പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന് തുടക്കം കുറിച്ച വ്യക്തിയായിരുന്നുവല്ലോ മാര്‍ട്ടിന്‍ ലൂഥര്‍? കത്തോലിക്കാസഭയെക്കുറിച്ച് അദ്ദേഹത്തിന് നിരവധി അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഭൂരിപക്ഷവും വിചാരിക്കുന്നതുപോലെ അദ്ദേഹം മറിയത്തോട് ശത്രുത പുലര്‍ത്തിയിരുന്ന ആളായിരുന്നില്ല.
മറിയത്തെ ദൈവശാസ്ത്രപരമായി മനസ്സിലാക്കുകയും ആദരിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ എന്നതിന് ഇതാ അദ്ദേഹം മറിയത്തെക്കുറിച്ച് പറഞ്ഞ ഈ കാര്യങ്ങള്‍ തന്നെ തെളിവ്.
സൃഷ്ടികളില്‍ മറിയത്തിന് തുല്യം മറ്റാരുമില്ല എന്നാണ് മറിയത്തെക്കുറിച്ചുള്ള ലൂഥറിന്റെ ഒരു പഠനം. അതുപോലെ മറിയം പാപമില്ലാത്തവളുമാണ്. മറിയത്തിന്റെ മനസ്സിലും ശരീരത്തിലും പരിശുദ്ധാത്മാവിനെ നിറച്ചുകൊണ്ടാണ് ദൈവം മറിയത്തിന് ജന്മം നല്കിയത്. അതുകൊണ്ടാണ് ജന്മപാപമില്ലാതെ അവള്‍ ദൈവപുത്രന് ജന്മം നല്കിയതും.
മറിയത്തിന്റെ നിത്യകന്യകാത്വവും മാര്‍ട്ടിന്‍ ലൂഥര്‍ അംഗീകരിക്കുന്നുണ്ട്.പുരുഷന്റെ സഹകരണമില്ലാതെ മറിയത്തിന്റെ ഉദരഫലമായി ക്രിസ്തു പിറന്നു. അതിന് ശേഷവും അവള്‍ കന്യകയായിതന്നെ തുടര്‍ന്നു.
ഓരോ മനുഷ്യഹൃദയങ്ങളിലും മറിയത്തോടുള്ള വണക്കം ആലേഖനം ചെയ്തിരിക്കുന്നുണ്ട്.
എല്ലാ ക്രൈസ്തവരുടെയും അമ്മയാണ് മാതാവ് . അവന്‍ ( ക്രിസ്തു) നമ്മുടേതാണെങ്കില്‍ അവന്റെ അമ്മയും നമ്മുടേതാണ്.
ക്രിസ്തു കഴിഞ്ഞാല്‍ ക്രിസ്റ്റിയാനിറ്റിയില്‍ ഏറ്റവും ഉയരത്തിലുള്ളതും ഏറ്റവും കുലീനവുമായ വ്യക്തിത്വവും മറിയത്തിന്റേതാണ്. അവളുടെ യോഗ്യതയ്ക്കനുസരിച്ച് ആദരവുകള്‍ അര്‍പ്പിക്കാന്‍ നമുക്കൊരിക്കലും കഴിഞ്ഞിട്ടില്ല.