പ്രതിവാര സുഭാഷിതം – 1
“ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും.” (ലൂക്കാ 1:48 )
ഭൂമിയിൽ ചുവടുറപ്പിച്ചുനിന്ന് സ്വർഗത്തിലേക്ക് കയ്യെത്തിപ്പിടിച്ച ഒരു ഗോവണിയുണ്ടായിരുന്നു – ദൈവകൃപ നിറഞ്ഞ ആ നാരീ രത്‌നത്തിന്റെ പേര് മറിയം എന്നായിരുന്നു.
ദൈവവീടിന്റെ ഔന്നത്യത്തിൽനിന്നു ഭൂമിയുടെ നിസ്സാരതയിലേക്കുള്ള ദൈവപുത്രന്റെ യാത്രാദൂരം കുറച്ചുകൊടുത്ത മഹതി. അനുദിന ജപമാല മണികളിലും ഓർമ്മത്തിരുനാളുകളിലും വേദപുസ്തക വായനകളിലും ആവർത്തിച്ചുരുവിട്ടിട്ടും പറഞ്ഞു കൊതിതീരാത്ത പുണ്യനാമമാണവളുടേത്. ഭൂമിയിൽ ‘കർത്താവിന്റെ ദാസി’യാകാൻ കൊതിച്ചവൾ ‘സ്വർഗരാഞ്ജി’യായി മാറിയ വിശുദ്ധയാത്രയുടെ തുടക്കത്തിന്റെ പുണ്യ ഓർമ്മ (മംഗളവാർത്താതിരുനാൾ – മാർച്ച് 25 ) ഇക്കഴിഞ്ഞ ആഴ്ചയിൽ നമ്മെ കടന്നു പോയി.
നിത്യരക്ഷയുടെ മംഗളവാർത്ത പ്രഘോഷിക്കുന്ന തിരുസഭയിൽ പരി. മറിയത്തിന്റെ കൂട്ടുപിടിച് സുവിശേഷപ്രഘോഷണം നടത്താൻ ‘മരിയൻ പത്രം’, ഈ തിരുനാൾ ദിനത്തിൽ തന്നെ പ്രവർത്തനമാരംഭിച്ചത് ഏറ്റവും ഉചിതമായി. പരി. മറിയത്തിനു മംഗളകരമായ ദൈവസന്ദേശം എത്തിച്ച ഗബ്രിയേൽ ദൈവ ദൂതനെപ്പോലെ, ‘മരിയൻ പത്രം’ ഇതിന്റെ വായനക്കാരിലേക്ക് മംഗളവാർത്തയെത്തിക്കുന്ന ദൈവദൂതനാകട്ടെയെന്നു ആശംസിക്കുന്നു.
പുരുഷനെന്നോ സ്ത്രീയെന്നോ വേർതിരിച്ചു കാണാനാവാത്തതും എന്നാൽ സ്ത്രീയിലും പുരുഷനിലും തെളിഞ്ഞു കാണുന്ന എല്ലാ സത്ഗുണങ്ങളുടെയും ഉറവിടവുമാണ് ദൈവം. ആദിയിൽത്തന്നെ ദൈവം ആദത്തെയും ഹവ്വയേയും സൃഷ്ടിച്ചു പുരുഷനും സ്ത്രീയും തന്റെ മുൻപിൽ തുല്യരാണെന്നു കാണിച്ചു. അനുസരണക്കേടിന്റെ ആദ്യപാപത്തിനു കാരണമായി ആദ്യസ്ത്രീയായ (ഉൽപ്പത്തി 1: 22) ഹവ്വ തന്റെ വംശത്തിനു മാനക്കേട് വരുത്തിവച്ചെങ്കിൽ, രണ്ടാമത്തെ സ്ത്രീയായ (യോഹന്നാൻ 1: 4, 19: 26) മറിയം അനുസരണത്തിലൂടെ നഷ്ടപ്പെട്ട മഹിമ നേടിയെടുത്തു. പിതാവെന്നും പുത്രനെന്നും പരിശുദ്ധ ആത്മാവ് എന്നുമൊക്കെയായി പുരുഷപേരുകളിൽ ബൈബിളിൽ നിറയുന്ന ദൈവം, ഒരു മനുഷ്യസ്ത്രീയിൽ ഏറ്റവും നന്നായി കാണപ്പെട്ടത് മറിയത്തിലാണ്, മറിയത്തിലൂടെയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ദൈവത്തെ ജീവിതത്തിൽ ഏറ്റവും അടുത്ത് അനുഗമിച്ച വ്യക്തിയുടെ പേരാണ് പരി. മറിയം. ചുരുക്കത്തിൽ, ദൈവത്തിന്റെ സ്ത്രീമുഖം ഏറ്റവും വ്യക്തമായി ഒരു മനുഷ്യനിൽ വെളിപ്പെട്ടത് മറിയത്തിലാണന്നു പറയാം.
ലോകപ്രശസ്ത മാസികയായ ‘നാഷണൽ ജിയോഗ്രഫിക്’ വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങൾക്ക് ശേഷം ലോകത്തിലെ ഏറ്റവും ശക്തയും സ്വാധീനവുമുള്ള സ്ത്രീയായി തിരഞ്ഞെടുത്തത് പരി. മറിയത്തെയാണ്.
ആത്‌മീയതയോ ദൈവശാസ്ത്രമോ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല മറിച്, ചരിത്രം, സാമൂഹിക മാറ്റങ്ങൾ, ജനങ്ങളുടെ ഇടയിലെ സ്വാധീനം, കുടുംബങ്ങളിലെ സ്വാധീനം, രാജ്യങ്ങളിലുണ്ടായ ക്രിയാത്‌മകമായ ചലനങ്ങൾ, സന്ദേശങ്ങളുടെ പ്രസക്തി, മറ്റുള്ളവർക്ക് ആശ്രയിക്കാവുന്ന കരുത്തും സ്വാധീനവും ഒക്കെയായിരുന്നു ഈ അന്വേഷണത്തിന്റെയും പഠനത്തിന്റെയും വിഷയങ്ങൾ. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട പ്രത്യേകതകൊണ്ടു മാത്രമല്ല, ഉത്തമ കുടുംബിനി എന്ന നിലയിലും (ലൂക്കാ 2: 16), ഭർത്താവിനോടുള്ള ബഹുമാനത്തിലും (മത്തായി 2: 14, ലൂക്കാ 2: 48) ഭാര്യ-ഭർതൃ ബന്ധത്തിൽ പുലർത്തിയ പരസ്പര യോജിപ്പിലും (മത്തായി 2: 21) പ്രശ്നങ്ങളിൽ കാണിച്ച സമചിത്തതയിലും (ലൂക്കാ 2: 5 – 7, യോഹന്നാൻ 19: 25) കാരുണ്യ മനസ്ഥിതി പ്രദര്ശിപ്പിക്കുന്നതിലും (ലൂക്കാ 1: 39, 56) മക്കളുടെ സംരക്ഷണത്തിലും (ലൂക്കാ 2: 48) ചിതറിപ്പോയവരെ ഒരുമിച്ചു കൂട്ടുന്നതിലുമെല്ലാം (അപ്പ. പ്രവ. 1: 14) ഇന്നും മറിയം മാതൃകയും സ്വാധീനവും പ്രചോദനവുമാണ്.
