Tuesday, December 3, 2024
spot_img
More

    ജീവിതം എപ്പോഴും ലോട്ടറിയല്ല!

    ജീവിതരംഗങ്ങളിൽ പോരാടി ജയിക്കുന്നവരെയും പരാജയപ്പെടുന്നവരെയും നമുക്ക് ചുറ്റും കാണാനാകും. ജയിക്കുന്നവർ പരാജയപ്പെടുന്നവർക്ക് കൈത്താങ്ങാകുന്നതും അവരും വിജയാപടവുകളിലേക്കു കയറിവരുന്നതും സുഖമുള്ള കാഴ്ചയാണ്. എന്നാൽ ചിന്താശൂന്യമായ പ്രവർത്തനങ്ങൾകൊണ്ട് സ്വന്തം ജീവിതത്തെ കശക്കിയെറിയുന്നവരോട് സമൂഹം അത്ര സഹാനുഭൂതി കാട്ടാറില്ല. പ്രത്യേകിച്ചും അത് വ്യക്തിപരമായ കാര്യമെന്നതിലുപരി, സമൂഹത്തിനുകൂടി ദുർമാതൃക നൽകുമ്പോൾ. ഇക്കഴിഞ്ഞയാഴ്ചയിൽ തമിഴ് നാട്ടിൽനിന്നു റോപ്പോർട്ട് ചെയ്യപ്പെട്ട ഒരു വാർത്തയായാണ് ഈ പരാമർശങ്ങൾക്കാധാരം.

    മൂന്നക്കനമ്പർ ലോട്ടറിയെടുക്കുന്നതിൽ ഭ്രമം കയറി, ജോലിചെയ്തു കിട്ടിയ പണമെല്ലാം ലോട്ടറിയെടുത്തു നശിപ്പിച്ച്, ഇപ്പോൾ കടം കയറി മുടിഞ്ഞു നിൽക്കക്കള്ളിയില്ലാതെ, ഭാര്യയ്ക്കും മൂന്നു മക്കൾക്കും വിഷം കൊടുത്തതിനുശേഷം സ്വയം വിഷം കഴിച്ചു മരിച്ച തമിഴ് നാട്ടുകാരനായ എം. അരുണിനെയും കുടുംബത്തെയും കുറിച്ചാണ് ആ വാർത്ത. എല്ലാത്തരം ലോട്ടറികൾക്കും നിരോധനമുള്ള നാടാണ് തമിഴ് നാട്. എന്നിട്ടും ലോട്ടറിയുടെ ഭാഗ്യപരീക്ഷണത്തിനു മുതിർന്ന അരുൺ, എന്നെങ്കിലും ഒരു സുപ്രഭാതം തന്നെ വൻ സമ്പന്നനാകുമെന്ന് മൂഢസ്വപ്നം കണ്ടു. ഒടുവിൽ അത് അവൻ്റെ ജീവൻ തന്നെയെടുത്തു. വൈകിയുദിച്ച വിവേകത്തിൽ, മരണത്തിനുതൊട്ടുമുൻപ് പകർത്തിയ വീഡിയോയിൽ അരുണിന് ലോകത്തോട് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, തൻ്റെ ജീവിതം നശിപ്പിച്ച മൂന്നക്കലോട്ടറി നിരോധിക്കണം, ലോട്ടറിക്കെതിരെ നിയമനടപടിയെടുക്കണം!

