്ണമായി ഏറ്റെടുക്കും. ത്രേസ്യായുടെ ജീവിതത്തില്‍ സംഭവിച്ചതും അതുതന്നെ.
ദൃശ്യസാന്നിധ്യവും സനേഹസ്പര്‍ശവുമായി പെറ്റമ്മമാര്‍ മക്കള്‍ക്ക് അവരുടെ ആവശ്യങ്ങളിലെല്ലാം കൂട്ടുവരുന്നതുപോലെ ത്രേസ്യായുടെ ജീവിതത്തിന്റെ സഹനങ്ങളിലും അപമാനങ്ങളിലും വേദനകളിലും പൈശാചികപീഡകളിലും എല്ലാം ആശ്വാസമായി പരിശുദ്ധ അമ്മ കൂടെയുണ്ടായിരുന്നു.
പിശാചുക്കളുടെ ആക്രമണം മൂലം ത്രേസ്യയ്ക്കുണ്ടായ മുറിവുകള്‍ മാതാവ് തഴുകി തലോടിയതായും പിശാചുക്കള്‍ മര്‍ദ്ദിച്ചവശയാക്കിയ മറിയം ദിവ്യകാരുണ്യം സ്വീകരിക്കാനായി ഭക്ഷണം ഉപേക്ഷിച്ച് തളര്‍ന്ന് അവശയായി കിടന്നപ്പോള്‍ മാതാവ് അവളെ മടിയില്‍ കിടത്തി ആശ്വസിപ്പിച്ചിരുന്നതായും ഡയറിക്കുറിപ്പുകളില്‍ കാണുന്നുണ്ട്. കാല്‍വരിയില്‍ കുരിശിലേറ്റിയ ക്രിസ്തുവിന്റെ ജീവനറ്റ ശരീരം മടിയില്‍ കിടത്തി വ്യാകുലങ്ങളിലൂടെ കടന്നുപോയ പരിശുദ്ധ കന്യാമറിയത്തിന്റെ മടിയില്‍ കിടക്കാന്‍ ഭാഗ്യമുണ്ടാവുക. കത്തോലിക്കാസഭയിലെ എത്ര വിശുദ്ധര്‍ക്ക് അങ്ങനെയൊരു ഭാഗ്യമുണ്ടായിരുന്നതായി അറിയില്ല.
പക്ഷേ വിശുദ്ധ മറിയം ത്രേസ്യായ്ക്ക് അങ്ങനെയൊരു അവസരമുണ്ടായി. എത്രയോ ഭാഗ്യവതിയാണ് നമ്മുടെ മറിയം ത്രേസ്യ!പൈശാചികപീഡനങ്ങളുടെ നീണ്ട പരമ്പരകള്‍ക്കൊടുവില്‍ 1904 ഡിസംബര്‍ എട്ടു മുതല്‍ ത്രേസ്യാ മറിയം ത്രേസ്യ എന്ന പേരില്‍ അറിയപ്പെടണം എന്ന് ആത്മീയപിതാവ് ദൈവദാസന്‍ ജോസഫ് വിതയത്തിലിന് നിര്‍ദ്ദേശം നല്കിയതും പരിശുദ്ധ മറിയമായിരുന്നു.
പരിശുദ്ധ കന്യക പല വിശുദ്ധര്‍ക്കും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിശുദ്ധ കാതറിന്‍ ലബോറയും വിശുദ്ധ ഡൊമിനിക്കും അവരില്‍ ചിലര്‍ മാത്രം.
എന്നാല്‍ അങ്ങനെ പ്രത്യക്ഷപ്പെട്ടിട്ടും മാതാവ് അവരില്‍ ആരോടും പുതിയ പേരില്‍ അറിയപ്പെടണമെന്ന് കല്പിക്കുകയോ അവര്‍ക്ക് പുതിയ പേര് നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ അതിന്റെ പേരിലും വിശുദ്ധ മറിയം ത്രേസ്യ അനുഗ്രഹിക്കെപ്പട്ടവളായി. മിറിയാം എന്ന ഹിബ്രു വാക്കിന് ഓമന എന്നാണത്രെ അര്‍ത്ഥം. ദൈവത്തിന്റെ ഓമനയായിരുന്നു പരിശുദ്ധ കന്യാമറിയം.
അതുകൊണ്ടാണ് ദൈവം അവളെ തന്റെ മണവാട്ടിയും തന്റെ മകന്റെ അമ്മയായും തിരഞ്ഞെടുത്തത്. ജീവിതത്തിലെ തിക്താനുഭവങ്ങളില്‍ പോലും ഒന്നിനോടും മറുതലിക്കാതെ ദൈവഹിതത്തോട് പൂര്‍ണ്ണമായും കീഴടങ്ങിയതിലൂടെയാണ് പരിശുദ്ധ മറിയം ദൈവത്തിന്റെയും സകലജനപഥങ്ങളുടെയും ഓമനയായി മാറിയത്.
ആ അമ്മയുടെ പ്രിയ മകളായും അമ്മയുടെ മകന്റെ പ്രിയ മണവാട്ടിയായും മറിയം ത്രേസ്യായും ദൈവത്തിന്‌റയും മാലോകരുടെയും ഓമനയായി വിശുദ്ധ മറിയം ത്രേസ്യയായി മാറിയിരിക്കുന്നു. ത്രേസ്യായില്‍ നിന്ന് മറിയം ത്രേസ്യായിലെക്കുള്ള ആത്മീയതയുടെ ദൂരം പരിശുദ്ധ അമ്മയോടുള്ള സ്‌നേഹവും ഭക്തിയുമായിരുന്നു.
( ഹോളിഫാമിലി സന്യാസിനി സമൂഹം പുറത്തിറക്കുന്ന, വിശുദ്ധ മറിയം ത്രേസ്യ എന്ന വിനായക് നിര്‍മ്മല്‍ എഴുതിയ ജീവചരിത്രഗ്രന്ഥത്തിലെ ഒരു അധ്യായം.)