Tuesday, October 15, 2024
spot_img
More

    ഫെയ്‌സ്ബുക്കല്ല ജീവിതം !




    എല്ലാം എനിക്ക് നിയമാനുസൃതമാണ്, എന്നാൽ എല്ലാം എനിക്ക് പ്രയോജനകരമല്ല; എല്ലാം എനിക്ക് നിയമാനുസൃതമാണ്, എന്നാൽ ഒന്നും എന്നെ അടിമപ്പെടുത്തുവാൻ ഞാൻ സമ്മതിക്കുകയില്ല” (1 കോറി. 6: 12).

    ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം യുവത്വത്തിന്റേതാണെന്ന് പറയാറുണ്ട്: ലോകത്തെ അറിയാൻ കൊതിക്കുന്ന, ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ മനസ്സും ശരീരവും സന്നദ്ധമായ, തന്റേതായ വ്യക്തിത്വവും സാന്നിധ്യവും ഈ ഭൂഗോളത്തിൽ ഉറപ്പിക്കാൻ ആഗ്രഹിക്കുന്ന കാലം. സ്വതസിദ്ധമായ കഴിവുകളും സാഹചര്യങ്ങളും നന്നായി വിനിയോഗിച്ച് യൗവ്വനകാലത്തുതന്നെ കലാ, കായിക, ശാസ്ത്ര, സാഹിത്യ, വിജ്ഞാന രംഗങ്ങളിൽ ചരിത്രത്തിലിടം നേടിയവർ നിരവധി. എന്നാൽ ലോകത്തിൻറെ ബാഹ്യഭംഗികളിൽ ഭ്രമിച്ച്, അറിവില്ലായ്മയും വിവേകമില്ലായ്മയും മൂലം യൗവ്വനത്തിന്റെ തുടക്കത്തിൽത്തന്നെ കൂമ്പടഞ്ഞുപോയ ഉദാഹരണങ്ങളും ഏറെ. ഏറ്റവും മനോഹാരമായ കാലം യൗവനമാണന്നതുപോലെ ഏറ്റവും ശ്രദ്ധവേണ്ട കാലവും യൗവനമാണ്: കാരണം ലോകത്തിലെ ഏറ്റവും വലിയ ‘വനം’ ‘യൗവനം’ ആണത്രേ, കാരണം അതിൽ കയറിയാൽ വഴിതെറ്റാൻ സാധ്യത കൂടുതലാണെന്നതുകൊണ്ടുതന്നെ!

    ശാസ്ത്രകണ്ടുപിടുത്തങ്ങൾ ഇത്രയേറെ ഉപകാരപ്രദവും ആഘോഷിക്കപ്പെട്ടതുമായ ഒരു കാലം ഇന്നത്തേതിനുമുമ്പ് ഉണ്ടായിട്ടില്ല. കണ്ടുപിടുത്തങ്ങളുടെ കുതിച്ചുചാട്ടങ്ങൾക്കിടയിൽ വ്യക്തികളെത്തമ്മിൽ കൂടുതൽ അടുപ്പിക്കുന്ന സാമൂഹ്യമാധ്യമങ്ങളുടെ (വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റെർ…) വരവ് കൂടുതൽ ജനപ്രിയമാകുകയും ആധുനിക സാധാരണ സമൂഹജീവിതത്തിൻറെ ഭാഗമാവുകയും ചെയ്തു. ആളുകളെ ബന്ധപ്പെടുന്നതിനുള്ള എളുപ്പമാർഗ്ഗമായും, പൊതുവിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടാനുള്ള  വേദിയായും ലോകത്തിൻറെ വിവിധ ഭാഗങ്ങളിലിരുന്നുപോലും ഒരേ ആശയപശ്ചാത്തലമുള്ളവർക്ക് ഒരുമിക്കുന്നതിനും, പൊതു പ്രതികരണങ്ങളിലൂടെ അധികാരികളുടെ വരെ കണ്ണ് തുറപ്പിക്കുന്നതിനുമൊക്കെ ഉപകാരപ്പെടുമെന്നു ഈ നവസാമൂഹ്യ മാധ്യമങ്ങൾ പലതവണ തെളിയിച്ചുകഴിഞ്ഞു. എന്നാൽ, ഇവയുടെ ചതിക്കുഴിയുടെ കാണാക്കയങ്ങളിലേക്കു വീണ് ജീവിതം തന്നെ നഷ്ടപ്പെടുത്തുന്ന പുതുതലമുറയുടെ ഗുരുതരപിഴവും ഇവിടെ  കാണാതിരുന്നുകൂടാ. 