ഇതിലെല്ലാമുപരി, പരി. മറിയത്തിന്റെ മാതൃഭാവമാണ് എല്ലാവര്ക്കും അവളോട് കൂടുതലായ അടുപ്പം ഉളവാക്കുന്നത്. എത്ര പ്രായമുള്ള ഏതൊരു മനുഷ്യനിലും ഒരിക്കലും പ്രായമാകാത്തതു അവനിലുള്ള ഒരു കുഞ്ഞിന്റെ ഭാവമാണന്നു മനഃശാസ്ത്രം പറയുന്നു. ഒരു കുഞ്ഞിന്റെ മനസ്സോടെ എല്ലാവര്ക്കും ഓടിയണയാവുന്ന സങ്കേതമാണ് മറിയം എന്ന തിരിച്ചറിവ് നൽകുന്ന ആശ്വാസം ചെറുതല്ല. ഈ ഭൂമിയിൽ കാണുന്ന അമ്മമാരേക്കാൾ മറിയം ഒരു പടി കൂടി ഉയരുന്നത് അവൾ ഒരേ സമയം ദൈവത്തിന്റെയും നമ്മുടെയും അമ്മയാണെന്ന കാരണത്താലാണ്. സുരക്ഷിതത്വത്തിന്റെ തണലിൽ തൻ്റെ വീടിനെ നിറുത്താൻ ഒരു കുടുംബനാഥൻ ഒഴുക്കുന്ന വിയർപ്പിനെയും സമർപ്പണത്തെയും ഒട്ടും മറക്കാത്തപ്പോൾത്തന്നെ, ഈ ഭൂമിയിൽ ഏറ്റവും കൂടുതലായി വാഴ്ത്തപ്പെടുന്ന ജീവിതഭാവം ഒരു സ്ത്രീയുടെ മാതൃത്വമാണ്.
ഒരു പുതിയ ജീവനെ ഈ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിൽ പ്രകടമായി കാണുന്ന കനൽ വഴികളെല്ലാം താണ്ടുന്നത് മാതാവാണെന്നതുകൊണ്ടായിരിക്കാമത്. സഹജമായ സൗമ്യ വാസനകൾ കൊണ്ട് ഒരു ഉദാത്ത വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കാനും അമ്മയ്ക്കാണ് കൂടുതലായി സാധിക്കുന്നത്. പറുദീസയിൽ ഹവ്വയ്ക്ക് തെറ്റ് പറ്റിയതിനു കാരണം, അവൾക്കു അപ്പൻ മാത്രമേ (പിതാവായ ദൈവം) ഉണ്ടായിരുന്നുള്ളന്നും ഒരു ‘അമ്മ’ കൂടെ ഉണ്ടായിരുന്നെങ്കിൽ അവൾ വഴി തെറ്റില്ലായിരുന്നെന്നും ഒരു നിരീക്ഷണമുണ്ട്.
എല്ലാം കൊണ്ടും സമ്പന്നമായ ഒരു വീട്ടിൽ ഒരു മകൻ ധൂർത്താനായി പോകാൻ (ലൂക്കാ 15: 11 – 32) ഏക കാരണം ആ വീട്ടിൽ ഒരു ‘അമ്മ’ ഇല്ലാതിരുന്നതുമാണന്നു കരുതുന്നവരുമുണ്ട്. കുഞ്ഞിനെ മാറ്റി നിർത്തി ”അമ്മ” എന്ന കാര്യം ഇല്ലല്ലോ… ഖലീൽ ജിബ്രാൻ പറയുന്നതുപോലെ, ‘ഒരു കുഞ്ഞു ജനിക്കുമ്പോൾ രണ്ടു പേരാണ് പിറവിയെടുക്കുന്നത്… ഒരു അമ്മയും, ഒരു കുഞ്ഞും…’
ഒരു കുഞ്ഞിന് ശാരീരികമായി ജന്മം നൽകണമെന്നോ, ഒരു സ്ത്രീ ആയിരിക്കണമെന്നോ പോലുമില്ല ഒരാൾക്ക് മാതൃമനസ്സിന്റെ ഗുണങ്ങൾ കാണിക്കാൻ.
വി. മദർ തെരേസ ലോകത്തിന്റെ മുഴുവൻ മാതൃസങ്കല്പമായതു മാതൃനിർവിശേഷമായ ജീവിതഗുണത്തിന്റെ പേരിലാണ്.
