ലൂര്‍ദ്: ലോകപ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ലൂര്‍ദ്ദില്‍ പോക്കറ്റടി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ക്ക് സഭാധികാരികള്‍ മുന്നറിയിപ്പ് നല്കി. പണവും ആഭരണങ്ങളും മറ്റും കരുതലോടെ സൂക്ഷിക്കണമെന്ന് അധികാരികള്‍ ഇതു സംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചു.
തീര്‍ത്ഥാടനകേന്ദ്രത്തിന്റെ സമീപത്താണ് ഏറ്റവും കൂടുതല്‍ പോക്കറ്റടികള്‍ നടക്കുന്നത്, കൊന്ത, കാശുരൂപങ്ങള്‍, വിശുദ്ധ ജലം എന്നിവ വില്ക്കുന്ന സ്ഥലങ്ങളാണ് ഇവ. സംഘടിതമായ മോഷണങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് സുരക്ഷയുടെ ചുമതല വഹിക്കുന്ന ഫിലിപ്പി അറിയിച്ചു.
ഈ വര്‍ഷം തന്നെ 274 പോക്കറ്റടികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏഴു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ വര്‍ഷം തോറും ഇവിടെയെത്തുന്നതായിട്ടാണ് ഏകദേശ കണക്ക്. എന്നാല്‍ അതിലൂം കൂടുതലാണ് തീര്‍ത്ഥാടകരുടെ എണ്ണമെന്ന് പ്രാദേശികവൃത്തങ്ങള്‍ പറയുന്നു.
രോഗസൗഖ്യങ്ങളുടെ പേരിലാണ് ലൂര്‍ദ്ദ് വിശ്വാസികളെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ 70 രോഗസൗഖ്യങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നട്ടെല്ല് തകര്‍ന്ന് വീല്‍ച്ചെയറില്‍ കഴിയുകയായിരുന്ന സിസ്റ്റര്‍ ബെര്‍ണാര്‍ഡെററ്റയ്ക്ക് ലഭിച്ച രോഗസൗഖ്യം അതില്‍ ഏറ്റവും മുമ്പന്തിയില്‍ നില്ക്കുന്നു.