    സത്യത്തിൽ, ആരാണ് ഇവിടെ കുറ്റക്കാർ? ലോട്ടറി നടത്തുന്നവരോ അതോ, ഒരു വീണ്ടുവിചാരവുമില്ലാതെ തൻ്റെ ഭാവനാലോകത്തു നടന്നിരുന്ന അരുണോ? ഈ ലോകത്തിൽ, ഒരാൾക്ക് വളരാനും നശിക്കാനുമുള്ള സാധ്യതകൾ ഒരുപോലുണ്ട്. അതിൽ ഏതു വേണമെന്ന് കണ്ടെത്തി, ഓരോന്നിന്റേയും ഗുണദോഷങ്ങൾ മനസ്സിലാക്കി വേണ്ടവിധം പ്രയോജനപ്പെടുത്തേണ്ട വിവേകത്തിനുപകരം, സമൂഹത്തിലെ തിന്മയെ കുറ്റം പറഞ്ഞതുകൊണ്ടുമാത്രം പ്രശ്നം തീരില്ല. മദ്യപാനവും പുകവലിയും ആരോഗ്യവും സമാധാനവും സമ്പത്തും നശിപ്പിക്കുമെന്ന് എല്ലാവര്ക്കും അറിയാകുമ്പോൾത്തന്നെ, അത് നമ്മുടെ സമൂഹത്തിൽ ലഭ്യമാണ്. അവയുടെ അപകടം മനസ്സിലാക്കി അതിൽനിന്നു മാറിനിൽക്കാനുള്ള വിവേകമാണ് വേണ്ടത്. ഇവയൊക്കെ നിർബന്ധമായും ഉപയോഗിച്ചിരിക്കണമെന്നു ആരും നിർബന്ധിക്കുന്നില്ലല്ലോ? ഇതെല്ലം അറിഞ്ഞുകൊണ്ട് ഉപയോഗിക്കുന്നവർ അവയുടെ ഫലം സ്വീകരിക്കാനും ബാധ്യസ്ഥരാണ്. പ്രാഥമികകുറ്റം, അരുണിൻറെതുതന്നെ. 
    ജീവിതത്തിന്റെ പ്രധാനലക്ഷ്യം മറന്നുപോയി എന്നതാണ് അരുണിന്റെ പ്രധാന പ്രശ്നം. നല്ല വരുമാനമുള്ള സ്വര്ണപ്പണിയിലൂടെ കിട്ടുന്ന പണം കൊണ്ട് താൻ ഒരു കുടുംബം പുലർത്തേണ്ടവനാണെന്നുള്ള സുപ്രധാനലക്ഷ്യം മറന്നു, കിട്ടിയ പണമെല്ലാം, ഒരു ദിവസം വൻ പണക്കാരനാകാൻ സാധിക്കുമെന്ന മൂഡസ്വർഗ്ഗത്തിൽ ജീവിച്ചപ്പോൾ, തന്നെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബാങ്ങങ്ങളെക്കൂടി അവൻ മറന്നു. അവരുടെ ജീവിതം മുൻപോട്ടു പോകാനുള്ള വഴികൂടിയാണ്, അരുണിന്റെ ലോട്ടറിഭ്രമം തകർത്തത്. 

