ഒന്നാം നൂറ്റാണ്ടില്‍ യഹൂദര്‍ക്കിടയില്‍ സാര്‍വത്രികമായിട്ടുള്ള ഒരു പേരായിരുന്നു യൂദാ. ഈശോ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ രണ്ടുപേര്‍ക്ക് ഒരേ പേരായിരുന്നു. യൂദാ. യൂദാ സ്‌കറിയാത്തോയും യൂദാ തദേവൂസുമായിരുന്നു അവര്‍. ഒരാള്‍ ഒറ്റുകാരന്റെ പേരില്‍ കുപ്രസിദ്ധനായി. മറ്റെയാള്‍ വിശുദ്ധി കൊണ്ട് പ്രസിദ്ധനുമായി.
എങ്കിലും ആദ്യകാലത്ത് ക്രൈസ്തവര്‍ യൂദാ തദേവൂസിനോട് പ്രാര്‍ത്ഥിച്ചിരുന്നില്ല. സത്യത്തില്‍ അവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ഭയമായിരുന്നു. തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് ഒറ്റുകാരന്‍ യൂദാസിനോടായിരിക്കുമോയെന്നായിരുന്നു അകാരണമായ അവരുടെ ഭയം. തന്മൂലം ഏറെക്കാലത്തോളം യൂദാ തദേവൂസ് വിസ്മരിക്കപ്പെട്ട നിലയില്‍ കഴിഞ്ഞിരുന്നു.
പിന്നെ എന്നുമുതല്ക്കാണ് വിശുദ്ധ യൂദാ തദേവൂസ് അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥനായി വണങ്ങപ്പെടാന്‍ തുടങ്ങിയത്?
സെന്റ് ജൂഡ; സെയ്ന്റ് ഓഫ് ദ ഇംപോസിബിള്‍ എന്ന കൃതിയില്‍ ഡൊണാള്‍ഡ് തോര്‍മാന്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. സ്വീഡനിലെ വിശുദ്ധ ബ്രിജീത്തിന് പ്രത്യക്ഷപ്പെട്ട് ഈശോ പറഞ്ഞതാണ് അക്കാര്യം.
വിശുദ്ധ യൂദായോട് മാധ്യസ്ഥം യാചിക്കണമെന്നും എല്ലാവരെയും സഹായിക്കാന്‍ യൂദാ ശ്ലീഹാ സന്നദ്ധനാണെന്നുമായിരുന്നു ഈശോ ഒരുതവണ ദര്‍ശനത്തില്‍ പറഞ്ഞത്. മറ്റൊരു തവണ പറഞ്ഞത് ദേവാലയത്തില്‍ വിശുദ്ധ യൂദായോടുള്ള ആദരവിന്റെ അടയാളമായി ഒരു അള്‍ത്താര പണിയണമെന്നായിരുന്നു. സാത്താനുമായുള്ള പോരാട്ടത്തില്‍ ഹൃദയത്തിലെ നന്മകൊണ്ട് അവിടുന്ന് നമ്മെ സഹായിക്കുകയും തിന്മയെ കീഴടക്കുകയും ചെയ്യും എന്നും അന്ന് ഈശോ വിശുദ്ധ ബ്രിജീത്തിനോട് പറഞ്ഞു.
ഇന്ന് യൂദാശ്ലീഹാ വണങ്ങപ്പെടുന്നത് നിരാശാജനകമായ കാര്യങ്ങളുടെ മധ്യസ്ഥനായും അത്ഭുതപ്രവര്‍ത്തകനുമായിട്ടാണ്. ജീവിതത്തിലെനിരാശാഭരിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് പൂര്‍ണ്ണവിശ്വാസത്തോടെ ആശ്രയിക്കാവുന്ന മാധ്യസ്ഥനാണ് വിശുദ്ധ യൂദാ ശ്ലീഹാ.
കാരണം അവഗണിക്കപ്പെട്ടവനും തിരസ്‌ക്കരിക്കപ്പെട്ടവനുമായിരുന്നു യൂദാ. നമ്മുടെ സങ്കടങ്ങള്‍ നല്ലതുപോലെ യൂദായ്ക്കറിയാം. ക്രിസ്തുവിനൊപ്പം ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്ത യൂദാശ്ലീഹാ നമ്മുടെ ആവശ്യങ്ങളെ തീര്‍ച്ചയായും ഈശോയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കും.
അതുകൊണ്ട് വിശ്വാസത്തോടെ നമുക്ക് യൂദാശ്ലീഹായുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാം.