എന്നും വൈകുന്നേരം സ്‌കൂൾ വിട്ടു വീട്ടിലേക്കു വരുന്ന അവനെയും കാത്തതെന്നത് പോലെയാണ് ‘അമ്മു’ എന്ന് പേരുള്ള ആ കൊച്ചു ആട്ടിൻകുട്ടി വരമ്പുകളിലെ പുല്ലും ചവച്ചു കൊണ്ട് നിന്നിരുന്നത്. ഇടയ്ക്ക് ആരെയോ തേടുന്നത് പോലെ അതിങ്ങനെ തല ഉയർത്തി നോക്കുന്നത് കണ്ടാൽ കാത്തിരിപ്പിന്റെ ഭാവം വളരെ വ്യക്തമായിരുന്നു.
“അമ്മൂ” എന്നുള്ള ആ നീട്ടിവിളി കാതിലെത്തേണ്ട താമസം സപ്തസ്വരങ്ങളിലും ആ മൃഗം അവനായി മറുപടി കൊടുക്കുമായിരുന്നു. മൈക്കൽ ജാക്സൺ തോറ്റു പോകുന്ന ചുവടു മാറ്റങ്ങൾ കൊണ്ട് ആ ജീവി അവനു ചുറ്റും സന്തോഷം പ്രകടമാക്കിയിരുന്നു.
സ്‌കൂൾ വിട്ടു വീട്ടിലേക്കു വരുന്ന അവന്റെ തോളിൽ ബാഗും നെഞ്ചിൽ അവന്റെ പ്രിയപ്പെട്ട ആട്ടിൻ കുട്ടിയും ഉണ്ടാകുമായിരുന്നു. ഒന്ന് രണ്ടു വര്ഷങ്ങള്ക്കു ശേഷം കടന്നു വന്ന ക്രിസ്മസിന് ഒരുക്കമായിട്ട് വന്നു കയറിയ അതിഥികൾക്ക് വിരുന്നൊരുക്കാൻ ആറ്റുനോറ്റ് വളർത്തിയ ആടിന്റെ കഴുത്തിൽ കത്തി വെക്കാൻ നേരം ആ വീട്ടുകാരുടെ ഉള്ളിലും പ്രയാസം ഉണ്ടായിരുന്നു.
പക്ഷെ ‘കൊന്നാൽ പാപം തിന്നാൽ തീരും’ എന്ന പഴംചൊല്ലിനെ പിൻപറ്റി കാരണവന്മാർ ചെയ്ത ആ കളങ്കത്തെ ഉൾകൊള്ളാൻ അവന്റെ പിഞ്ചു ഹൃദയത്തിനാകുമായിരുന്നില്ല. വിരുന്നു മേശയിലേക്ക് വിളമ്പപ്പെട്ട ഒരു കറിപാത്രത്തിലെ ജലത്തിൽ വീണു മരിച്ചു അവന്റെ ചിരിയും സ്വരവുമെല്ലാം. “ആട് ചത്തതിന്റെ സങ്കടം കൊണ്ട് പട്ടിണി കിടക്കുന്ന പോഴൻ” എന്ന ആരോപണം കൊണ്ട് മുതിർന്നവർ നിഷ്കളങ്കതയുടെ ചെകിട്ടത്തടിച്ചു.
‘പിള്ളേരുടെ സങ്കടമൊക്കെ രണ്ടു ദിവസം കഴിയുമ്പോൾ മാറിക്കോളും ‘ എന്ന ആശ്വാസ വാക്കിനേക്കാൾ മൃദുലമായിരുന്നു ആ വീടിന്റെ തേപ്പു പൂർത്തിയാകാത്ത ഭിത്തി. ക്രിസ്തു ജനിച്ചതിന്റെ പേരിൽ വിളമ്പപ്പെട്ട വിരുന്നിന്റെ വിഭവങ്ങളുടെ ചില്ലുപാത്രങ്ങളിലേക്കു ഒരു കൊച്ചു കുഞ്ഞിന്റെ കണ്ണീരു ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. കരഞ്ഞു തീർത്തൊരു ക്രിസ്മസ് ആയിരുന്നു അത്. അലങ്കരിക്കപ്പെട്ട പുൽക്കൂടിനെക്കാൾ അവന്റെ കണ്ണിൽ കെടാതെ തെളിഞ്ഞത് ശൂന്യമായി കിടക്കുന്ന ഒരു ചെറു തൊഴുത്തും മൂലയിൽ പച്ച നിറം മങ്ങാതെ കെടന്നിരുന്ന ഒരു കെട്ട് പ്ലാവിലകളുമായിരുന്നു.