ന്യൂസിലന്‍റ് പ്രധാനമന്ത്രി ജെസിന്‍ഡാ ആര്‍ഡന്‍ അഭയാര്‍ത്ഥി ക്യാന്പില്‍
ഒരു തീവ്രവാദി ആക്രമണത്തിൽ ഒറ്റ നിമിഷം കൊണ്ട് ചിതറിപ്പോയ ന്യൂസിലാൻഡ് ജനതയെ ചേർത്തുപിടിച്ചത്, തകർന്നുപോയ ആത്മ്മവീര്യത്തെ കൈപിടിച്ചുയർത്തിയത്, മനസ്സുകൊണ്ടും വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും എന്തിന്, വസ്ത്രധാരണം കൊണ്ടുപോലും പൊതിഞ്ഞു പിടിച്ചത് കേവലം മുപ്പത്തൊൻപതു വയസ്സ് മാത്രം പ്രായമുള്ള ജെസിൻഡാ ആർഡൻ എന്ന ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ കരുതലും മാതൃഭാവവുമാണ്. അമ്മമാരുടെ വല്ലായ്മയിൽ കുഞ്ഞിനെ പരിചരിക്കുന്ന അച്ഛനും ഉള്ളത് മാതൃമനസ്സുതന്നെയാണ്. ഇവരുടെയെല്ലാം ജീവിതം ഈ കാലത്തിനു മംഗളവാർത്തകളാണ്.
തളർന്നുറങ്ങുന്ന മറിയത്തിന്റെ അടുത്ത് ഉണ്ണീശോയെ കൈകളിലെടുത്തു പരിചരിക്കുന്ന യൗസേപ്പിതാവിന്റെ ചിത്രം പ്രശസ്തമാണ്.
യു. കെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇന്ന് (മാർച്ച് 31) ലോക മാതൃദിനമായി ആചരിക്കുന്നു. മാതൃത്വത്തിന്റെ മഹനീയത പേറുന്ന എല്ലാ അമ്മമാർക്കും പ്രാർത്ഥനാശംസകൾ! മക്കൾക്കുവേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മാതാപിതാക്കൾക്കും ബിഗ് സല്യൂട്ട്! പ്രത്യേകിച്ചും, ഒറ്റയ്ക്കാക്കേണ്ടി വരുന്ന, മക്കളാൽ ഉപേക്ഷിക്കപ്പെടുന്ന എല്ലാ അമ്മമാർക്കും ദൈവം കൂട്ടുണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
പരി. മാതാവിനോടുള്ള സ്നേഹം ഏറ്റവും നന്നായി കാണിക്കാൻ സാധിക്കുന്നത് സ്വന്തം അമ്മമാരെ സ്നേഹിക്കുന്നതു വഴിയാണെന്ന് മനസ്സിലാക്കാൻ എല്ലാ മക്കൾക്കും സാധിക്കട്ടെ. മാതൃഭാവത്തിന്റെ നന്മകൾ കാണിക്കാൻ എല്ലാവര്ക്കും സ്വർഗീയ അമ്മ പ്രചോദനമരുളട്ടേയെന്ന പ്രാർത്ഥനയോടെ ഈ ആദ്യ കുറിപ്പിന് സമാപനം.
ദൈവമഹത്വത്തിനും പരി. മാതാവിനോടുള്ള ബഹുമാനത്തിനും ഈ പംക്തി ഇടയാക്കട്ടെയെന്ന ആഗ്രഹത്തോടെ, എല്ലാവര്‍ക്കും ദൈവാനുഗ്രഹം നിറഞ്ഞ ഒരു നല്ല ആഴ്ച ആശംസിച്ചുകൊണ്ട്
സ്നേഹപൂർവ്വം,
ഫാ. ബിജു കുന്നയ്ക്കാട്ട്