    കഴിഞ്ഞ ആഴ്ചയിൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തൃശ്ശൂർ ജില്ലയിൽ മാത്രം എട്ടു കേസുകളാണ്, ‘കൗമാരക്കാരായ പെൺകുട്ടികളെ കാണാനില്ല’ എന്ന പേരിൽ പോലീസിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്.  അന്വേഷണത്തിൽ അവരെ കണ്ടെത്തിയപ്പോൾ മനസ്സിലായത്, തങ്ങളുടെ ഫേസ്ബുക്ക് ആൺസുഹൃത്തുക്കളുടെകൂടെയാണ് അവർ പോയിരുന്നതെന്നാണ്. ഫേസ്ബുക്കിൽ കണ്ട ഭംഗിയൊന്നും അവരുടെ ഒരു ദിവസത്തെ സഹവാസത്തിനുണ്ടായില്ലന്ന് അവരുടെതന്നെ സാക്ഷ്യം. നവമാധ്യമങ്ങളിൽ കാണുന്ന ചിത്രങ്ങളെയും യാഥാർഥ്യത്തെയും കുറിച്ച് ഇങ്ങനെ ഒരു രസകരമായ നിരീക്ഷണമുണ്ട്: “People are not that good as they appear on their facebook photos and they are not bad as they are on their identity card photos.” ഇന്റർനെറ്റും മൊബൈൽ ഫോണും കൊച്ചുകുട്ടികൾക്കടക്കം ഇന്ന് ലഭ്യമായിരിക്കുന്നതും ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധ ഇക്കാര്യത്തിൽ കുട്ടികളുടെമേൽ കുറയുന്നതും തെറ്റുകൾ ഉണ്ടാകുന്നതിനും ആവർത്തിക്കപ്പെടുന്നതിനും കാരണമാകുന്നു. 

    ഇന്റർനെറ്റിന്റെയും ഫേസ്ബുക്ക് ഉൾപ്പെടയുള്ള നവമാധ്യമങ്ങളുടെയും ചതിക്കുഴികളിലേക്കു ഇന്നത്തെ യുവത്വം വീണുപോകാൻ കാരണങ്ങൾ പലതാണെങ്കിലും പ്രധാനപ്പെട്ട ചിലത് നമ്മുടെ കണ്ണിൽപ്പെടാതിരുന്നുകൂടാ. ആകർഷകവും ജിജ്ഞാസ ഉണർത്തുന്നതുമായ പുതിയ കാര്യങ്ങൾ ചെയ്യാൻ വെമ്പുന്ന ഒരു പ്രായവും മനസ്സും തന്നെയാണ് പ്രധാന വില്ലൻ. വീണ്ടുവിചാരത്തെയും വിവേകത്തെയുംകാൾ വികാരങ്ങൾക്കു പിന്നാലെ പായാനാണ് യുവമനസ്സുകൾക്കു താല്പര്യം. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും അവയെ അഭിമുഖീകരിക്കാനും അവർ ധൈര്യപ്പെടുന്നു. ഇതെല്ലം അപ്പാടെ തെറ്റാണെന്നു പറഞ്ഞുകൂടാ, മറിച്ച്, കുതിച്ചെത്തുന്ന ഒരു ജലപ്രവാഹത്തെ വേണ്ടരീതിയിൽ വഴിതിരിച്ചു വിടുന്നതുപോലെ ഈ യുവമനസ്സുകളെയും നന്മയിലേക്ക് തിരിക്കണം.