അന്ന് മുതൽ പിന്നീടങ്ങോട്ട് ഒരു വിരുന്നു മേശയിൽ നിന്നും ആട്ടിറച്ചി കഴിക്കാൻ അവനായിട്ടില്ല. ഉള്ളിലെവിടെയോ ഒരു സ്വരം…വരമ്പിലിരുന്നു ഇടറിക്കരയുന്ന ഒരു കുഞ്ഞാടിന്റെ…തൊഴുത്തിൽ ഇങ്ങനെ തൂങ്ങിയാടുന്ന പ്ലാവിലക്കൂട്ടം!തൊഴുത്തിൽ നിൽക്കുന്ന മൂന്നാളുകളിലേക്കും തൊഴാൻ നിൽക്കുന്ന മൂന്നാളുകളിലേക്കും…
മുകളിൽ നിൽക്കുന്ന മാലാഖമാരിലേക്കും മഞ്ഞിൽ നിൽക്കുന്ന മനുഷ്യരിലേക്കും മാത്രമായി നമ്മുടെയൊക്കെ നോട്ടം തീരുമ്പോൾ, ക്രിസ്മസ് രാത്രിയിൽ ഒരാളുടെ പോലും നോട്ടം കിട്ടാതെ ആകാശത്തിന്റെ വരമ്പുകളിൽ എവിടെയോ തനിച്ചിരുന്നു തേങ്ങുന്ന ഒരു മനുഷ്യനുണ്ട്. പെസഹാ മേശയിലേക്കു വിരുന്നാകാനുള്ള ആട്ടിൻകുഞ്ഞിനെ തൊഴുത്തിലേക്കു അയക്കേണ്ടി വന്ന ഒരു വലിയ ഇടയൻ. ഊനമറ്റ കുഞ്ഞാടിനെ കണക്ക് പ്രിയപുത്രനെ ബലീ കൊടുക്കാൻ തീരുമാനിച്ച ആ രാത്രിയിൽ മേഘങ്ങളുടെ വിളുമ്പിലിരുന്നു മുഖം പൊത്തി കരഞ്ഞ ഒരപ്പൻ!
ഈറ്റുനോവനുഭവിക്കുന്ന ഒരു പെണ്ണിനെ പോലെ പ്രാണൻ പിടയുന്ന പ്രസവ വേദന അറിഞ്ഞ പ്രപഞ്ചത്തിലെ ആദ്യ പുരുഷനാണ് പിതാവായ ദൈവം. കാലിത്തൊഴുത്തിലെ കുഞ്ഞിനെ നോക്കി മാലാഖമാർ മംഗളഗാനം പാടുന്നത് കേട്ട് കണ്ണ് കലങ്ങിയ ഒരേ ഒരു മനുഷ്യൻ. അത്രമേൽ പ്രിയം നിറഞ്ഞ മകനെ പ്രപഞ്ചത്തിലേക്കു അയക്കുന്നത് പീഡകളുടെ പാനപാത്രം വറ്റോളം കുടിച്ചു തീർക്കാനാണ് എന്നറിയാവുന്ന ആ അപ്പന് എങ്ങനെ ആ ഇരവിൽ സന്തോഷിക്കാനാകും?
