ഒരുമിച്ചുനില്ക്കുന്ന കുടുംബം ഐശ്വര്യം പ്രാപിക്കും എന്നാണ് വിശുദ്ധ ഗ്രന്ഥം രേഖപ്പെടുത്തിയിരിക്കുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചു വിശുദ്ധ ഗ്രന്ഥം പകര്‍ത്തിയെഴുതിയതിന്റെ പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുന്ന മനോജ് വര്‍ഗ്ഗീസിന്റെ കുടുംബകാര്യംഅറിയുമ്പോള്‍ അതേറെ ശരിയാണെന്ന് മനസ്സിലാകും. ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്തു പ്രതി ഒരുക്കിയതിന്റെ പേരിലാണ് ദുബായില്‍ താമസിക്കുന്ന മലയാളിയായ മനോജും ഭാര്യസൂസനും മക്കളായ കരുണും കൃപയുംഇപ്പോള്‍ ഗിന്നസ് ബുക്ക് ഓഫ് റിക്കോര്‍ഡിലേക്ക് കയറിയിരിക്കുന്നത്.
85.5 സെ. മീ നീളവും 60.7 സെ.മി വീതിയുമുള്ള 1500 പേജുകളുള്ള ഭീമന്‍ കൈയഴുത്ത് ബൈബിളാണ് 153 ദിവസം കൊണ്ട് ഇവര്‍ തയ്യാറാക്കിയത്. ഗിന്നസ് ബുക്കായിരുന്നില്ല തങ്ങളുടെ ലക്ഷ്യമെന്നും മക്കള്‍ക്ക് സമ്മാനമായി നല്കുക എന്നതുമാത്രമായിരുന്നു തുടക്കത്തിലെ ലക്ഷ്യമെന്നും മനോജും സൂസനും പറയുന്നു. പക്ഷേ നിലവിലുള്ളതിലും വലിയ സൈസിലുള്ള ബൈബിള്‍ എഴുതണമെന്ന് പിന്നീട് ചിന്തയുണ്ടാവുകയും ആ വഴിയ്ക്ക് തിരിയുകയുമായിരുന്നു. അങ്ങനെ കുടുംബാംഗങ്ങള്‍ നാലുപേരും ചേര്‍ന്ന് ബൈബിളെഴുതാമെന്ന് തീരുമാനിക്കുകയായിരുന്നു.
ബൈബിളിലെ 60 പുസ്തകങ്ങള്‍ സൂസന്‍ ഒറ്റയ്ക്കാണ് പൂര്‍ത്തിയാക്കിയത്. മറ്റ് പുസ്തകങ്ങള്‍ ഭര്‍ത്താവും മക്കളും ചേര്‍ന്ന് എഴുതി. മെയ് 11 ന് ആരംഭിച്ച എഴുത്ത് ഒക്ടോബര്‍ പത്തിന് പൂര്‍ത്തിയായി. ബൈബിള്‍ പകര്‍ത്തിയെഴുത്ത് അവിസ്മരണീയമായ അനുഭവമായിരുന്നുവെന്ന് നാലുപേരും ഒരേ സ്വരത്തില്‍ പറയുന്നു.
ഗിന്നസ് ബുക്ക് റിക്കാര്‍ഡ്‌സ് അധികാരികള്‍ ഇപ്പോള്‍ കൈയെഴുത്തുപ്രതിയുടെ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാകുന്നതോടെ വലിയ റിക്കാര്‍ഡിലേക്ക് ഈ കുടുംബം പ്രവേശിക്കും.
കുടുംബപ്രാര്‍ത്ഥനകളില്‍ പോലും ബൈബിള്‍ വായന ഇല്ലാതെ പോകുന്ന ഭൂരിപക്ഷ ക്രൈസ്തവ കുടുംബങ്ങള്‍ക്കും മനോജും കുടുംബവും നല്കുന്നത് നല്ലൊരു മാതൃകയും പ്രചോദനവും തന്നെ.