    ഇവിടെയാണ് മാതാപിതാക്കളുടെയും മറ്റു ഉത്തരവാദിത്വപ്പെട്ടവരുടെയും മേൽനോട്ടത്തിന്റെയും അന്വേഷണത്തിന്റെയും പ്രസക്സ്തി. കുട്ടികളുടെ ഇന്റർനെറ്റ്, ഫോൺ, നവമാധ്യമഉപയോഗങ്ങൾ എന്നിവയും കുട്ടികൾ അവയിൽ ചിലവഴിക്കുന്ന സമയത്തിൻറെ ദൈർഘ്യവും പലപ്പോഴും വേണ്ടപ്പെട്ടവർ അറിയുന്നില്ല. ഉത്തരവാദിത്വപ്പെട്ടവർതന്നെ ഇവയിലേയ്ക്ക് തലയും താഴ്ത്തി ഇരിക്കുമ്പോൾ, അവർക്കെവിടെ തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കാൻ സമയം!  എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളിമനസ്സും മാറേണ്ടതുണ്ട്. ഈ കേൾക്കുന്ന വാർത്തകളൊക്കെ, എവിടെയോ, ആർക്കോ സംഭവിച്ച കാര്യങ്ങളാണെന്ന് മാത്രം കരുതുന്നവർ, സ്വന്തം വീട്ടിൽ ഒരു അനുഭവം വരുന്നതുവരെ ഇതിനെ ഗൗരവമായി എടുക്കില്ല. 

    തൃശ്ശൂരിൽനിന്നു കാണാതെപോയ ഒരുകുട്ടി പറഞ്ഞത്, വീട്ടിലെ പ്രശ്നങ്ങൾ കാരണം ആശ്വാസം തേടി മറ്റൊരാളുടെകൂടെ ഇറങ്ങിപ്പോയി എന്നാണ്. അനാവശ്യകാരണങ്ങൾക്ക് മാതാപിതാക്കൾതമ്മിൽ വഴക്കിടുമ്പോൾ, ഓർക്കണം നിങ്ങളുടെ മക്കൾ വീട്ടില്നിന്നിറങ്ങിപ്പോകാൻ നിങ്ങൾതന്നെ കാരണമാകുന്നു. മദ്യപാനവും, അവിഹിതബന്ധങ്ങളും അബദ്ധജടിലമായ ഭാവനകൾ നൽകുന്ന മൂന്നാം തരം ടി. വി. സീരിയലുകളും കുടുംബാന്തരീക്ഷത്തെ വല്ലാതെ മലിനമാക്കുമ്പോൾ, അർഹിക്കുന്ന സ്നേഹവും പരിഗണനയും സ്വന്തം വീട്ടിൽ കിട്ടാതെ വരുമ്പോൾ, പുറത്തുകാണുന്ന ഡ്യൂപ്ലിക്കേറ്റ് സ്നേഹങ്ങൾക്കും അകലെയാണെങ്കിലും വിരൽത്തുമ്പിലുള്ള ഫേസ്ബുക്ക് കൂട്ടുകാരനും അവൻ്റെ സ്നേഹസാമീപ്യത്തിനും കൂടുതൽ വിലയുള്ളതായി നമ്മുടെ കുട്ടികൾക്ക് തോന്നാം. 

    ഇവിടെ, എന്ത് ചെയ്യാനാകും? പോലീസ് അധികാരികൾ നൽകുന്ന പരിഹാരം, ശക്തമായ ബോധവൽക്കരണം ആവശ്യമാണ് എന്നതാണ്. ഇന്റർനെറ്റിന്റെയും നവമാധ്യമങ്ങളുടെയും ഉപയോഗത്തെക്കുറിച്ചും സൈബർ കുറ്റങ്ങളെക്കുറിച്ചും കുട്ടികളും മുതിർന്നവരും അറിഞ്ഞിരിക്കണം. ഗോപിനാഥ് മുതുകാട് കുട്ടികളെ ഓർമ്മിപ്പിക്കുന്നതുപോലെ, 22 വയസ്സുവരെ കുട്ടികളുടെ ബൗദ്ധികമസ്തിഷ്കത്തിന്റെ പ്രവർത്തനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും വൈകാരിക മസ്തിഷ്ക്കത്തെ പിടിച്ചുനിറുത്തുകയും ചെയ്യണം. ഒരു നല്ല പങ്കുവരെ ഇതെല്ലാം സഹായകമാണെങ്കിലും ഇവ മാത്രം പോരെന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ തെളിയിക്കുന്നത്.

    കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുന്നതും മറ്റാരേക്കാളുമുപരിയായി മാതാപിതാക്കളുടെ ശ്രദ്ധ മക്കൾക്ക് കിട്ടുന്നതുമാണ് ഏറ്റവും പ്രധാനം. മക്കൾക്ക് ആവശ്യമുള്ളത് വാങ്ങിക്കൊടുക്കുന്നവരായി മാത്രം മാതാപിതാക്കൾ മാറാതെ, അവരുടെ ബൗദ്ധിക, മാനസിക, വൈകാരിക, ആത്മീയ വളർച്ചയെ അന്വേഷിക്കുന്നവരായിക്കൂടി മാതാപിതാക്കൾ മാറണം; കാരണം, നിങ്ങള്‍ക്ക് മാത്രമേ, കുട്ടികളുടെ ജീവിതത്തിൽ ഇത്രമാത്രം അധികാരത്തോടെയും ആധികാരികതയോടെയും ഇടപെടാനാകൂ. ചോദിക്കേണ്ട കാര്യങ്ങളെ ചോദിക്കാനും നിയന്ത്രിക്കേണ്ടവയെ നിയന്ത്രിക്കാനും രക്ഷിതാക്കൾ ധൈര്യം കാണിക്കണം; ബാലനായ ഈശോയോട് അവന്റെ അമ്മയായ മറിയം പോലും മടിക്കാതെ ചോദിച്ചു: “മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിൻ്റെ പിതാവും ഞാനും ഉൽഘണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു” (ലൂക്കാ 2: 48). മക്കളുടെ സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും കാര്യങ്ങൾ ‘അന്വേഷിക്കുകയാണ്’ മാതാപിതാക്കളുടെ പ്രധാന കടമ. 

    വീട്ടിൽ പലപ്പോഴും കിട്ടാത്ത സ്നേഹവും സ്വാതന്ത്ര്യവും മനസ്സിലാക്കലും വിശ്വാസ്യതയുമാണ് യുവാക്കൾ പുറത്തന്വേഷിച്ചു പോകുന്നത്. മക്കളും മാതാപിതാക്കളും തമ്മിൽ എന്തും തുറന്നു പറയാവുന്ന ബന്ധത്തിന്‍റെ ഊഷ്മളത ഇന്ന് പല വീടുകളിലും ഇല്ല. മക്കളുടെ ചെറിയ തെറ്റുകളെപ്പോലും അമിതമായി കുറ്റപ്പെടുത്തുകയും പർവ്വതീകരിച്ചു കാണിക്കുകയും ചെയ്യുമ്പോൾ, അവർ തങ്ങളുടെ പല ഹൃദയരഹസ്യങ്ങളും മാതാപിതാക്കളോട് പങ്കുവയ്ക്കാൻ മടിക്കുന്നു, പലപ്പോഴും ഭയപ്പെടുന്നു. താൻ ഒരു കാര്യം പറഞ്ഞാൽ അതിനെ തന്‍റെ ഭാഗത്തുനിന്ന് മനസ്സിലാക്കി തനിക്കു പിന്തുണയും സഹായവും തന്റെ മാതാപിതാക്കളിൽനിന്നു ലഭിക്കും എന്ന് വിശ്വാസമുള്ള മക്കൾ തുലോം ഇന്ന് കുറവാണ്. മക്കൾ അവരുടെ എന്ത് പ്രശ്നങ്ങൾ പറഞ്ഞാലും അതിനു തങ്ങളുടെ കൈവശം പരിഹാരമുണ്ടന്നും അതിനാൽ എന്തും മടിക്കാതെ പറയാമെന്നും മക്കളെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിൽ പല മാതാപിതാക്കളും പരാജയപ്പെടുകയും ചെയ്യുന്നു. ഉപാധികളില്ലാതെ നൽകുന്ന ഇത്തരമൊരു മനസ്സിലാക്കൽ, മാതാപിതാക്കളുടെയടുത്തു എല്ലാം തുറന്നു പറയാനും അവരെ വിശ്വസിക്കാനും മക്കളെ പ്രേരിപ്പിക്കും. സ്നേഹത്തിനും അംഗീകാരത്തിനും മനസ്സിലാക്കലിനും പരിഗണനയ്ക്കും കൊതിക്കുന്ന ഹൃദയങ്ങൾ, അവ വീട്ടിൽ കിട്ടാതാകുമ്പോൾ ഫേസ്ബുക്ക് സുഹൃത്തുക്കളിൽ അഭയം കണ്ടെത്തുന്നു എന്നതാണ് വാസ്തവം. 