    ജീവിതത്തിൽ ഓരോ കാര്യങ്ങൾക്കും കൊടുക്കേണ്ട മുൻഗണനാക്രമം പ്രധാനപ്പെട്ടതാണ്. കുടുംബനാഥൻ എന്നനിലയ്ക്ക് കാണേണ്ട പല കാര്യങ്ങളും കാണാതെയും പരിഗണിക്കാതെയും സ്വന്തം ഭാവനാലോകത്തിന്റെ പുറകേപോയപ്പോൾ അരുണിൻറെ ജീവിതലക്ഷ്യങ്ങളുടെ ക്രമം കീഴ്മേൽ മറിഞ്ഞു. വെറുമൊരു നേരമ്പോക്കിനോ വല്ലപ്പോഴുമുള്ള ഭാഗ്യപരീക്ഷണത്തിനോ മാത്രമാവേണ്ട ലോട്ടറിയെ എല്ലാം മറന്നു പ്രണയിച്ചപ്പോൾ, അവന്റെ ജീവിതവും കുടുംബവും കയ്യിൽനിന്നു വഴുതിപ്പോകുന്നത് അവൻ അറിഞ്ഞില്ല. വിദ്യാഭ്യാസകാലത്ത്, ഒരു കുട്ടിയുടെ പ്രധാന ലക്ഷം പഠനമാവണം, യൗവനത്തിൽ നന്നായി ജോലിചെയ്യുന്നതിലും കുടുംബജീവിതകടമകൾ നിര്വഹിക്കുന്നതിലും ശ്രദ്ധ വേണം. കായികരംഗത്തോ, കലാരംഗത്തോ കഴിവുതെളിയിച്ചവർ മുഴുവൻ സമയം അതിൽ ചിലവിടുന്നതുകണ്ട്, ബാക്കിയെല്ലാവരും ഒരു വിദ്യാർത്ഥി അത് സ്വന്തം ജീവിതത്തിൽ പകർത്തിയാൽ ശരിയാവില്ല. ഓരോ കാര്യത്തിലും, അത് ചെയ്യുന്ന ആളും, സാഹചര്യവും, ചെയ്യുന്ന കാര്യത്തിന്റെ പ്രാധാന്യവുമെല്ലാം വ്യത്യസ്തമായിരിക്കും. വേണ്ടത്, വേണ്ട സമയത്തു ചെയ്യാനുള്ള വിവേകമാണ് അഭികാമ്യം.  
    അരുണിന്റെ ജീവിതം എല്ലാവര്ക്കും. പാഠമാണ്. ജീവിതം ചിലപ്പോള് കയ്യിൽനിന്നും നഷ്ടപ്പെട്ടുപോകുന്നതോ, നേടിയെടുക്കുന്നതോ ഒറ്റ നിമിഷം കൊണ്ടല്ല. ലോട്ടറിയെടുത്തുകൊണ്ടിരുന്ന ഓരോ അവസരത്തിലും പണം നഷ്ടപ്പെട്ടത് അല്പാല്പമായാണ്. ഓരോ തവണയും അതൊരു നഷ്ടമാണെന്ന് അവനു തോന്നിയില്ല. പക്ഷെ, പല തവണയായപ്പോൾ അതൊരു വലിയ സംഖ്യയായിരുന്നു, മറ്റെന്തെങ്കിലും കാര്യത്തിനുപയോഗിക്കാൻ പറ്റിയ ഒരു വലിയ തുക. ജീവിതം നേടിയെടുക്കുന്നവരുടെ കാര്യവും ഇങ്ങനെ തന്നെ. ആർക്കും സ്ഥിരമായി ലോട്ടറിയടിച്ചു ജീവിതം നേടിയെടുക്കാനാവില്ല. കിട്ടുന്ന ഓരോ ചെറിയ അവസരങ്ങളെയും ചെറിയ ലോട്ടറികളായി കാണുന്നവർ അവയെ ഒരുമിച്ചുചേർത്തു, ജീവിതവിജയം എന്ന വലിയ ലോട്ടറി നേടുന്നവരാകും. അങ്ങനെ നോക്കിയാൽ, മനസ്സുവയ്ക്കുന്നവർക്ക്, ഒരു ജീവിതവിജയത്തിന്റെ ലോട്ടറി സ്വന്തമായി ഉണ്ടാക്കിയയെടുക്കാനാകും. ബിൽ ഗേറ്റസിന്റെ വാക്കുകൾ പ്രസക്തം: ” നിങ്ങൾ പാവപ്പെട്ടവനായി ജനിക്കുന്നെങ്കിൽ അത് നിങ്ങളുടെ കുറ്റമല്ല, എന്നാൽ നിങ്ങൾ പാവപ്പെട്ടവനായി നരിക്കുന്നെങ്കിൽ അത് നിങ്ങളുടെ മാത്രം കുറ്റമാണ്!”

    കിട്ടാൻ യാതൊരു സാധ്യതയുമില്ലാത്ത ലോട്ടറിസൗഭാഗങ്ങളുടെ സ്വപ്നലോകത്തുകണ്ണും നട്ടിരിക്കാതെ, ദൈവദാനമായ കഴിവുകളും ആരോഗ്യവും സമയോചിതമായി ഉപയോഗിച്ച്, ജീവിതം ഒരു വിജയവും സൗഭാഗ്യവുമാക്കിയെടുക്കാൻ ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ. ‘നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കാൻ കല്പിച്ച ദൈവത്തിൻറെ കല്പനയും അത് പ്രാവർത്തികമാക്കാനുള്ള പ്രായോഗിക വിവേകവും എല്ലാവര്ക്കുണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെ, 

    നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂർവ്വം ആശംസിക്കുന്നു.

    ഫാ. ബിജു കുന്നയ്ക്കാട്ട് 

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!