തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ക്രൈസ്തവ സഭാധ്യക്ഷന്മാര്‍ രംഗത്ത് വരുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു.
എന്നാല്‍ സുപ്രീം കോടതി വിധി വന്നുകഴിഞ്ഞ സാഹചര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വ്യക്തമാക്കി. യാക്കോബായ സഭ അരാജകത്വം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മറ്റ് സഭാ മേലധ്യക്ഷന്മാര്‍ നല്കിയ കത്തിന് താല്പര്യമില്ലെന്ന് അറിയിച്ച് മറുപടി നല്കുമെന്നും അദ്ദേഹം അറിയിച്ചു.
യാക്കോബായ – ഓര്‍ത്തഡോക്‌സ് തര്‍ക്കത്തില്‍ അനുരഞ്ജനശ്രമങ്ങള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ, ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം എന്നിവര്‍ കത്തുകള്‍ അയച്ചിരുന്നു.