Saturday, November 2, 2024
spot_img
More

    ഇതാ, നമുക്കായി ഒരു രക്ഷകൻ!



    “ഭയപ്പെടേണ്ട, ഇതാ, സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്‌വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു” (ലൂക്കാ 2: 10)

    കണ്ണിനും കരളിനും കുളിർമ പകർന്ന് ഒരു ക്രിസ്തുമസ് ദിനം കൂടി തൊട്ടടുത്ത്. യേശുക്രിസ്തുവിനെ ദൈവമായിക്കണ്ട് ഹൃദയത്തിൽ സ്തുതിയും ചുണ്ടുകളിൽ ഹല്ലേലുയ്യായും പാടുന്ന ഒരു മതവിശ്വാസത്തിനുമാത്രമല്ല, ലോകം മുഴുവനും ഇത് സന്തോഷത്തിൻറെയും പ്രത്യാശയുടെയും വിശുദ്ധനാളാണ്. കാരണം, ക്രിസ്തു ഈ ലോകത്തിൽ മനുഷ്യജന്മമെടുത്തത് ‘സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാർത്തയാകാനാണ്’. 

    നാട്ടിൻപുറങ്ങളും നഗരവഴികളും ‘ദാവീദിൻ പട്ടണം പോലെ’ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ഇറ്റു വീഴുന്ന നേർത്ത മഞ്ഞിൻകങ്ങളിൽത്തട്ടി വഴിയോര അലങ്കാരങ്ങളുടെ പ്രകാശം കൂടുതൽ പൊലിമയുള്ളതായിരിക്കുന്നു. ദേവാലയങ്ങളിലും വീടുകളിലുമെല്ലാം ഡിസംബർ മാസത്തിൻറെ തുടക്കത്തിൽത്തന്നെ ക്രിസ്തുമസ് ട്രീകളും പുൽക്കൂടുകളും സ്ഥാനം പിടിച്ചു കഴിഞ്ഞു. ക്രിസ്തുമസ് പാർട്ടികളും, കേക്കുകളും മധുരപലഹാരങ്ങളും വരാൻപോകുന്ന ആ വലിയ ദിവസത്തിൻറെ ഓർമ്മകൾ വീണ്ടും വീണ്ടും മനസ്സിലേക്ക് കൊണ്ടുവരുന്നു. അതെ, മഞ്ഞിൻറെ തണുപ്പുകൊണ്ട് ഭൂമി തണുത്തുകിടക്കുമ്പോഴും ഉള്ളിൽ ഒരുങ്ങിയ സ്നേഹത്തിന്റെയും പ്രാർത്ഥനയുടയും പുൽക്കൂടിന്റെ ഇളം ചൂടിലേക്ക് ദൈവം ഒരു കുഞ്ഞായി വന്നു പിറക്കുന്നു. ഏവർക്കും തിരുപ്പിറവിയുടെ പ്രാർത്ഥനകളും ആശംസകളും. 

    യേശുനാഥൻ രണ്ടായിരം വർഷങ്ങൾക്കപ്പുറത്തു പിറന്ന സമയത്ത് ലോകം സ്വസ്ഥമായിരുന്നില്ല. അവന്റെ ജനനത്തിൽ രാജാക്കന്മാർ ആധിയിലായി, നിരവധി കുഞ്ഞുങ്ങൾ അവന്റെ പേരിൽ വധിക്കപ്പെട്ടു, മതനേതാക്കളും ജനപ്രമാണികളും അസ്വസ്ഥരായി… ഒരു ജനസംഖ്യാകണക്കെടുപ്പിൻ്റെ ബഹളങ്ങൾ വേറെ. ദാവീദിൻറെ സിംഹാസനത്തിലിരിക്കാനും യാക്കോബിൻറെ ഭാവനത്തിന്മേൽ ഭരണം നടത്താനും ഒരിക്കലും അവസാനിക്കാത്ത രാജ്യം ഉണ്ടാക്കാനും (ലൂക്കാ, 1: 32 – 33) വന്നവന്‍റെ പിറവിയിൽ തിന്മയുടെ ശക്തികൾക്ക് ഇളക്കമുണ്ടായി. ഇത്തവണ ലോകം യേശുക്രിസ്‌തുവിന്റെ പിറന്നാളിനൊരുങ്ങുമ്പോഴും സമാനസാഹചര്യങ്ങളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു: അമേരിക്കൻ പ്രസിഡന്റ് നേരിടുന്ന ആധികാരികതയുടെ ചോദ്യങ്ങളും മുൻ പാക് പ്രസിഡന്റ് നേരിടുന്ന വധശിക്ഷയുടെ വിധിന്യായവും ഇന്ത്യയിലെ പൗരത്വപട്ടികയിലെ പേരുചേർക്കൽ ബഹളങ്ങളും. ആകെ കലങ്ങിമറിയുന്ന ലോകസാഹചര്യത്തിൽ, അവസാനമില്ലാത്ത സമാധാനരാജ്യം സൃഷ്ടിക്കാൻ വന്ന ഈശോ തരുന്ന ശാന്തിക്കും അവന്റെ ജനനനത്തിനും പ്രസക്തിയേറെയാണ്.  

