കത്തോലിക്കാസഭയിലെ ഏറ്റവും പ്രചാരത്തിലുള്ള പ്രാര്‍ത്ഥനകളിലൊന്നാണ് ജപമാല. ദിവസവും കുടുംബപ്രാര്‍ത്ഥനകളിലെ പ്രധാനപ്രാര്‍ത്ഥനയും ഇതുതന്നെയാണല്ലോ.
ജപമാലയ്ക്ക് നാം സവിശേഷമായ സ്ഥാനവും പ്രാധാന്യവും ഒക്ടോബര്‍ മാസത്തില്‍ നല്കുന്നുണ്ടെങ്കിലും ക്രിസ്തുമസ് കാലത്തും അതിനുള്ള പ്രാധാന്യം തെല്ലും കുറയുന്നില്ല. സീസണ്‍ ഓഫ് മേരി എന്നാണ് ആഗമനകാലം അറിയപ്പെടുന്നത് തന്നെ. ബെദ്‌ലഹേമിലേക്കുള്ള മറിയത്തിന്റെ യാത്രയെയാണ് അത് ഓര്‍മ്മപ്പെടുത്തുന്നത്.
അതുകൊണ്ടുതന്നെ ക്രിസ്മസ് കാലത്ത് സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങള്‍ ചൊല്ലി ജപമാല പ്രാര്‍ത്ഥിക്കുന്നത് ഏറെ നന്മകള്‍ക്ക് കാരണമാകുമെന്ന പല ആത്മീയഎഴുത്തുകാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മംഗളവാര്‍ത്ത മുതല്‍ ഉള്ള രഹസ്യങ്ങളാണല്ലോ നാം അവിടെ ധ്യാനിക്കുന്നത്.
ഈ രഹസ്യം ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ ഓരോ ദശകത്തിലേക്കും പോകുന്നതിന് മുമ്പ് ആ രഹസ്യത്തെ ക്കുറിച്ച് ഒരു മിനിറ്റെങ്കിലും മൗനമായി ധ്യാനിച്ചുപ്രാര്‍ത്ഥിക്കണമെന്നും അവര്‍ പറയുന്നു. ഇങ്ങനെ ധ്യാനത്തോടെയുള്ള സന്തോഷത്തിന്‌റെ ദിവ്യരഹസ്യങ്ങള്‍ ചൊല്ലിയുള്ള ജപമാല പ്രാര്‍ത്ഥന നമ്മുടെ ആത്മീയജീവിതത്തിന് കൂടുതല്‍ കരുത്തു നല്കും.
തിരുപ്പിറവിയുടെ സന്തോഷങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിനും അത് സഹായിക്കും.