ബെയ്ജിംങ്: പള്ളി പൊളിക്കാന്‍ എത്തിയ അധികാരികള്‍ക്ക് മുമ്പില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് വൈദികനും ഇടവകജനം മുഴുവനും. ചൈനയിലെ ഹെബി പ്രോവിന്‍സിലാണ് സംഭവം. പള്ളി പൊളിക്കുന്നതിനെതിരെ പ്രതിരോധം തീര്‍ത്തുകൊണ്ട് ഇടവകജനം വൈദികന്റെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ അത് ശ്രദ്ധേമായ സംഭവമായി. പള്ളി പണിയാന്‍ അനുവാദം ഇല്ലായിരുന്നു എന്ന് ആരോപിച്ചാണ് അധികാരികള്‍ പള്ളി പൊളിക്കാനെത്തിയത്. ഗവണ്‍മെന്റില്‍ നിന്ന് പൂര്‍ണ്ണ അനുവാദവും അംഗീകാരവും കിട്ടിക്കഴിഞ്ഞതിന് ശേഷം മതി പള്ളിയെന്നായിരുന്നു അധികാരികളുടെ നിലപാട്.
2017 സെപ്തംബര്‍ മുതല്ക്കാണ് ചൈന ആരാധനാലയങ്ങള്‍ക്ക് നേരെ കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് രംഗത്തിറങ്ങിയത്. കെട്ടിടങ്ങള്‍ക്ക് അനുമതി നല്കുന്നതുള്‍പ്പടെ കര്‍ശനമായ നിലപാടാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
ജൂലൈയിലും ഓഗസ്റ്റിലും യുചിയാന്‍ങ് രൂപതയില്‍ ഗവണ്‍മെന്റ് നിര്‍ബന്ധപൂര്‍വ്വം ദേവാലയങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. ദശാബ്ദങ്ങളായി ചൈനയിലെ സഭ രണ്ടായി തിരിഞ്ഞിരിക്കുകയാണ്. ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. വത്തിക്കാന്റെ നിയന്ത്രണത്തിലുള്ള സഭയാണ് കര്‍ശനമായ മതപീഡനങ്ങള്‍ക്ക് വിധേയമാകുന്നത്.
പത്തു പ്രമാണങ്ങള്‍ക്ക് പകരം പ്രസിഡന്റിന്റെ ഉദ്ധരണികള്‍ ദേവാലയങ്ങളില്‍പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു പുതിയ ഉത്തരവ്.