ധ്യാനകേന്ദ്രത്തിലോ ഇടവകയിലോ വച്ച് ഒരാള്‍ക്ക് പോലും ഞാന്‍ മാമ്മോദീസാ നല്കിയിട്ടില്ല. നിലവിലുള്ളതിലും ഇരട്ടിവിലയ്ക്ക് രൂപത വാങ്ങിയ സ്ഥലം പിടിച്ചെടുക്കാനുള്ള ഗുഢതന്ത്രത്തിന്റെ ഭാഗമായിട്ടാണ് വനം കൈയേറിയെന്ന ആരോപണം ആദിവാസികളെക്കൊണ്ട് കൊടുപ്പിച്ചത്. ഭൂമാഫിയ ആയിരുന്നു ഇതിനെല്ലാം പിന്നില്‍. ഫാ. ബിനോയ് വടക്കേടത്ത് പാലാ രൂപതാ മുഖപത്രമായ ദീപനാളത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപെടുത്തിയത്.
അന്യായമായ ഭൂമി കൈയേറ്റവും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട ഭഗല്‍പൂര്‍ രൂപതാ വൈദികനാണ് ഇദ്ദേഹം. ഹിന്ദു തീവ്രവാദ സംഘടനയായ ബജ്‌റംഗദളാണ് കേസില്‍ ഇടപെട്ടതും അതോടെയാണ് അച്ചന് നേരെ പോലീസ് തിരിഞ്ഞതും.
രൂപതാധ്യക്ഷനും വികാരി ജനറാളും മറ്റ് ഉത്തരവാദപ്പെട്ട വൈദികരും അവിടെ ഇല്ലാതിരുന്നതിനാലാണ് ഫാ. ബിനോയിയെയും ഫാ. അരുണ്‍ വിന്‍സെന്‍റ്, അധ്യാപകനായ മുന്നഎന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തത്. അന്യായമായി പോലീസ് അറസ്റ്റ് ചെയ്ത സംഭവം പുറംലോകം അറിഞ്ഞതോടെ പ്രതിഷേധം ആരംഭിക്കുകയും അത് കണക്കിലെടുത്ത് ഫാ. അരുണിലെ ആദ്യം വിട്ടയ്ക്കുകയുമായിരുന്നു.
രണ്ടുവര്‍ഷമായി ഹൃദ്രോഗത്തിന് ചികിത്സയില്‍ കഴിയുകയാണെന്നും പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നതെന്ന് പറഞ്ഞുവെങ്കിലും പോലീസും മജിസ്‌ട്രേറ്റും അത് വിശ്വസിക്കാന്‍ തയ്യാറായില്ലെനന് അച്ചന്‍ പറയുന്നു. ഒടുവില്‍ ജയിലറാണ് രക്ഷകനായി മാറിയതെന്നും ഛര്‍ദ്ദിച്ച് അവശനായപ്പോള്‍ മാത്രമാണ് ആശുപത്രിയിലെത്തിച്ചതെന്നും അദ്ദേഹംനേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു..
എങ്കിലും നിരാശ നിറഞ്ഞതല്ല അദ്ദേഹത്തിന്റെ വാക്കുകള്‍.
എന്റെ സഹനങ്ങളില്‍ ഈശോ എന്നോടൊപ്പമുണ്ടായിരുന്നു. സഹനങ്ങളുപേക്ഷിച്ച് നമുക്ക് മറ്റൊരു ജീവിതമില്ല. യേശുവിന് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. പ്രാര്‍ത്ഥനയാണെന്റെ ശക്തി. ഭഗല്‍പൂര്‍ രൂപതയില്‍ ഞാന്‍ തുടങ്ങിവച്ച ശുശ്രൂഷകള്‍ മരണംവരെ തുടരാനാണ് തീരുമാനം. അച്ചന്‍ പറയുന്നു. തോമസ് കുഴിഞ്ഞാലില്‍ ആണ് ഈ അഭിമുഖം തയ്യാറാക്കിയിരിക്കുന്നത്.