    യേശുക്രിസ്തുവിന്റെ ജനനത്തിൽ മാലാഖമാർ വാനിൽ പാടി: “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം”. ഉന്നതങ്ങളിലിരുന്ന് ഈ ലോകത്തെ മുഴുവൻ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ദൈവത്തിന് നാം യഥാർത്ഥത്തിൽ മഹത്വം കൊടുക്കുന്നത്, ഇങ്ങു താഴെ, ഭൂമിയിൽ മനുഷ്യർ സമാധാനത്തോടെ ജീവിക്കുമ്പോഴാണ്. ഈ സമാധാനം കിട്ടുന്നതോ, ഓരോരുത്തരുടെ ഉള്ളിലും സന്മനസ്സ് (നല്ല മനസ്സ്) ഉണ്ടാകുമ്പോഴും. നല്ല മനസ്സ് ഉണ്ടാകണമെങ്കിൽ, നന്മയുടെ അവതാരവും ഉറവിടവുമായ ഈശോ ആ മനസ്സിൽ വേണം. അതുകൊണ്ടുതന്നെ, ഈശോ മനസ്സിൽ വരുന്നതും, അതുവഴി സന്മനസ്സിലും സമാധാനത്തിലും ജീവിക്കുന്നതിലും അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തുന്നതുമാണ്, തന്റെ മനുഷ്യാവതാരത്തിലൂടെ ദൈവം ഈ ലോകത്തിനു നൽകാനാഗ്രഹിച്ച കാര്യം. 

    സകല ജനത്തിനും വേണ്ടി ജനിച്ചവന്റെ പേരിൽ നമുക്ക് ഒരുമിക്കാം. നമ്മുടെയിടയിൽ വ്യത്യാസങ്ങളല്ല, വേർതിരിവുകളും വിഭാഗീയതകളുമാണ് മാറ്റേണ്ടത്. “Differences are divine, but divisions are diabolic” എന്ന് പറയാറുണ്ടല്ലോ. ദൈവത്തിൽ (Trinity) പോലും മൂന്നു ആളുകളുണ്ടല്ലോ, അതുകൊണ്ടു നമ്മുടെ വ്യതാസങ്ങൾ പ്രശ്നമല്ല, വിഭാഗീയത പരത്തുന്ന പ്രവർത്തങ്ങളാണ് മാറേണ്ടത്. പല നിറത്തിലുള്ള പൂക്കളാൽ മനോഹരമായ പൂന്തോട്ടം പോലെ, തോട്ടക്കാരനായ ആ സ്നേഹനാഥൻറെ സമാധാനരാജ്യത്തിൽ നമുക്കൊന്നായിരിക്കാം. 

    ഡിസംബർ മാസത്തെക്കുറിച്ചു ഇങ്ങനെ പറയാറുണ്ട്: “ദൈവത്തിന് അല്പം മനുഷ്യത്വവും മനുഷ്യന് അല്പം ദൈവത്വവും കിട്ടിയ മാസമാണ് ഡിസംബർ”. ക്രിസ്തുമസിനെ സൂചിപ്പിച്ചാണിത് പറയുന്നതെന്ന് നമുക്കറിയാം. നമ്മിൽ ദൈവത്വവും ദൈവിക ഗുണങ്ങളും വന്നുചേരാൻ  ഈ ക്രിസ്തുമസ് സഹായിക്കട്ടെ. അതിനു സാധിച്ചില്ലെങ്കിൽ  കുറച്ചുകൂടിയെങ്കിലും മനുഷ്യത്വം വളരാൻ ഇടയായാലും ഈ ക്രിസ്തുമസ് അർത്ഥപൂർണ്ണമാകും. പുൽക്കൂട്ടിൽ പിറന്ന ദൈവകുമാരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്ന

    പ്രാർത്ഥനയോടെ,   സ്നേഹപൂർവ്വം, 

    ഫാ. ബിജു കുന്നയ്ക്കാട്ട് 

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!