പ്രസവ വേദനയുടെ ചൂടാറിയ മറിയം ഉടലിന്റെ ശാന്തതയിലേക്കും കാവലിന്റെ ക്ഷീണമകന്ന യൗസേഫ് നിദ്രയുടെ തീരത്തേക്കും രക്ഷകന്റെ പിറവി കണ്ട ഇടയർ ആനന്ദത്തിന്റെ ചുവടുകളിലേക്കും നക്ഷത്രത്തിന്റെ പ്രഭ കണ്ട പൂജരാജാക്കൾ പ്രത്യാശയുടെ പകലിലേക്കും നടന്നു നീങ്ങുമ്പോൾ മൂന്ന് പതിറ്റാണ്ടു ശേഷം പിടഞ്ഞു മരിക്കാൻ പോകുന്ന മകന്റെ മൂകഭാവങ്ങൾ മുൻകൂട്ടി കാണുന്ന ആ അപ്പൻ മാത്രം ക്രിസ്മസ് രാത്രിയിൽ കരയുന്നുണ്ട്. ഭൂമിയിലെ ചില ആളുകൾ അങ്ങനെയാണ്…
ആർക്കൊക്കെയോ പൊട്ടിച്ചിരിക്കാൻ വേണ്ടി ഇരുട്ടത്ത് മാറി നിന്ന് പൊട്ടി കരയുന്നവർ. അടിവയറു പൊത്തി കരയുന്ന ഒരു പെണ്ണിന്റെ സ്വരം ഒരു കുഞ്ഞിന്റെ ചിരിയായി മാറുന്നത് പോലെ.. മക്കളിലാർക്കും വിശക്കാതിരിക്കാൻ വേണ്ടി ഉടുമുണ്ടോരൽപ്പം വലിച്ചു മുറുക്കുന്ന ചില കാരണവന്മാരെ പോലെ ! വഴിയിൽ ആരും തളർന്നു വീഴാതിരിക്കാൻ ആരോ ഉയർത്തി വച്ച അത്താണി പോലെ ചില മനുഷ്യർ.
ആരോ ഇന്ന് തണലത്തിരിക്കുന്നത് പണ്ടാരോ ഒരു തണൽമരം നട്ടത് കൊണ്ടല്ലേ. അല്ലെങ്കിലും നമ്മുടെയൊക്കെ അടിസ്ഥാനപരമായ ചില സന്തോഷങ്ങളുടെ ആദ്യകാരണക്കാരെ നാം പൊതുവെ അറിയാറുമില്ല തേടാറുമില്ല. അരി ഭക്ഷണം കഴിക്കുന്നവർ ആരേലും നിലമുഴുതവനെ പറ്റി നിനയ്ക്കാറുണ്ടോ? പെരതാമസത്തിന്റെ പാല് പതച്ചുയരുമ്പോൾ പണിക്കാരെ ആരെയെങ്കിലുമോർക്കാറുണ്ടോ? വലിഞ്ഞു മുറുകിയിരിക്കുന്ന വയറു ചിന്നിച്ചിതറാതെ കാത്തു, ചുവന്ന ജലത്തിന്റെ ഉറവയായ പെണ്ണിനേയും ചോരയിലൊലിച്ചു വരുന്ന കുഞ്ഞിനേയും പരിക്ക് പറ്റാതെ പുറത്തെടുക്കുന്ന വൈദ്യ-വയറ്റാട്ടിമാരെയൊക്കെ പിന്നീട് ആരന്ന്വേഷിക്കാനാണ്?
ഒന്നും ആരുടേയും അപരാധമല്ല. ചില ആളുകൾ അങ്ങനെയാണ്, സ്നാപകനെ പോലെ…ആർക്കോ വഴി നടക്കാൻ വേണ്ടി നിലമൊരുക്കിടുന്നവർ മാത്രമാണവർ. പക്ഷെ മനുഷ്യരാൽ വിസ്മരിക്കപെടുന്ന അത്തരത്തിലുള്ള ആളുകളുടെ തിരുനെറ്റിയിൽ സ്വർഗം ഇങ്ങനെ അടയാളപ്പെടുത്തും ‘സ്ത്രീകളിൽ നിന്ന് പിറന്നവരിൽ ഇവരേക്കാൾ വലിയവർ ആയി മറ്റാരുമില്ല”.
ഫാ. നിബിന്‍ കുരിശിങ്കല്‍