    കഴിഞ്ഞ ദിവസം കോട്ടയത്തിനടുത്ത് ഇടഞ്ഞ ശിവൻ എന്ന കൊമ്പനെ മെരുക്കാൻ എലിഫന്റ് സ്‌ക്വാഡും നാട്ടുകാരും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കഴിയാതെവന്നപ്പോൾ, പത്തു വർഷം ശിവനെ പരിചരിച്ച മനോജ് എന്ന പഴയ പാപ്പാനെ വിളിച്ചുവരുത്തി. “ശിവാ, അടങ്ങടാ…” എന്ന മനോജിൻറെ ഒറ്റ വിളിയിൽ മദമിളകിയ കൊമ്പൻ അനുസരണയുള്ളവനായി. മദമിളകിനിന്ന ഒരു മൃഗത്തെപ്പോലും നിയന്ത്രിക്കാനും അടക്കിനിറുത്താനും മനോജിനെ സഹായിച്ചത്, കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിൽ ആ ആനയുമായി അദ്ദേഹം ഉണ്ടാക്കിയെടുത്ത സൗഹൃദമാണ്. ഒരു മൃഗത്തെ ഇത്രമാത്രം സ്വാധീനിക്കാമെങ്കിൽ മനുഷ്യരുടെയിടയിൽ അത് എത്രമാത്രമാവണം? മക്കളും മാതാപിതാക്കളും തമ്മിലും ആഴമുള്ള ഹൃദയബന്ധങ്ങൾ രൂപപ്പെടേണ്ടതുണ്ട്. അടുത്തുള്ള വീട്ടുകാരെ കാണാതെ അകലെയുള്ള എഫ്. ബി. സുഹൃത്തുക്കളെ തേടുന്ന പ്രവണത നമ്മുടെ സമൂഹത്തിൽ കുറഞ്ഞു വരട്ടെ. 

    ജെറുസലേം ദേവാലയത്തിന്റെ തിരുനാൾ തിരക്കിനിടയിൽ ബാലനായ ഈശോ കാണാതെ മാതാപിതാക്കൾ വിഷമിച്ചതുപോലെ, ഇനി ഒരു മാതാപിതാക്കൾക്കും തങ്ങളുടെ മക്കളെ കൈമോശം വരുന്നതിന്റെ വേദന അറിയാനിടയാകാതിരിക്കട്ടെ. സ്നേഹിച്ചു വളർത്തുന്ന മാതാപിതാക്കളുടെ ഹൃദയനൊമ്പരം എല്ലാ മക്കളും മനസ്സിലാക്കാനിടയാകട്ടെയെന്ന പ്രാർത്ഥനയോടെ, ഫേസ്ബുക്കിൻറെ നിറക്കാഴ്ചകളല്ല പച്ചയായ ജീവിതത്തിന്റെ യാഥാർഥ്യങ്ങളാണ് കാണേണ്ടതെന്ന ഓർമ്മപ്പെടുത്തലോടെ, 
    നന്മനിറഞ്ഞ ഒരാഴ്ച ഏവർക്കും സ്നേഹത്തോടെ ആശംസിക്കുന്നു. 

    ഫാ. ബിജു കുന്നയ്ക്കാട്ട്  

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!