എല്ലാറ്റിനും എളുപ്പവഴികള്‍ അന്വേഷിക്കുക എന്നത് നമ്മുടെ പൊതുസ്വഭാവമാണ്. നല്ല വഴികളുണ്ടെങ്കിലും അതിലും എളുപ്പത്തില്‍ എത്താമോ എന്ന് അറിയാന്‍ കുടുസുവഴികള്‍ തിരയുന്നവരും ധാരാളം.
പ്രാര്‍ത്ഥനയെ സംബന്ധിച്ചും ഇതൊക്കെ ബാധകമാണ്. പ്രാര്‍ത്ഥിക്കാന്‍ എളുപ്പമാര്‍ഗ്ഗം നോക്കുന്നവരും പ്രാര്‍ത്ഥനയെ നല്ല രീതിയിലാക്കാന്‍ ശ്രമിക്കുന്നവരുമൊക്കെ ധാരാളം. പലരും ഒന്നുപോലെ സമ്മതിക്കുന്ന ചില കാര്യങ്ങളുണ്ട്. പ്രാര്‍ത്ഥന ഏറ്റവുംമികച്ചതാകണം. പ്രാര്‍ത്ഥന ഫലം തരണം.
പലതരം പ്രാര്‍ത്ഥനാരീതികള്‍ നമുക്കറിയാം. വാതിലുകള്‍ അടച്ചിട്ടുള്ള രഹസ്യമായ പ്രാര്‍ത്ഥനകള്‍. ഭാഷാവരവും സ്തുതിപ്പും കയ്യടിയുമായുള്ള പ്രാര്‍ത്ഥനകള്‍. അച്ചടിച്ച പുസ്തകങ്ങള്‍ നോക്കിയുള്ളതും പരമ്പരാഗതമായി നിലവിലുള്ളതുമായ പ്രാര്‍ത്ഥനകള്‍.
എല്ലാപ്രാര്‍ത്ഥനകളും അതില്‍ തന്നെ നല്ലതാകുമ്പോഴും നാം ഒരുകാര്യം അറിയണം. എങ്ങനെ പ്രാര്‍ത്ഥിക്കുമ്പോഴും നമ്മുടെ പ്രാര്‍ത്ഥന സത്യസന്ധമായിരിക്കണം. സുതാര്യമായിരിക്കണം. വളച്ചുകെട്ടലുള്ളതും കൃത്രിമത്വം നിറഞ്ഞതുമായിരിക്കരുത്. കാരണം ദൈവം നമ്മുടെ ഉള്ളങ്ങള്‍ പരിശോധിച്ചറിയുന്നവനും പരീക്ഷിച്ചറിയുന്നവനുമാണ്. അവിടുത്തെ കബളിപ്പിക്കാന്‍ നോക്കരുത്.
ചുങ്കക്കാരന്റെ ഒറ്റവരി പ്രാര്‍ത്ഥനകള്‍ ഓര്‍മ്മയില്ലേ. നാം എന്തായിരി്ക്കുന്നുവോ ആ അവസ്ഥയില്‍ നിന്നുകൊണ്ട് മറ്റാരെയും കുറ്റപ്പെടുത്താതെ സ്വയം മേനിനടിക്കാതെ പ്രാര്‍ത്ഥിക്കുക. ഉളളങ്ങളെ പരിശോധിച്ചറിയുന്നവനായ ദൈവം നമുക്ക് പ്രതിഫലം തരും. പക്ഷേ ദൈവത്തിന്റെ മുമ്പില്‍ കാപട്യം കാണിക്കരുതെന്ന് മാത്രം.
നിസ്വാര്‍ത്ഥവും നിഷ്‌ക്കളങ്കവും സത്യസന്ധവുമായ പ്രാര്‍ത്ഥനകളാണ് ഫലമണിയുന്നത്.