റോമില്‍ പോയി ബൈബിള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പതിനൊന്നുകാരിയോ? കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം.
കാരണം ഇന്നത്തെ കാലത്ത് തിരുവചനത്തോടോ ബൈബിളിനോടോ ഭക്തികാര്യങ്ങളിലോ താല്പര്യം തോന്നുന്ന കുട്ടികള്‍ വളരെ കുറവാണല്ലോ. ഭൂരിപക്ഷം കുട്ടികളും ഡോക്ടറും എന്‍ജിനീയറും കളക്ടറും മീഡീയാ പേഴ്‌സണും ഒക്കെ ആകാന്‍ ശ്രമിക്കുമ്പോഴാണ് തനിക്ക് റോമില്‍ പോയി തിരുവചനം പഠിക്കണമെന്ന് മെറ്റില്‍ഡ പറയുന്നത്.
ഈകൊച്ചുമിടുക്കിയെക്കുറിച്ച് കൂടുതലറിയുമ്പോള്‍ അതിശയത്തിന് വലിയ സ്ഥാനമില്ലെന്ന് നമുക്ക് മനസ്സിലാവും. കേരള സഭയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും ചെറിയ പ്രായത്തില്‍ ലോഗോസ് പ്രതിഭപട്ടം നേടിയവളാണ് ഇരിങ്ങാലക്കുട രൂപതാംഗമായ ഈ പതിനൊന്നുകാരി.
അഞ്ചരലക്ഷത്തോളം പേര്‍ പങ്കെടുത്തതായിരുന്നു ലോഗോസ് ക്വിസിലെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ ക്വിസാണ് ഇതെന്നും അറിയുമ്പോഴാണ് മെറ്റില്‍ഡ നേടിയെടുത്ത വിജയം നമ്മെ അമ്പരപ്പിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ ലോഗോസ് ക്വിസില്‍ എ വിഭാഗത്തില്‍ ഒന്നാം റാങ്കുകാരിയായിരുന്നു മെറ്റില്‍ഡ. ഗ്രാന്‍ഡ് ഫിനാലെയില്‍ കാത്തലിക് ബിബ്ലിക്കല്‍ ഫെഡറേഷന്റ പ്രസിന്റ് ആര് എന്ന ചോദ്യത്തിന് മെറ്റില്‍ഡെ ഉത്തരം നല്കിയപ്പോള്‍ സദസ്യര്‍ ഒന്നടങ്കം കൈയടിച്ചുപോയി.കാരണം അത്രയ്ക്കും കട്ടിയായ ചോദ്യങ്ങള്‍ക്ക് പോലും മെറ്റില്‍ഡയുടെ പക്കല്‍ ഉത്തരമുണ്ടായിരുന്നു.
ആഗ്രഹം പോലെ മെറ്റില്‍ഡയ്ക്ക് റോമില്‍ പോയി തിരുവചനം പഠിക്കാന്‍ അവസരമുണ്ടാകട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. മെറ്റില്‍ഡയ്ക്ക് മരിയന്‍പത്രത്തിന്റെ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും…